Breaking News
Home / Latest News / അമ്മ ഒരു ലെറ്റർ എനിക്ക് നേരെ നീട്ടിയിട്ട്‌ കണ്ണ് തുടച്ചു റൂമിന് പുറത്തേക്ക് പോയി

അമ്മ ഒരു ലെറ്റർ എനിക്ക് നേരെ നീട്ടിയിട്ട്‌ കണ്ണ് തുടച്ചു റൂമിന് പുറത്തേക്ക് പോയി

മോനെ അമ്മക്ക് ഒരാളെ ഒത്തിരി ഇഷ്ടമായിരുന്നു , കൂടെ ജിവിക്കണമെന്നൊന്നും അല്ല മരിക്കും മുന്നേ ഒരിക്കൽ കൂടി ഒന്ന് കാണണമെന്നൊരു ആഗ്രഹം എന്ന അമ്മയുടെ വാക്ക് കേട്ട് ഞാൻ ഒന്ന് അമ്പരന്നു , എന്റെ മുഖം മാറിയത് ശ്രേദ്ധിച്ചിട്ടാകണം പിന്നെ ഒന്നും മിണ്ടാതെ ‘അമ്മ മുന്നിൽ നിന്നും എഴുന്നേറ്റ് പോയി …

കാനഡയിൽ നിന്ന് വന്നിട്ട് മൂന്ന് ദിവസമേ ആകുന്നുള്ളു ഞാൻ , ഏഴു വർഷത്തെ പ്രണയ സാഫല്യം ദീപ്തിയുമായുള്ള കല്യാണം നടക്കാൻ ഇനി പതിനൊന്ന് ദിവസങ്ങൾ മാത്രം ബാക്കി , ആരെയൊക്കെ വിളിക്കാൻ ബാക്കിയുണ്ടെന്ന് അമ്മയോട് സംസാരിച്ചിരിക്കുന്നതിനിടക്ക് ആണ് പെട്ടെന്ന് അമ്മയുടെ ഈ ആവശ്യം ,

ആദ്യത്തെ അമ്പരപ്പ് മാറിയപ്പോൾ പതിയെ ഫോൺ എടുത്തു ദീപ്തിയെ വിളിച്ചു കാര്യം പറഞ്ഞു , കേട്ട് കഴിഞ്ഞപ്പോൾ ആദ്യം അവളും ഒന്ന് മൗനം പാലിച്ചെങ്കിലും “സിദ്ധു എനിക്ക് തോന്നുന്നു നമ്മുടെ വിവാഹ ശേഷം അമ്മ ഒറ്റപ്പെട്ട് പോകുമോന്നുള്ള ഭയം കൊണ്ടാകുമോ ഇങ്ങനെ ഒരു ചോദ്യം” ഉണ്ടായതെന്ന അവളുടെ മറുപടി കേട്ട് ഒക്കെ ഞാൻ വിളിക്കാം എന്ന് പറഞ്ഞു ഫോൺ കട്ട്‌ ചെയ്തിട്ട് ബെഡിലേക്ക് കിടന്നു …

എന്റെ നാലാം വയസ്സിൽ മരണപ്പെട്ടതാണ് അച്ഛൻ , ഒരു സ്കൂളിലെ അദ്ധ്യാപിക ആയത് കൊണ്ട് തന്നെ വീണ്ടും ആലോചനകൾ വന്നെങ്കിലും ഇനിയുള്ള ജീവിതം ന്റെ മോന് വേണ്ടിയാണെന്ന് പറഞ്ഞു എന്നെ ചേർത്ത് നിർത്തി എല്ലാവരുടെയും ദേഷ്യം പിടിച്ചു പറ്റിയിട്ടേയുള്ളു ‘അമ്മ , അന്നൊന്നും തോന്നാത്ത ഒരു കാര്യം പെട്ടെന്ന് ഇപ്പോൾ പറയണമെങ്കിൽ അത് ദീപ്തി പറഞ്ഞത് പോലെ ഒറ്റപ്പെട്ട് പോകുമോന്നുള്ള ഭയം കൊണ്ട് തന്നെയാകണമെന്ന തോന്നലോടു കൂടിയാണ് അമ്മയുടെ റൂമിലേക്ക് കടന്ന് ചെന്നത് ..

തിരിഞ്ഞു കിടക്കുന്ന അമ്മയോട് ചേർന്ന് കിടന്നിട്ട് എന്തെ വിവാഹ ശേഷം ഞാനും അവളും അങ്ങ് കാനഡക്ക് പോകുമെന്ന ഭയം കൊണ്ടാണോ , അമ്മയെ ഒറ്റക്ക് ആക്കാൻ ഞാൻ സമ്മതിക്കുമെന്ന് അമ്മക്ക് തോന്നുന്നുണ്ടോ എന്നെന്റെ ചോദ്യങ്ങൾക്ക് ഒന്നും മറുപടി ഇല്ലായിരുന്നുവെങ്കിലും അമ്മയുടെ കരച്ചിൽ ചെവിയിൽ പതിഞ്ഞപ്പോഴാണ് ‘അമ്മ എന്ന് വിളിച്ചു പുറത്തു പിടിച്ചു അമ്മയെ തിരിച്ചു കിടത്തിയത് ,

കയ്യിൽ മുറുക്കെ പിടിച്ചിരുന്ന ഒരു ലെറ്റർ എനിക്ക് നേരെ നീട്ടിയിട്ട്‌ ‘അമ്മ കണ്ണ് തുടച്ചു റൂമിന് പുറത്തേക്ക് പോയപ്പോഴേക്കും ഞാൻ ആ എഴുത്തു തുറന്നു വായിച്ചു.. മോളെ അമ്മാവൻ ആണ് ഇത് നിന്നോട് പറഞ്ഞില്ലെങ്കിൽ അമ്മാവൻ ശാന്തി കിട്ടില്ല , മോളും അവനും തമ്മിലുള്ള ഇഷ്ടം അറിഞ്ഞപ്പോൾ എല്ലാ മാതാപിതാക്കളും കരുതും പോലെ മോളുടെ നന്മയെ കരുതിയാണ് അന്നത്തെ മോളുടെ ഇഷ്ടത്തിന് വീട്ടുകാർ എതിർത്തപ്പോൾ അമ്മാവനും അവരോടൊപ്പം നിന്നത് ,

പാലക്കാട് ഉള്ള പട്ടര് ചെക്കനു മോളെ കൊടുക്കാൻ ഇഷ്ടമല്ലെന്ന് അറിയിക്കാൻ മോളുടെ അച്ഛൻ ആണ് എന്നെ അന്ന് പാലക്കാടേക്ക് അയച്ചത് , കാര്യങ്ങൾ എല്ലാം പറഞ്ഞു മനസ്സിലാക്കി അവൻ ഇനി നാട്ടിൽ കാല് കുത്തില്ലെന്ന വാക്ക് ആ വീട്ടുകാരിൽ നിന്ന് വാങ്ങിയിട്ടാണ് അമ്മാവൻ തിരിച്ചു വീട്ടിലേക്ക് ബസ് കയറിയത് ,

അവനെ തിരഞ്ഞു പോയി കണ്ടില്ലെന്നും മോള്ക്ക് വേണ്ടി അമ്മാവൻ അവനെ തേടിപ്പിടിക്കും എന്നൊക്കെ അന്ന് വന്ന് മോളോട് പറഞ്ഞതും മോളുടെ അച്ഛൻ പറഞ്ഞത് അനുസരിച്ചാണ് , നമ്മൾ വീട്ടുകാർ എല്ലാം സമ്മതിച്ചെങ്കിലും അവനായി മോളെ വേണ്ടെന്ന് വെച്ചു എന്ന് വരുത്തി തീർക്കാൻ വേണ്ടി ..

പക്ഷേ അവൻ രണ്ട് ദിവസം കഴിഞ്ഞപ്പോൾ കവലയിൽ ബസ് ഇറങ്ങുന്നത് കണ്ട് അമ്മാവനും സുഹൃത്തുക്കളും ചേർന്നാണ് തല്ലി തിരികെ പാലക്കാട്ടേക്ക് അയച്ചത് . പിന്നെ അവനെ കാണാതായപ്പോൾ ഭയന്ന് ഇനി വരില്ലെന്ന് ഉറപ്പിച്ചിട്ടാണ് മോളോട് അവൻ വേറെ വിവാഹം കഴിച്ചുവെന്ന് കള്ളം പറഞ്ഞു മോളുടെ വിവാഹം നടത്തിയത് ..

പക്ഷേ ന്റെ മൂത്ത മകന്റെ ഇളയ മകൾക്ക് മാനസികമായി പ്രെശ്നം ഉള്ളത് മോള്ക്ക് അറിയാമല്ലോ , ഒരുപാട് മരുന്നും മന്ത്രവും എല്ലാം നടത്തിയിട്ടും കുറയാതെ വന്നപ്പോൾ ആണ് പാലക്കാടുള്ള ഒരു വൈദ്യനെ കുറിച്ച് ഞാൻ അറിഞ്ഞത് , അവിടെ മോളുമായി എത്തിയെങ്കിലും മാനസിക വിഭ്രാന്തിയോടെ അവിടെ ഓടി നടക്കുന്ന അയാളിലേക്ക് എന്റെ ശ്രെദ്ധ പോയത് വളെരെ പെട്ടെന്ന് ആയിരുന്നു ,

പ്രായത്തിന്റെ ചുളിവുകൾ മുഖത്തു ഉണ്ടെങ്കിലും അത് മോൾ അന്ന് അത്രത്തോളം സ്നേഹിച്ചിരുന്ന കൃഷ്ണമൂർത്തി ആയിരുന്നുവെന്ന് മനസ്സിലാക്കാൻ ഒരുപാട് സമയം ഒന്നും വേണ്ടി വന്നില്ല , എന്ത് കൊണ്ടാണ് ഇതേ പോലൊരു വിഷമവുമായി എന്നെയും കുടുംബത്തെയും അവിടെ തന്നെ ദൈവം എത്തിച്ചതെന്നും എനിക്ക് അപ്പോൾ ബോദ്യമായി , അവന് തിരിച്ചറിവുണ്ടോ എന്നൊന്നും അറിയില്ല , ചെയ്ത്‌ പോയ അപരാധത്തിന് അവന്റെ കാലിൽ വീണു ഞാൻ മാപ്പിരന്നിട്ടുണ്ട് ,

മോളുടെ മുഖത്തു നോക്കാൻ അമ്മാവൻ ഇനി കഴിയില്ല , അത്ര വലിയ അപരാധമാണ് അമ്മാവൻ ചെയ്തെതെന്ന് അറിയാം .. ഇവിടെ നിന്ന് അമ്മാവൻ മോളുടെ കാലിൽ വീണിട്ടുണ്ട് എന്ന് ആ എഴുത്ത് വായിച്ചു അവസാനിക്കുമ്പോഴും എന്താണ് എനിക്ക് ചുറ്റും സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് ഒന്നും മനസ്സിലാകാതെ കുറച്ചു നേരം ആ ലെറ്ററും പിടിച്ചു ഞാൻ സ്തംഭിച്ചു നിന്നു …

പുറത്തേക്ക് ഇറങ്ങി അമ്മയെ തിരഞ്ഞു ഞാൻ തൊടിയിലേക്ക് ഇറങ്ങിയപ്പോഴേക്കും ദീപ്തിയുടെ കോൾ വന്നിരുന്നു , എന്തായി എന്നവളുടെ ചോദ്യത്തിന് നിനക്ക് ഒരു രണ്ടാനച്ഛനെ കിട്ടുന്നത് കൊണ്ട് പ്രോബ്ലം ഉണ്ടോ എന്നെന്റെ ചോദ്യം കേട്ട് ഹേയ് അപ്പൊ നീ പോകുന്നുണ്ടോ കാണാൻ എന്നവളുടെ ചോദ്യത്തിന് ഞാൻ മാത്രമല്ല നമ്മുക്ക് ഒരുമിച്ചു പോകാം എന്നെന്റെ വാക്ക് കേട്ട് ത്രില്ല് ആയിട്ടാകണം ഒക്കെ എന്നവൾ പറഞ്ഞത് ,

ഫോൺ കട്ട്‌ ചെയ്ത്‌ തിരിഞ്ഞപ്പോൾ അതൊന്നും വേണ്ട പെട്ടെന്ന് ആ ലെറ്റർ വായിച്ചപ്പോൾ തോന്നിയ ഒരു പൂതി അത്രേ ഉള്ളു , അല്ലെങ്കിൽ തന്നെ ഈ വയസാൻ കാലത്ത് വേറെ പണിയില്ലേ എന്ന് പറഞ്ഞു തിരികെ നടക്കാൻ തുടങ്ങിയ അമ്മയുടെ തോളിൽ കൈ അമർത്തിയിട്ട് ഇത് എന്റെ അമ്മക്ക് വേണ്ടി മത്രമല്ല എനിക്കും കാണണം എന്റെ അമ്മയെ അത്രത്തോളം സ്നേഹിച്ച ആ മനുഷ്യനെ എന്ന് ഞാൻ പറഞ്ഞു തീരും മുന്നേ മോനെ ദീപ്തിയുടെ വീട്ടുകാർ അറിഞ്ഞാൽ എന്താകും എന്ന അമ്മയുടെ വേവലാതി കേട്ടിട്ട് എനിക്ക് വേണ്ടി ജീവിതം മാറ്റി വെച്ച അമ്മക്ക് വേണ്ടി ,

അവർക്ക് എതിർപ്പാണെങ്കിൽ സ്നേഹിച്ച പെണ്ണിനെ മറക്കാനും എനിക്ക് കഴിയും ‘അമ്മ എന്നെന്റെ വാക്ക് കേട്ട് ആശ്ചര്യത്തോടെ എന്റെ മുഖത്തോട്ട് നോക്കി നിന്നപ്പോഴേക്കും ന്റെ ഫോൺ റിങ് ചെയ്തിരുന്നു. . ദീപ്തിയാണ് എന്ന് പറഞ്ഞു ഫോൺ എടുത്ത് ഹാലോ പറഞ്ഞപ്പോഴേക്കും അതെ എപ്പോഴാ പോകുന്നെ ഞാൻ വീട്ടിൽ പറഞ്ഞപ്പോൾ എല്ലാവരും സന്തോഷത്തിലാ എന്നവളുടെ വാക്ക് കേട്ട് ‘അമ്മ എന്നെ ചേർത്ത് പിടിച്ചപ്പോഴേക്കും അമ്മയുടെ കണ്ണിൽ നിന്നും വീണതിനെക്കാൾ ശക്തിയായി മഴ പുറത്തും പെയ്ത്‌ തുടങ്ങിയിരുന്നു ..

അമ്മയും ദീപ്തിയും ആയി വണ്ടി പാലക്കാട് അടുക്കാറായപ്പോഴേക്കും അമ്മയുടെ മുഖത്ത് മാത്രം സന്തോഷവും സങ്കടവും മിന്നി മറയുന്നത് എനിക്ക് കാണാമായിരുന്നു. വണ്ടി ആ ചെറിയ ആശ്രമത്തിലേക്ക് കടന്നപ്പോഴേക്കും അമ്മയുടെ കൈകളിൽ ഞാൻ അമർത്തിപ്പിടിച്ചു ,

പതിയെ ഞങ്ങൾ മൂന്ന് പേരും അകത്തേക്ക് കയറി , വൈദ്യനെ കണ്ട് കാര്യം പറഞ്ഞപ്പോൾ , എനിക്കും തോന്നിയിരുന്നു എന്തോ നല്ലത് നടക്കാൻ പോകുന്നുവെന്ന വൈദ്യന്റെ വാക്ക് കേട്ടിട്ട് ഞങ്ങൾ മൂന്ന് പേരും വൈദ്യനെ തന്നെ സൂക്ഷിച്ചു നോക്കുന്നത് കണ്ടിട്ടാകണം ” സാധാരണ ഒരുപാട് ഒച്ചപ്പാടോട് കൂടി ഇവിടെയൊക്കെ ഓടി നടക്കുന്ന ആളാണ് രണ്ട് ദിവസമായി ഒരു മുറിയിൽ അടച്ചു ഇരിപ്പാണ് .

ദോ അവിടെയാണ് എന്ന് പറഞ്ഞു വിരൽ ചൂണ്ടിയ ഭാഗത്തേക്ക് ഞങ്ങൾ നാലുപേരും കൂടി നടന്നെങ്കിലും ,
വാതിൽ തുറന്നിട്ട് ‘അമ്മ മാത്രം അകത്തോട്ട് പോട്ടെ എന്ന വൈദ്യന്റെ വാക്ക് കേട്ട് ഞാൻ അമ്പരന്ന് നിൽക്കുന്നത് കണ്ടിട്ടാകണം പേടിക്കണ്ട അവൻ ആരെയും ഉപദ്രവിക്കില്ല എന്ന വൈദ്യന്റെ വാക്ക് കേട്ട് ‘അമ്മ ന്റെ മുഖത്തേക്ക് നോക്കിയത് , ഞാൻ ഒന്ന് ചെറുതായി ചിരിച്ചു തലയാട്ടിയപ്പോഴേക്കും ‘അമ്മ അകത്തേക്ക് നടന്നു ,

പെട്ടെന്ന് അമ്മയുടെ നിലവിളി കേട്ട് അകത്തേക്ക് കടക്കാൻ തുനിഞ്ഞ എന്നെ തടഞ്ഞു കൊണ്ട് കരഞ്ഞോട്ടെ കരഞ്ഞു തീർക്കട്ടെ എന്നലെ ആ മനസ്സ് ശാന്തമാകു എന്ന വൈദ്യന്റെ വാക്ക് കേട്ട് ദീപ്തി എന്റെ കയ്യിൽ മുറുക്കെ പിടിച്ചിരുന്നു. കുറച്ചു സമയങ്ങൾക്ക് ശേഷം പുള്ളിയുടെ കൈയ്യിൽ പിടിച്ചു ‘അമ്മ പുറത്തേക്ക് വന്നിട്ട് എന്റെ മോനാണ് എന്ന് എന്നെ ചുണ്ടി പറഞ്ഞപ്പോൾ ആ മനുഷ്യന്റെ മുഖത്തു വിരിഞ്ഞ ചിരി എന്നെ മനസ്സിലായിട്ടാണോ എന്നൊന്നും അറിയില്ലെങ്കിലും ഞാനും ആ കൈകളിൽ അമർത്തി പിടിച്ചിരുന്നു ..

ഞങ്ങൾ കൊണ്ട് പൊക്കോട്ടെ എന്നെന്റെ അമ്മയുടെ ചോദ്യത്തിന് , ഈ അസുഖത്തിന് കൃഷ്ണന്റെ മരുന്ന് നിങ്ങൾ ആണെന്ന് എനിക്കും അറിയാം , അവന്റെ വീട്ടുകാരോട് ചോദിച്ചു സമ്മതിപ്പിച്ചു ഞാൻ ഇവിടെ ഒരുക്കി നിർത്തും നിങ്ങൾ ഇനി വരുമ്പോൾ കൂടെ യാത്രയാക്കാൻ എന്ന വൈദ്യന്റെ വാക്കും കേട്ട് അവിടെ നിന്ന് അമ്മയുമായി അവിടെ പടിയിറങ്ങുമ്പോൾ തൊട്ട് മുന്നിലെ മതിലിൽ ഇങ്ങനെ എഴുതിയിരുന്നു ..

മറന്നുവെന്ന് കരുതും തോറും
നിങ്ങളെ തിരഞ്ഞു ആ ഓർമ്മകൾ
എത്തുന്നുവെങ്കിൽ നിങ്ങളും
അടിമപ്പെട്ടിരിക്കുന്നു ആരുടെയോ
സ്നേഹത്തിനു ”
ഷാനുക്ക …
Pic : google ..

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *