Breaking News
Home / Latest News / ഇരുപത്തൊന്നാം വയസ്സിലാണ് എന്‍റെ നാവിന് സുന്നത്ത് കല്ല്യാണം ചെയ്തത് ബുജൈറിന്‍റെ അനുഭവ കുറിപ്പ്

ഇരുപത്തൊന്നാം വയസ്സിലാണ് എന്‍റെ നാവിന് സുന്നത്ത് കല്ല്യാണം ചെയ്തത് ബുജൈറിന്‍റെ അനുഭവ കുറിപ്പ്

ജന്മനാ നാവ് കെട്ടിയിട്ട പ്രത്യേകതയുമായി ജനിച്ച ബുജൈർ, അവന്റെ സംഭവബലുഹമായ ജീവിതം. ജീവിതത്തിനൊപ്പം വിടാതെ പിടികൂടിയ വേദനയെ ചിരിയിൽ ചാലിച്ച് പങ്കുവയ്ക്കുകയാണ് ബുജൈർ. നാവിൽ കെട്ടുള്ളവൻ സംസാരിക്കാൻ ബുദ്ധിമുട്ടിയ നിമിഷങ്ങളും കളിയാക്കലുകളും എന്തിനേറെ ഒരു ബിരിയാണി പോലും കഴിക്കാൻ പറ്റാത്ത സാഹചര്യങ്ങളും വരെ ബുജൈറിന്റെ കുറിപ്പിലുണ്ട്.

ഒടുവിൽ ബന്ധനങ്ങളിൽ നിന്നൊഴിഞ്ഞ് നാവിനെ സ്വതന്ത്രമാക്കിയ നിമിഷത്തെക്കുറിച്ചും ബുജൈർ പറയുമ്പോൾ വായനക്കാരന്റെ ഉള്ളിലും ഒരു ആശ്വാസ തണുപ്പ് നിറയും. ഫെയ്സ്ബുക്കിലാണ് തന്റെ ജീവിതം ബുജൈർ പങ്കിട്ടത്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

‘ബിരിയാണി’ of tongue,the fleshy muscular organ in the mouth of a mammal, used for tasting, licking, swallowing, and (in humans) articulating speech.

ഇരുപത്തൊന്നാം വയസ്സിലാണ് എന്‍റെ നാവിന് സുന്നത്ത് കല്ല്യാണം ചെയ്തത്! അന്‍കിലൊ ഗ്ലോസിയ അഥവാ ‘tongue tie’ എന്ന് ആധുനിക ശാസ്ത്രം വിളിക്കുന്ന ജന്‍മനാ നാവ് കെട്ടിയിട്ട പ്രത്യേകതയുമായിട്ടാണ് ഞാന്‍ ജനിക്കുന്നത്!

ബാല്യത്തില് ട,ഠ,റ,ര,ള,ല പോലുള്ള അക്ഷരങ്ങള്‍ക്ക് പകരം അലിഫും ബേഉം തേഉം പിന്നെ ദാലും കഴിഞ്ഞ് നെറ്റിയില്‍ പൊട്ടു തൊട്ട ത്ദാല് പോലെയൊരു ഏകസ്വരാക്ഷര ഗണമൊ അല്ലെങ്കില്‍ അതിലും നിരുപദ്രവകാരിയായൊരു തരം ശ്രുതിയാണ് ഒറ്റ വള്ളിയില്‍ കെട്ടിയിട്ട എന്‍റെ നാവ് പുറപ്പെടുവിച്ചിരുന്നത്! സംസാദത്തിലുള്ള കൊഞ്ഞിക്കദും കദിയാക്കദും ഭയന്ന് വദദെ സൂക്ഷമമായി മാത്ദം സംസാദിക്കുന്ന അന്തദ്മുഖനാവാന്‍ ഇതിദും വദിയ കാദനം വേന്നൊ!

അതായത് ബ്രൊ… സംസാരത്തിലുള്ള കൊഞ്ഞിക്കലും കളിയാക്കലും ഭയന്ന് വളരെ സൂക്ഷമമായി മാത്രം സംസാരിക്കുന്ന അന്തര്‍മുഖനാവാന്‍ ഇതിലും വലിയ കാരണം വേറെ വേണോ…ന്ന്?

സ്കൂളിലും മദ്രസയിലുമൊക്കെ ചേര്‍ന്നപ്പോള്‍ പതിയെ ആരും മനസ്സിലാക്കാത്ത വിധം നാവില്‍ അയവ് വരുത്തിയും മറ്റുള്ളവരുടെ കേള്‍വി ശക്തിയെ കബളിപ്പിച്ചും മിണ്ടാന്‍ സ്വയം ആര്‍ജിച്ചെടുത്ത സാമര്‍ത്ഥ്യം ഏഴാം ക്ലാസില്‍ എത്തിയപ്പോള്‍ മൈക്കില്‍ സഹപാഠികള്‍ക്ക് പ്രതിജ്ഞ ചൊല്ലി കൊടുക്കുന്ന സ്കൂള്‍ ലീഡര്‍ വരെയാക്കി! ഹൈസ്കൂളിലൊക്കെ എത്തിയപ്പോള്‍ മിമിക്രി,മോണോ ആക്ട്,നാടകം പോലുള്ള കലാപരിപാടികളില്‍ പങ്കെടുത്ത് ആരാധകരെ സൃഷ്ടിക്കാനുള്ള ആത്മവിശ്വാസം വരെയായി!

പ്ലസ്ടുവിന് പഠിക്കുമ്പോള്‍ ക്ലാസ് ലീഡറായിരുന്ന ഫഹ്റുന്നിസ പേര് ഫഹ്ദുന്നിസ എന്ന് പരിചയപ്പെടുത്തിയപ്പോഴാണ് പിന്നീട് എന്‍റെ കുട്ടിക്കാലത്തെ ‘ത്ദാല്’ ഓര്‍മ്മ വന്നത്! “ഫഹ്റോ നിന്‍റെ നാവിന്‍റെ വള്ളി എന്‍റെ പോലാണൊ?” ഞാന്‍ വായ തുറന്ന് കാണിച്ചു.

“അള്ളാഹ് അത് നിനക്ക് എങ്ങനെ മനസ്സിലായി!” അവള്‍ക്ക് നാണവും ആശ്ചര്യവും ഒരുമിച്ചു വന്നു.”പെണ്ണുങ്ങളെ വായ നോക്കി ഇരിക്കുന്നോണ്ട് അല്ലാണ്ടെന്താ…” അടുത്തിരുന്ന മുനവ്വിറിന്‍റെ കമന്‍റ്! ഒരു കാര്യം ഞാന്‍ ശ്രദ്ധിച്ചു, അവള്‍ക്ക് ‘റ’ ‘ര്‍’ മാത്രമെ മിസ്സിങ്ങുള്ളൂ…! ബാക്കിയെല്ലാം ഓക്കെയാണ്! അല്ല, ബാക്കിയെല്ലാം അവളുടെ സാമര്‍ത്ഥ്യം ഓക്കെ ആക്കിയതായിരിക്കണം!

ഇരുപത്തൊന്ന് വയസ്സിനിടയില്‍ പിന്നീട് ഈ നാവുകൊണ്ട് ഉണ്ടായ ബുദ്ധിമുട്ട്, ഇടക്ക് മതിമറന്ന് ഒരു ബിരിയാണി കഴിക്കുമ്പോള്‍ മുന്‍വശത്തെ കീഴ് പല്ലുകള്‍ക്ക് ഇടയില്‍ ഈ വള്ളിക്കൊടി ചെന്ന് കയറുന്നതാണ്. പിന്നെ കുറേ സമയത്തേക്ക് നാവിന് ആമപ്പൂട്ട് വീണ അവസ്ഥയാണ്!

അങ്ങനെയിരിക്കെയാണ് പ്രായപൂര്‍ത്തി പല്ലുകള്‍ പൊട്ടിമുളക്കാന്‍ തുടങ്ങിയത്! ചുണ്ട് കറുത്താലും പല്ലിന് കേട് വരാതെ എങ്ങിനെ പുകവലിക്കാമെന്ന് ഗൂഗിള്‍ സേര്‍ച്ച് ചെയ്യുന്ന,അങ്ങേയറ്റം പല്ലുകളെ താലോലിക്കുന്ന ഒരുത്തന് പുതിയ രണ്ട് പല്ലുകളുടെ ജന്മ യാതന അനാവശ്യവും പടച്ച തമ്പുരാന്‍റെ മറ്റൊരു പ്രഹസനവുമായിരുന്നു!

വേദന അസഹ്യമായപ്പോള്‍ നരിക്കുനിയിലെ പ്രൈവറ്റ് ഡന്റിസ്റ്റിനെ കാണിച്ചു എക്സറേ എടുത്തു. വായില്‍ ഇനി പല്ലുകള്‍ക്ക് വരാന്‍ സ്ഥലമില്ലാത്തത് കാരണം അടിവേരോടെ കീറിയെടുക്കണമെന്ന് പറഞ്ഞു.രണ്ട് പല്ല് പറിക്കണം എന്നായിരുന്നു ആ ഡോക്ടര്‍ പറഞ്ഞിരുന്നെങ്കില്‍ അവിടം കൊണ്ട് തീര്‍ന്നേനെ!

പക്ഷേ അടിവേരോടെ കീറിയെടുക്കണമെന്ന അങ്ങേരുടെ വിശേഷണം എനിക്കത്ര പിടിച്ചില്ല! പ്രണയിനി ഫജിനയാണ് മെഡിക്കല്‍ കോളേജ് ENT നിര്‍ദ്ദേശിച്ചത്! “അവിടെ ഫ്രീ അല്ലെ ഇക്കാ വെറുതെ അവിടയും കൂടി ഒന്ന് കാണിച്ചോക്കാ…” എന്നായി അവള്‍!

ENTയില്‍ വായ തുറപ്പിച്ചത് പൂച്ച കണ്ണുള്ള സുന്ദരി ഡോക്ടറാണ്. വായ അടപ്പിക്കാതെ “ഒരു മിനുട്ട് ഇപ്പൊ വരാവെ” എന്നും പറഞ്ഞ് ഒറ്റ പോക്ക്! ആദ്യം ഒരു പ്രൊഫസര്‍ വന്നു നോക്കി “യായാ യുആര്‍ റൈറ്റ് ദിസ് ഈസ് അന്‍കിലൊ ഗ്ലോസിയ” ഉടനെ റാസ്പുട്ടിന്‍ ഡാന്‍സ് പോലെ വരി വരിയായി മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ വന്നു തുടങ്ങി.

അപ്പോഴും വായ തുറന്ന് പിടിച്ചിരിക്കുന്ന ഞാന്‍, ഏറ്റവും ചുരുങ്ങിയത് വളരെ അപൂര്‍വ്വം വരുന്ന മൗത് കാന്‍സറെങ്കിലുമല്ലാതെ ഇവമാരെല്ലാവരും കൂടി ഇങ്ങനെ ആക്രാന്തം കാണിക്കേണ്ട കാര്യമില്ലെന്ന മട്ടില്‍ നിസ്സഹായനായി വായില്‍ ക്യൂ നിന്ന് നോക്കുന്ന ഓരോരുത്തരെയും മാറി മാറി നോക്കി!

ക്ലിപ്പെടുത്ത് വായ അടച്ചോളൂ എന്ന് പറയുമ്പോള്‍ ഉമിനീര്‍ ഇറക്കി ചരിഞ്ഞമര്‍ന്ന സീറ്റില്‍ നിന്ന് ഊര നിവര്‍ത്തി “എനിക്ക് എന്താണ് ഡോക്ടര്‍?”എന്ന് പേടിച്ചരണ്ട് ചോദിച്ചു. “ഏയ് ഒന്നുമില്ല, നിങ്ങള്‍ക്ക് tongue tie എന്നൊരു വൈകല്യമുണ്ട്, അതിവിടെ വിദ്യാര്‍ത്ഥികള്‍ ആരും കണ്ടിട്ടില്ല”

ഹോ അതാണൊ കാര്യം! ദീര്‍ഘശ്വാസത്തില്‍ സീറ്റിലേക്ക് തന്നെ ചരിഞ്ഞു കിടന്നു! “ഇത് ഇവിടുന്ന് തന്നെ ശരിപ്പെടുത്താവുന്നതേയുള്ളൂ… നിങ്ങള്‍ക്ക് സമ്മതമാണെങ്കില്‍ ഒരു വീഡിയൊ ഡോക്യുമെന്‍റും ചെയ്യാം”

‘ഞാന്‍ പല്ല് കാണിക്കാനാണ് വന്നത്! എന്‍റെ വിസ്ഡം ടൂത് കീറിയെടുക്കണമെന്ന് പറഞ്ഞു’

“ഏയ് അതിന്‍റെ ആവശ്യമൊന്നുമില്ലന്നേയ് കുറച്ച് കാലം വേദന സഹിച്ചാല്‍ ആ പല്ലുകളൊക്കെ പുറത്തേക് വന്നോളും,നാവ് ഇങ്ങനെ ആയിട്ട് സംസാരിക്കാന്‍ വല്ല ബുദ്ധിമുട്ടും ഉണ്ടൊ?”

‘ചെറുപ്പത്തില്‍ ഉണ്ടായിരുന്നു,ഇപ്പൊ പ്രശ്നൊന്നൂല്ല…’

“പക്ഷേ നാവിന്‍റെ ശരിക്കുമുള്ള സ്വാതന്ത്ര്യം എന്താണെന്ന് ഈ സര്‍ജറിക്ക് ശേഷം മാത്രമെ നിങ്ങള്‍ക്ക് മനസ്സിലാവൂ…”

‘വേറെ എന്തെങ്കിലും പ്രശ്നമുണ്ടൊ?’

“അങ്ങനെ ചോദിച്ചാല്‍….ഇത് ശരിപ്പെടുത്തിയാല്‍ ‘oral sex’ന് ഒക്കെ ഉപകാരപ്പെടും”

റാസ്പുട്ടിന്‍ ടീമെല്ലാവരും നൈസായിട്ട് ചിരി തുടങ്ങി.ഒരു നിമിഷം ആലോചിച്ചതിന് ശേഷം

“എന്നാ പിന്നെ ചെയ്തോളൂ ഡോക്ടര്‍…” എന്ന് ഞാനും പറഞ്ഞതോടെ അവിടെ കൂട്ടച്ചിരിയായി!

സുന്നത്ത് കല്ല്യാണം എന്നെ സംബന്ധിച്ചിടത്തോളം സുഖമുള്ള ഓര്‍മ്മയായിരുന്നു. കല്ല്യാണ പുതുക്കത്തിന്

ഉമ്മാന്റെ മടിയിലിരുന്ന് തിക്കി തിരക്കി ജീപ്പില്‍ കയറിയിരുന്ന ഞാന്‍ അന്ന് ആദ്യമായിട്ടാണ് അമ്മദ്കാന്‍റെ ജീപ്പില്‍ മുന്‍പിലെ സീറ്റില്‍ ബാപ്പിന്റെകൂടെ രാജകീയമായി ഇരുന്ന് യാത്ര ചെയ്തത്! പക്ഷേ ഇരുപത്തൊന്നാം വയസ്സിലെ സുന്നത് കല്ല്യാണം വേദന നിറഞ്ഞ ഓര്‍മ്മ മാത്രമാണ്! നാവില്‍ നടുവില്‍ കുത്തി ഒരു തുളയുണ്ടാക്കി അതില്‍ നൂല് കോര്‍ത്ത് മുകളിലോട്ട് കെട്ടി തൂക്കിയാണ് വള്ളി മുറിച്ചതും തുന്നിച്ചേര്‍ത്തതുമെല്ലാം! ഇന്നാണെങ്കില്‍ നൂതനമായ വേദനയറിയാത്ത ലേസര്‍ ചികിത്സയെല്ലാം ഉണ്ട്!

ബിരിയാണി കഴിക്കുമ്പോല്‍ പല്ലില്‍ കുടുങ്ങിയ ബീഫ് ബ്രഷ് ചെയ്ത് കളയുമായിരുന്ന ഞാന്‍ അങ്ങനെ നാവ് കൊണ്ട് തോണ്ടി എടുക്കാന്‍ തുടങ്ങി! ഇത്രയുകാലം ഉപയോഗത്തില്‍ അല്ലാതിരുന്ന നാവിന്‍റെ മസിലുകളെല്ലാം പാകപ്പെട്ടു വരുന്നത് വരെ നാവ് കൊണ്ട് തോണ്ടിയെടുക്കാന്‍ ബുദ്ധിമുട്ടിയിരുന്നു. ആദ്യമൊക്കെ ഒന്നില്‍ കൂടുതല്‍ വികാരപാരമ്യത്തിന്‍റെ സമയമെടുത്തെങ്കിലും ഇപ്പോള്‍ നിമിഷനേരം മതി!

നാവ് മുറിച്ചിട്ട് വച്ച ബിരിയാണിയാണ് ഞാന്‍ കഴിച്ച ഏറ്റവും സ്വാദുള്ള ബിരിയാണി

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *