സ്നേഹമുള്ളവരെ, നിങ്ങൾ ഈ വഴി കടന്നു പോകുമ്പോൾ ഇവിടെ സ്ഥാപിച്ചിരിക്കുന്ന സോപ്പ്, അണുനാശിനി എന്നിവ ഉപയോഗിച്ചു കൈകൾ കഴുകി പോകാൻ ശ്രദ്ധിക്കുക. ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പാലിക്കുക. കൊറോണ എന്ന മഹാവിപത്തിൽ നിന്നും സ്വയം രക്ഷപ്പെടുക.
നമ്മുടെ നാടിനെ രക്ഷപ്പെടുത്തുക.”- ഉഴവൂർ–ഇടക്കോലി റോഡിൽ കൈപ്പാറേട്ട് കെ.യു. ഏബ്രഹാമിന്റെ വീടിനു മുന്നിൽ കഴിഞ്ഞ മാർച്ചിൽ സ്ഥാപിച്ച ബോർഡിലെ വാക്കുകൾ ഇതായിരുന്നു.കോവിഡ് രണ്ടാംഘട്ട വ്യാപനം രൂക്ഷമായപ്പോൾ കൈ കഴുകുന്നതിനുള്ള സംവിധാനത്തിന് ഒപ്പം എല്ലാവർക്കും മാസ്ക്കുകൾ കൂടി സൗജന്യമായി നൽകുകയാണ് ഇദ്ദേഹം.
അനുവാദം വേണ്ട. മാസ്ക് എടുക്കാം, ഉപയോഗിക്കാം എന്നെഴുതിയ പുതിയ ബോർഡ്. പൊടിയും അഴുക്കും പുരളാതെ പാക്ക് ചെയ്ത 10 മാസ്ക്കുകൾ എപ്പോഴും ഏബ്രഹാമിന്റെ വീടിനു മുന്നിൽ ഉണ്ടാകും. ക്ലിപ് ഉപയോഗിച്ചു ഓരോന്നായി തൂക്കിയിട്ടിരിക്കുകയാണ്. 10 എണ്ണം തീർന്നാൽ അടുത്ത 10 എണ്ണം എത്തും.
സൗജന്യമാണെങ്കിലും ഒന്നിൽ കൂടുതൽ ആരും എടുക്കാറില്ലെന്നു ഏബ്രഹാം പറയുന്നു. റെയിൽവേ മെക്കാനിക്കൽ എൻജിനീയറായിരുന്ന ഏബ്രഹാമും ഭാര്യ റിട്ട. അധ്യാപിക കത്രീനയുമാണ് വീട്ടിലുള്ളത്. നാടിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനാണ് ചെറിയ സേവനമെന്നു ഏബ്രഹാം പറയുന്നു.