തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ വാക്സിന് നയത്തിനെതിരെ കേരളം ഒന്നിച്ചിറങ്ങുന്നു. രണ്ട് ദിവസത്തിനുള്ളില്‍ വാക്സിനേഷനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടിയിലേറെ രൂപയാണ് സംഭാവനയായി എത്തിയത്.
കൊവിഡ് ഒന്നാം തരംഗ സമയത്ത് കഴിഞ്ഞ ഏപ്രിലില്‍ ആടിനെ വിറ്റ് 5510 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ച പോര്‍ട്ട് കൊല്ലം സ്വദേശിനി സുബൈദ ഇത്തവണ വാക്സിന് വിതരണത്തിനായി 5000 രൂപ അയച്ചു.
ഇത്തവണയും ആടിനെ വിറ്റ് തന്നെയാണ് സുബൈദ പണം നല്‍കിയത്. പണം ജില്ലാ കളക്ടര്‍ക്കാണ് സുബൈദ കൈമാറിയതെന്ന് മുഖ്യമന്ത്രി അറിയിച്ചു. കൊല്ലം പോര്‍ട്ട് ഓഫീസിനു സമീപം ചായക്കട നടത്തുകയാണ് സുബൈദ.
കൊവിഡ് അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തി നില്ക്കുമ്പോള് വാക്സിന് നയത്തില്‍ കേന്ദ്രം വരുത്തിയ മാറ്റം സംസ്ഥാനങ്ങള്‍ക്ക് തിരിച്ചടിയായിരുന്നു. വാക്സിന്റെ വില വര്‍ധന താങ്ങാനാകാതെ സംസ്ഥാനങ്ങള്‍ നട്ടംതിരിഞ്ഞപ്പോള്‍ അതില്‍ നിന്ന് കരകയറാന്‍ കേരളം മുന്നോട്ടുകൊണ്ടുവന്ന രീതി കൈയ്യടി നേടുകയാണ്.
വാക്സിന് എന്നത് ഓരോ പൗരന്റെയും അടിസ്ഥാന അവകാശമാണെന്ന ബോധ്യമുള്ള കേരള ജനത, അതിന്റെ ഭാഗമായി നടത്തിയ സോഷ്യല്‍ മീഡിയ ക്യാംപെയ്നുകള്‍ സജീവമാകുകയും ചെയ്തു.