ഉപ്പുപ്പയുടെ കയ്യിൽ പണമില്ലാതെ ആയിട്ട് ദിവസങ്ങൾ മൂന്ന് കഴിഞ്ഞു, അങ്ങാടിയിൽ പോയി വരുമ്പോഴെല്ലാം കൊച്ചുമക്കൾക്കെന്തെങ്കിലും വാങ്ങി വരാറുള്ള പതിവുണ്ട്, പണമില്ലാതെ വീടിന് പുറത്തിറങ്ങിയാൽ വെറും കയ്യോടെ വരുമ്പോൾ അവരുടെ കുഞ്ഞു മനസ്സ് വേദനിക്കും, അത് ഉപ്പൂപ്പയ്ക്ക് സഹിക്കാനാകില്ല….
അതുകൊണ്ടിപ്പോൾ അങ്ങാടിയിലേക്ക് പോകാറില്ല, തൊട്ടപ്പുറത്തെ പള്ളിയിലേക്ക് നമസ്കരിക്കാൻ പോകുമ്പോൾ സമപ്രായക്കാരായ സുഹൃത്തുക്കളെല്ലാം കൗതുകത്തോടെ അദ്ദേഹത്തോട് ചോദിക്കും
“അല്ല ഹൈദ്രു, ഇജ്ജെന്താ ഇപ്പോൾ അങ്ങാടിയിലേക്കൊന്നും വരാത്തത്?? ”
“ഒരു ചെറിയ പനി രണ്ടീസായി തുടങ്ങീട്ട് ”
ഏക മകൻ റസാഖ് ഗൾഫിൽ നല്ല ശമ്പളക്കാരനായിട്ടും കയ്യിൽ പണമില്ല എന്ന് പറയുന്നതിനേക്കാൾ എത്രെയോ ഭേദമാണ് ഈ കള്ളം പറയുന്നതെന്ന് അദ്ദേഹം കരുതി. ഒരു ദിവസം മരുമകളോട് കുറച്ചു പണം ചോദിച്ചു, ഉപ്പാക്കെന്തിനാ ഇപ്പോൾ പണത്തിന്റെ ആവശ്യം എന്നായിരുന്നു അവളുടെ മറുചോദ്യം..
“അസുഖം എന്തെങ്കിലും വന്നാൽ ആശുപത്രിയിൽ ഞാൻ കൊണ്ടുപോകാം, തുണിയെന്തെങ്കിലും വാങ്ങാൻ ആഗ്രഹമുണ്ടെങ്കിൽ നമുക്ക് വാങ്ങിക്കാം, എന്താ ആവശ്യമെന്ന് പറഞ്ഞാൽ മതി ” മരുമകളൊരിക്കലും ഉപ്പൂപ്പയോട് മോശമായി പെരുമാറാറില്ല, ദേഷ്യപ്പെടാറുമില്ല, വാർധ്യക്യ സഹജമായ ബുദ്ധിമുട്ടുകൾ നേരിടുന്ന ഉപ്പുപ്പയെ അവർ സ്നേഹത്തോടെ പരിചരിക്കാറുണ്ട്, ഉപ്പൂപ്പായ്ക്കിഷ്ടമുള്ള ആഹാരങ്ങൾ പാകം ചെയ്തു നൽകാറുണ്ട്.
പക്ഷേ ഓരോ മാസവും അവളുടെ അക്കൗണ്ടിലേക്ക് മകൻ അയക്കുന്ന പണത്തിൽ നിന്ന് ഒരു രൂപ പോലും അവൾ ഉപ്പുപ്പയെ ഏൽപ്പിക്കാറില്ല… അതിൽ നിന്ന് അൽപ പണം ഉപ്പുപ്പയെ ഏൽപ്പിക്കാൻ മകനോട്ട് പറയാറുമില്ല…
ഒരു ദിവസം മകൻ ഫോൺ വിളിച്ചപ്പോൾ അദ്ദേഹത്തോട് ചോദിച്ചു.
“ഉപ്പ എന്താ ഇപ്പോൾ പുറത്തേക്കൊന്നും പോകാത്തത്, അവൾ പറഞ്ഞല്ലോ രണ്ടീസായിട്ട് വീട്ടിൽ തന്നെ ആണെന്ന്?? ”
“ഒന്നൂല്ലേടാ, അങ്ങാടിയിൽ പോയിട്ടെന്തിനാ, വെറുതെ വർത്താനം പറഞ്ഞ് നേരം കളയാന്നെല്ലാതെ ”
ഈ ഉപ്പുപ്പയെപ്പോലെ ആരോഗ്യമുണ്ടായിട്ടും വീടിന് പുറത്തിറങ്ങാൻ പറ്റാത്ത ഒരുപാട് ആളുകളുണ്ട്, മരുന്നും വസ്ത്രങ്ങളും വാങ്ങിക്കൊടുത്താൽ അവർക്ക് പണത്തിന്റെ ആവശ്യമില്ലെന്നാണ് ഭൂരിപക്ഷം മക്കളുടെയും ധാരണ.
പക്ഷേ അവർക്കും ചില ആഗ്രഹങ്ങളുണ്ട്, കൊച്ചുമകളുടെ കയ്യിലേക്ക് ഒരു മിട്ടായി വാങ്ങിക്കൊടുത്ത് ആ കുഞ്ഞു കവിളിൽ ഒരു ഉമ്മകൊടുത്ത് ആത്മനിർവൃതി പുൽകാൻ, തന്റെ മകൻ കൊടുത്തയച്ച പണമാണെന്ന അഹങ്കാരത്തോടെ വെള്ളകുപ്പായ കീശയിൽ ഒരു നൂറു രൂപ പ്രദർശിപ്പിക്കാൻ, സുഹൃത്താക്കളുടെ കൂടെ ചായ പീടികയിൽ കുശലാന്വേഷണം നടത്തുമ്പോൾ തന്റെ വക എല്ലാവർക്കും ഒരു ചായ ഓർഡർ ചെയ്യാൻ,
തന്റെ നേരെ നീട്ടുന്ന ദരിദ്രരുടെ കരങ്ങളിലേക്ക് ഒരു പത്ത് ഒരു രൂപ വെച്ചുകൊടുക്കാൻ….
മാസാവസാനം നിങ്ങൾ ഭാര്യയുടെ അക്കൗണ്ടിലേക്ക് ആർഭാടമായി പണം അയക്കുമ്പോൾ ഒരു ആയിരം രൂപ ഉപ്പയുടെ കയ്യിൽ ഏൽപ്പിക്കണമെന്ന് ഓര്മപ്പെടുത്തിയാൽ മാത്രം മതി…