Breaking News
Home / Latest News / ഭക്ഷണത്തിനു മുന്നിൽ വെച്ചു അപമാനിക്കപ്പെടുന്നതിനേക്കാൾ വലിയ നോവില്ല

ഭക്ഷണത്തിനു മുന്നിൽ വെച്ചു അപമാനിക്കപ്പെടുന്നതിനേക്കാൾ വലിയ നോവില്ല

കൃത്യമായി ഓര്‍മ്മയില്ല.എനിയ്ക്ക് ഒന്‍പത് വയസ്സ് .. ഏറിയാല്‍ പത്ത്.
അച്ഛന്റെ അനിയന്റെ വിവാഹം . അക്കാലത്ത് , ഇന്നത്തെ പോലെ reception പരിപാടി ഒക്കെ കുറവാണ് . പുലര്‍ച്ചെ പെണ്‍ വീട്ടില്‍ ചെന്ന് താലി കെട്ടും സദ്യയും കഴിഞ്ഞു തിരിച്ചു വരന്റെ വീട്ടിലെത്തി ഗൃഹപ്രവേശ സമയത്ത് വരന്റെ വീട്ടില്‍ സദ്യ നടക്കുന്നുണ്ടാവും.

വൈകിട്ട് പെണ്‍ വീട്ടില്‍ നിന്നും എത്തുന്നവര്‍ക്ക് വേണ്ടി ” ടീ പാര്‍ട്ടി” എന്ന് പൊതുവായി പറയുന്ന, reception ന്റെ ഒരു ചെറിയ വേര്‍ഷന്‍ . കേക്ക്, ലഡ്ഡു, ജിലേബി, ചിപ്സ് , മിച്ചര്‍ തുടങ്ങി അന്നത്തെ വിശിഷ്ട പലഹാരങ്ങള്‍ ഒക്കെ ടീ പാര്‍ട്ടിയ്ക്ക് വേണ്ടി പുറത്തുള്ള ബേക്കറികളില്‍ നിന്നും ഓര്‍ഡര്‍ ചെയ്യും . അപൂര്‍വം ചിലര്‍ വിവാഹ ദിവസത്തിനും ഒന്ന് രണ്ടാഴ്ച മുന്നേ , വീടുകളില്‍ തന്നെ ഇതൊക്കെ തയ്യാറാക്കും.

ഇളയച്ഛന്റെ കല്യാണത്തിനും തറവാട്ടില്‍ പലഹാരപ്പണി നേരത്തെ തുടങ്ങി. പലഹാരങ്ങളില്‍ രാജാവ് ലഡ്ഡു ആയിരുന്നു. വീടുകളില്‍ ലഡ്ഡു ഉണ്ടാക്കുന്നത് പോയിട്ട്. കുട്ടിയായ ഞാനൊക്കെ ഈ സംഭവം കാണുന്നത് പോലും വളരെ അപൂര്‍വം .
നെയ്‌ മണമുള്ള വലുപ്പം കൂടിയ ലഡ്ഡു അടക്കമുള്ള പലഹാരങ്ങള്‍ ബിസ്ക്കറ്റ് വരുന്ന തകരപാട്ടകളില്‍ നിറഞ്ഞു

സമ്മാനപ്പൊതികളുമായി കടന്നുവരാന്‍ തക്ക സ്നേഹമോ സാഹചര്യമോ ഉള്ള ബന്ധുക്കള്‍ ഇല്ലാത്ത എല്ലാ വീടുകളിലെയും കുട്ടികള്‍ക്ക് അന്ന് പലഹാരങ്ങള്‍ എന്ന് പറയുന്നത് , വീട്ടില്‍ ഉണ്ടാക്കുന്ന അടയും , കൊഴുക്കട്ടയും , അവല്‍ വിളയിച്ചതും ഒക്കെ തന്നെയായിരുന്നു. അല്ലെങ്കില്‍ പിന്നെ ഓണവും വിഷുവും ഒക്കെ വരണം .
വിവാഹ ദിവസം .

പുലര്‍ച്ചെ തന്നെ എഴുന്നേറ്റു കുളിച്ചു തയ്യാറായി ” പെണ്ണ് കൊണ്ട് വരാന്‍ ” പോയി. താലികെട്ടും കഴിഞ്ഞ്, ബ്രേക്ക്‌ഫാസ്റ്റ് ന്റെ സമയത്ത് സദ്യയുമുണ്ട് തിരികെ എത്തിയപ്പോള്‍, തറവാട്ടില്‍ സദ്യ നടക്കുന്നു. നന്നായി വിശക്കുന്നുണ്ട്. അകത്തു ഇളയച്ഛനും പുതിയ ചിറ്റയ്ക്കും മധുരം കൊടുക്കുന്ന തിരക്കിലാണ് അമ്മയടക്കമുള്ള സ്ത്രീകള്‍ .ആണുങ്ങള്‍ എല്ലാവരും പന്തലില്‍ സദ്യയുടെ തിരക്കിലും .

ദേഹണ്ഡപ്പുരയോടു ചേര്‍ത്തിട്ട സ്റ്റീല്‍ മേശയില്‍ വിളമ്പാനുള്ളതെല്ലാം പകര്‍ന്നു വെച്ചിരിക്കുന്നു. കൂട്ടത്തില്‍ പഴവും, ശര്‍ക്കരവരട്ടിയും, കായഉപ്പേരിയുമുണ്ട് . വിളമ്പുന്നവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ കൊടുത്തു കൊണ്ട് അച്ഛന്റെ മറ്റൊരനിയന്‍ അവിടെ നില്‍ക്കുന്നു . ഇന്നേവരെ എന്നെ “മോനെ” എന്നൊന്ന് വിളിക്കാത്ത ആളാണ്. ഗൗരവക്കാരന്‍ .

എനിക്ക് അതില്‍ നിന്നും ഒരു പഴമോ കുറച്ചു ഉപ്പേരിയോ എടുത്തു കഴിക്കണമെന്നുണ്ട് . പക്ഷെ അന്ന് ; അല്ല, അന്നും ഇന്നും അച്ഛന്റെ വീടിനോളം അപരിചിതമായ മറ്റൊരിടം ഉണ്ടായിട്ടില്ല. അതിന്റെ കൂടെ പകര്‍ന്നു വെച്ചിരിക്കുന്നതില്‍ നിന്നും എടുക്കാമോ, ആരോടെങ്കിലും അനുവാദം വാങ്ങേണ്ടതുണ്ടോ ..എന്നിങ്ങനെ കുറെ ഏറെ സംശയങ്ങള്‍.

ചോദിക്കാതെ എടുത്താല്‍ ഉറപ്പായും പുള്ളി ആളുകളുടെ മുന്നില്‍ വെച്ച് ചീത്ത പറയും… ആകെ നാണക്കേടാകും … മടിച്ചു മടിച്ചു ചോദിച്ചു . അതും ശബ്ദം വളരെ കുറച്ചു . ” എളേച്ഛാ ഞാനിതില്‍ നിന്നും കുറച്ചു ശര്‍ക്കരവരട്ടി എടുത്തോട്ടെ..? ”
വേണ്ട ഞാനെടുത്തു തരാം എന്നൊരു മറുപടിയാണ് ഞാന്‍ പ്രതീക്ഷിച്ചത് . പക്ഷെ മറുപടി മറ്റൊന്നായിരുന്നു
“കണ്ട തെണ്ടി പിള്ളേരുടെ പോലെ തിന്നാന്‍ എടുത്തു വെച്ചിരിക്കുന്നിടത്തു നോക്കി നിന്നോളും … വേണേല്‍ പോയി അടുത്ത പന്തിയ്ക്ക് ഇരിക്കെടാ ..”

അയാളുടെ തൊട്ടടുത്ത്‌ നില്‍ക്കുന്ന എന്നോട് ശബ്ദമല്‍പം കുറച്ചു പറഞ്ഞിരുന്നെങ്കില്‍ പന്തിലില്‍ ഇരുന്നു കഴിക്കുന്നവരുടെ മുന്നില്‍ ഞാന്‍ നാണം കെടില്ലായിരുന്നു…ആ പ്രായത്തിലും ഞാന്‍ ആകെ അപമാനിതനായി. നാണക്കേട്‌ കൊണ്ട് എന്റെ കണ്ണുകള്‍ നിറഞ്ഞു . എനിക്ക് എങ്ങോട്ടെങ്കിലും ഓടി പോകണമെന്ന് തോന്നി…

അന്ന് പിന്നെ ഒന്നും കഴിക്കാന്‍ തോന്നിയില്ല. അച്ഛനും വീട്ടുകാരുമായി അന്ന് അത്ര നല്ല ബന്ധമല്ലാത്തത് കൊണ്ട് വൈകീട്ട് “ടീ പാര്‍ട്ടി ” കഴിഞ്ഞപ്പോ തന്നെ അച്ഛനും അമ്മയും എന്നെയും കൂട്ടി വീട്ടിലേക്ക് ഇറങ്ങി. നടന്നു പോകാനുള്ള ദൂരമേയുള്ളൂ .
ഇറങ്ങാന്‍ നേരം അച്ഛമ്മ എന്റെ കയ്യിലേക്ക് രണ്ടു ലഡ്ഡു എടുത്തു തന്നു . ഞാന്‍ പുറത്തു നില്‍ക്കുകയായിരുന്നു. അച്ഛമ്മ വീടിന്റെ തിണ്ണയിലും. ആ നിമിഷം ഞാനും അച്ഛമ്മയും തമ്മിൽ ഭിക്ഷ യാചിക്കാന്‍ വന്ന ഒരു കുട്ടിയും വീട്ടുകാരിയും തമ്മിലുള്ള ഒരകലമുണ്ടായിരുന്നു . …..

അത്രത്തോളം ആത്മനിന്ദയോടെ ഇന്നേവരെ ഒരു തരി ഭക്ഷണം ഞാന്‍ മറ്റൊരാളില്‍ നിന്നും സ്വീകരിച്ചിട്ടില്ല .
അച്ഛന്‍ മുന്നേ നടന്നു .. ഞാനും അമ്മയും പുറകെ …
” അമ്മേ….”
“ങ്ഉം…? ”
” എനിക്കിത് തിന്നാന്‍ തോന്നുന്നില്ല… ….”

മറുപടി പെട്ടെന്നായിരുന്നു
“വേണ്ടേല്‍ കളഞ്ഞേക്ക് ..”
അമ്മയും എന്തോ ആലോചനയിലായിരുന്നു. ആദ്യമായിട്ടാണ് ഭക്ഷണം കളഞ്ഞേക്കൂ എന്ന് അമ്മ പറയുന്നതും .
ഞാന്‍ ആ രണ്ടു ലഡ്ഡുവും ദൂരേക്ക് വലിച്ചെറിഞ്ഞു, തെക്കേതെരുവുകാരുടെ തീട്ടപ്പറമ്പിലേക്ക് …….
രണ്ടു പാഠങ്ങളാണ് പഠിച്ചത്.

ഭക്ഷണത്തിനു മുന്നിൽ വെച്ചു അപമാനിക്കപ്പെടുന്നതിനേക്കാൾ വലിയ നോവില്ലെന്നും, എത്ര ആഗ്രഹിച്ചതോ പ്രിയപ്പെട്ടതോ ആയാലും നമുക്കുള്ളതല്ലെന്നു ബോധ്യമായാൽ ഒരു നിമിഷം പോലും വൈകാതെ ദൂരേക്ക് വലിച്ചെറിയാൻ മടിയ്ക്കരുതെന്നും.
അതിപ്പോ,അത്രമേൽ പ്രിയപ്പെട്ട വ്യക്തിബന്ധങ്ങൾ ആണെങ്കിൽ പോലും….

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *