Breaking News
Home / Latest News / പ്രിയപ്പെട്ടവൻ ജീവശ്വാസത്തിനായി പിടഞ്ഞപ്പോൾ അത് പകർന്നു നൽകിയ ഭാര്യ

പ്രിയപ്പെട്ടവൻ ജീവശ്വാസത്തിനായി പിടഞ്ഞപ്പോൾ അത് പകർന്നു നൽകിയ ഭാര്യ

പ്രിയപ്പെട്ടവൻ ജീവശ്വാസത്തിനായി പിടഞ്ഞപ്പോൾ അത് പകർന്നു നൽകിയ ഭാര്യയുടെ ചിത്രം ഇന്നും നാടിന്റെ വിങ്ങലായി അവശേഷിക്കുന്നു. തലസ്ഥാനത്തുൾപ്പെടെ ജനങ്ങൾ ജീവശ്വാസത്തിനായി കേഴുന്ന കാഴ്ചകൾ കണ്ട് രാജ്യം ഞെട്ടിത്തരിച്ചിരിക്കുമ്പോഴാണ് ആ കാഴ്ച കണ്ടത്.

ആഗ്ര മെഡിക്കൽ കോളജിന്റെ മുറ്റത്തായിരുന്നു അത്‌ സംഭവിച്ചത്. മടിയിൽക്കിടന്ന് ശ്വാസമില്ലാതെ പുളയുന്ന പ്രിയപ്പെട്ടവന്‌ സ്വന്തം ശ്വാസം പകർന്നുകൊടുക്കാൻ അവർ തീവ്രമായ ശ്രമം നടത്തി. ഇല്ല. പക്ഷേ വിജയിച്ചില്ല. ജീവിതസഖിയുടെ മാറിൽക്കിടന്ന് നിസ്സഹായനായ ആ പൗരൻ,‌ വൈദ്യസഹായം ലഭിക്കാതെ മഹാമാരിയുടെ മരണക്കണക്കിലേക്ക്‌ യാത്രയായി.

വേദനിപ്പിക്കുന്ന ആ ചിത്രത്തിൽ നിന്ന് ഉള്ളുലയ്ക്കുന്ന കുറിപ്പ് പങ്കുവയ്ക്കുകയാണ് പിഎംഎ ഗഫൂർ. പ്രാണൻ പങ്കുവച്ചുള്ള ആ വിടപറച്ചിലിന്റെ വേദന എത്രത്തോളമെന്ന് കുറിപ്പിൽ അടിവരയിടുന്നു. കരീംഗ്രഫി കക്കോവിന്റെ ഹൃദയഹാരിയായ വരയും ഇതിനോടനുബന്ധമായി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട്.

കുറിപ്പ് വായിക്കാം:

ആ ചിത്രം നിങ്ങളും കണ്ടില്ലേ.

നോക്കിനിന്നപ്പോൾ കണ്ണും മുഖവും വാടിപ്പോവുന്ന പോലെത്തോന്നി. ആഗ്ര മെഡിക്കൽ കോളെജിന്റെ മുറ്റത്തായിരുന്നു അത്‌. കോവിഡ്‌ ബാധിച്ച്‌ പിടയുന്ന ഭർത്താവിനേയും കൊണ്ട്‌ ഓട്ടോറിക്ഷയിൽ ആശുപത്രിയിലേക്ക്‌ വന്നതായിരുന്നു. ഓക്സിജൻ ക്ഷാമം കാരണം അകത്തേക്ക്‌ കേറ്റിയില്ല. ഓട്ടോയിൽത്തന്നെ ഇരുന്നു.

അവരുടെ മടിയിൽക്കിടന്ന് ശ്വാസമില്ലാതെ പുളയുന്ന പ്രിയപ്പെട്ടവന്‌ സ്വന്തം ശ്വാസം പകർന്നുകൊടുക്കാനുള്ള തീവ്രമായ ശ്രമം നടത്തി. ഇല്ല. ഒന്നും വിജയിച്ചില്ല. ജീവിതസഖിയുടെ മാറിൽക്കിടന്ന് നിസ്സഹായനായ ആ പൗരൻ,‌ വൈദ്യസഹായം ലഭിക്കാതെ മഹാമാരിയുടെ മരണക്കണക്കിലേക്ക്‌ യാത്രയായ്‌. ദു:ഖം കനം കെട്ടുന്നു. പ്രാണൻ പങ്കുവെച്ചുള്ള യാത്രയാക്കൽ!

തിരുനബിയുടെ അന്ത്യനിമിഷം. അരികെ പ്രിയപ്പെട്ടവൾ ആയിഷാ ബീവിയുണ്ട്‌. പല്ലൊന്ന് വൃത്തിയാക്കാനുള്ള മോഹം ബീവിയോട്‌ ആംഗ്യത്തിലൂടെ തിരുനബി പറഞ്ഞു. അന്ന്, സവിശേഷമായ ഒരു ചെടിക്കമ്പ്‌ കൊണ്ടാണ്‌ പല്ല് ശുദ്ധിയാക്കാറുള്ളത്‌. വേഗം അതെടുത്തു കൊണ്ടുവന്ന്, ഒന്നു ചവച്ച്‌ പരുവപ്പെടുത്തി തിരുനബിയുടെ പല്ല് ശുദ്ധിയാക്കിക്കൊടുത്തു.

അധിക നിമിഷങ്ങൾ നീങ്ങിയില്ല, ആ സൂര്യനസ്തമിച്ചു. പ്രവാചകന്റെ പ്രാണസഖി പിൽക്കാലത്ത്‌ പറഞ്ഞിട്ടുണ്ട്‌: ‘അന്ന്, അവിടുത്തെ അന്ത്യനിമിഷത്തിൽ എന്റെ ഉമിനീർ എന്റെ റസൂലിന്റെ ഉമിനീരിൽ ചേർന്നില്ലേ. അതിനോളം പ്രിയപ്പെട്ട മറ്റൊരു നിമിഷമില്ല. എനിക്കത്‌ മറക്കാനാവില്ല.’

എങ്ങനെ മറക്കാനാണ്‌! ചില നിമിഷങ്ങളും ചില മുഖങ്ങളും ജീവനോളം വലുതാണ്‌. സൂര്യ കൃഷ്ണമൂർത്തി എഴുതുന്നുണ്ട്‌, മരിച്ചുപോയ ഭർത്താവിനെയോർത്തുള്ള വിരഹദു:ഖത്താൽ ഉരുകിപ്പോവുന്നൊരു സ്ത്രീയെ കണ്ട അനുഭവം. പ്രിയപ്പെട്ടവനെക്കുറിച്ച ഓർമയിൽ അവരുടെ ഓരോ വാക്കും കണ്ണീരുകൊണ്ട്‌ മുറിഞ്ഞുപോയി. കാലങ്ങൾ പോയിട്ടും തരിമ്പ്‌ പോലും ദ്രവിക്കാതെ നിൽക്കുന്ന ആ സ്നേഹാനുഭവം കണ്ടപ്പോൾ സൂര്യ അവർക്ക്‌ പറഞ്ഞുകൊടുത്തു:

‘പെങ്ങളേ വിഷമിക്കേണ്ട. നിങ്ങൾ വിധവയല്ല. ഇത്രയധികം നിങ്ങളുടെ മനസ്സിലിപ്പോഴും അദ്ദേഹം ജീവിക്കുന്നുവെങ്കിൽ നിങ്ങൾ വിധവയല്ല. നിങ്ങൾക്കറിയോ, ഭർത്താവ്‌ കൂടെയുണ്ടായിട്ടും എത്രയോ ഭാര്യമാരുടെ മനസ്സിൽ അവരുടെ ഭർത്താക്കന്മാരില്ല. കൂടെക്കഴിഞ്ഞിട്ടും മനസ്സിൽക്കേറാൻ കഴിയാതെ പോകുന്നവർ. അങ്ങനെയുള്ളവരാണ്‌ ശരിക്കും വിധവകൾ. നിങ്ങൾ സുമംഗലിയാണ്‌. ദീർഘസുമംഗലി!’

പ്രണയംന്ന് പറഞ്ഞാൽ പ്രാണൻ പങ്കുവെക്കലാണ്‌. അങ്ങനെ പങ്കുവെച്ചവരെ വേർപ്പെടുത്താൻ മരണത്തിനാവില്ല. ആത്മാവിന്റെ ചില്ലയിൽ കൂടുവെച്ചൊരാൾക്ക്‌ പിന്നൊരിക്കലും അ

വിടുന്ന് പറന്നകലാനാവില്ലല്ലോ. യാത്രയാക്കാൻ നമുക്കും കഴിയില്ലല്ലോ. രണ്ടുപേർ ഒന്നാകുമ്പോൾ രണ്ടു ശ്വാസങ്ങളല്ലേ കൂടിച്ചേരുന്നത്‌‌. ഒരുമിക്കുന്ന നിമിഷം സന്തോഷമുള്ളതാണെങ്കിലും പിന്നീടുള്ളതെല്ലാം ജീവിതത്തിന്റെ നേരുള്ള നിമിഷങ്ങളാണ്‌. അതിൽ സങ്കടങ്ങളുണ്ട്‌. രോഗമുണ്ട്‌. പരാജയങ്ങളുണ്ട്‌. ഒടുവിൽ വാർദ്ധക്യവുമുണ്ട്‌‌. അപ്പൊഴൊക്കെയും ശ്വാസം മുട്ടാതെ രക്ഷിച്ചുനിർത്തണം. അതിനല്ലേ നമുക്കൊരു കൂട്ട്‌.

അങ്ങോട്ടും ഇങ്ങോട്ടും ആലോചിക്കാവുന്ന കാര്യമിത്രേയുള്ളൂ, എണ്ണൂറ് കോടി മനുഷ്യമ്മാരിൽ നിന്ന് നമ്മുടെ ജീവിതത്തിലേക്ക്‌ വന്നൊരാളല്ലേ. അയാൾ സന്തോഷായിരിക്കട്ടെ. അയാൾ സന്തോഷായിരിക്കാൻ കാരണമാകുന്ന ചില ചെറിയ കാര്യങ്ങളില്ലേ. ആ ചെറിയകാര്യങ്ങളിൽ അയാൾ രസായിട്ട്‌ ജീവിക്കട്ടെ. അതിനുള്ള വഴികൾ തുറന്നുകൊടുക്കാം.

അതാണയാൾക്ക്‌ നൽകാവുന്ന ഏറ്റവും മനോഹരമായ ശ്വാസം. പിശുക്കില്ലാതെ ആ ശ്വാസച്ചൂട്‌ തരുന്നയാൾ ഒടുക്കത്തെ ശ്വാസത്തിലും അരികിലുണ്ടാകണേ എന്ന് കൊതിക്കും. എന്തിനാന്നറിയോ,

‘ഒടുവിലായ്‌ അകത്തേക്കെടുക്കും ശ്വാസക്കണികയിൽ നിന്റെ ഗന്ധമുണ്ടാകുവാൻ..’

റമദാൻ മഴ|പി എം എ ഗഫൂർ

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *