Breaking News
Home / Latest News / പത്ത് സിനിമ ചെയ്യുന്നതിനേക്കാള്‍ സന്തോഷമായിരുന്നു ആ ദൗത്യം തന്നത് മനസ്സുതുറന്ന് സംവിധായകന്‍

പത്ത് സിനിമ ചെയ്യുന്നതിനേക്കാള്‍ സന്തോഷമായിരുന്നു ആ ദൗത്യം തന്നത് മനസ്സുതുറന്ന് സംവിധായകന്‍

മമ്മൂട്ടിയുമായുള്ള അടുപ്പത്തെക്കുറിച്ച് തുറന്നുപറയുകയാണ് സംവിധായകന്‍ അജയ് വാസുദേവ്. മമ്മൂട്ടി സിനിമകള്‍ കണ്ടാണ് താന്‍ വളര്‍ന്നതെന്നും പിന്നീട് അത് അദ്ദേഹത്തോടുള്ള ആരാധനയായി പടര്‍ന്നിറങ്ങുകയായിരുന്നുവെന്നും അജയ് പറയുന്നു.

തൊമ്മനും മക്കളും എന്ന ചിത്രത്തില്‍ സംവിധായകന്‍ ഷാഫിയുടെ സഹസംവിധായകനായപ്പോഴാണ് മമ്മൂട്ടിയെ ആദ്യമായി കാണുന്നതെന്നും അജയ് പറയുന്നു. ‘തൊമ്മനും മക്കളിന്റെ ലൊക്കേഷനില്‍ വെച്ചാണ് ആദ്യമായി ഞാന്‍ മമ്മൂക്കയെ കാണുന്നത്. അദ്ദേഹം കാറില്‍ വന്നിറങ്ങിയ ആ ദിവസം ഇന്നുമെന്റെ മനസ്സില്‍ മായാതെ കിടപ്പുണ്ട്.

ആ ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ചാണ് മമ്മൂക്ക അദ്ദേഹം കൊണ്ടുവന്ന ഹാന്റിക്കാം എന്നെ ഏല്‍പ്പിച്ച് അതില്‍ അഭിനയിച്ചുകൊണ്ടിരുന്നവരുടെ എല്ലാം അനുഭവങ്ങള്‍ പകര്‍ത്താന്‍ പറഞ്ഞത്. പത്ത് സിനിമ ചെയ്യുന്നതിനേക്കാളും സന്തോഷമായിരുന്നു ആ ദൗത്യം അദ്ദേഹം എന്നെ ഏല്‍പ്പിച്ചപ്പോള്‍ തോന്നിയത്.

തൊമ്മനും മക്കളിനും ശേഷം മമ്മൂക്കയുടെ നിരവധി സിനിമകളില്‍ അസിസ്റ്റന്റ് ഡയറക്ടറാകാനുള്ള ഭാഗ്യം എനിക്കുണ്ടായി,’ അജയ് വാസുദേവ് പറഞ്ഞു. മമ്മൂട്ടിയെ നായകനാക്കി രാജാധിരാജ എന്ന ചിത്രം താന്‍ സംവിധാനം ചെയ്തതിനെക്കുറിച്ചും അജയ് പങ്കുവെച്ചു.

‘ഒരു അസിസ്റ്റന്റ് ഡയറക്ടറെ സംബന്ധിച്ചിടത്തോളം അയാളുടെ അടുത്ത കടമ്പ സ്വന്തമായൊരു സിനിമയാണ്. ഈ ആഗ്രഹം തുറന്നു പറയുമ്പോള്‍ തിരക്കഥാകൃത്തായ ഉദയേട്ടന്‍ എന്നോട് ചോദിച്ചത് ‘മമ്മൂക്കയുടെ ചിത്രമാണോടാ’ എന്നായിരുന്നു.

സത്യത്തില്‍ അതുതന്നെയായിരുന്നു എന്റെ സ്വപ്നവും ആഗ്രഹവും. സിബി-ഉദയന്മാര്‍ എഴുതിത്തരാമെന്ന് ഏറ്റു. ഈയൊരു ആവശ്യവുമായി മമ്മൂക്കയെ കാണാന്‍ ചെന്നു. ‘തിരക്കഥ നിന്റെയാണോടാ’ എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചോദ്യം. സിബി-ഉദയന്മാരുടെതാണെന്ന് അറിഞ്ഞപ്പോള്‍ എഴുതിക്കൊള്ളാന്‍ പറഞ്ഞു.

ഒരു തുടക്കക്കാരനെന്ന നിലയില്‍ അതും എനിക്ക് കിട്ടിയ സൗഭാഗ്യങ്ങളിലൊന്നായിരുന്നു,’ അജയ് പറയുന്നു.
ഇന്നും മമ്മൂക്കയുടെ വീട്ടില്‍ പോകണമെങ്കില്‍ ആവേശത്തോടെ ഇറങ്ങി പുറപ്പെടുമെന്നും പക്ഷേ ആ വീടിനടുത്തെത്തുമ്പോഴേക്കും തന്റെ ചങ്ക് പിടയ്ക്കാന്‍ തുടങ്ങുമെന്നും അജയ് കൂട്ടിച്ചേര്‍ത്തു.

About Intensive Promo

Leave a Reply

Your email address will not be published.