Breaking News
Home / Latest News / അവളുടെ സ്നേഹവും അത് അർഹിക്കുന്നവന് കിട്ടണമായിരുന്നു ഉള്ള് നീറി ജീജ

അവളുടെ സ്നേഹവും അത് അർഹിക്കുന്നവന് കിട്ടണമായിരുന്നു ഉള്ള് നീറി ജീജ

ഭർത്താവ് ആദിത്യന്‍ ജയൻ വിവാഹമോചനം ആവശ്യപ്പെടുന്നതായി വെളിപ്പെടുത്തി നടി അമ്പിളി ദേവി കഴിഞ്ഞ ദിവസമാണ് രംഗത്തെത്തിയത്. തൃശൂരുള്ള വിവാഹിതയായ സ്ത്രീയുമായി ആദിത്യന്‍ പ്രണയത്തിലാണെന്നും അവർക്കൊപ്പം ജീവിക്കാന്‍ തന്നോട് വിവാഹമോചനം ആവശ്യപ്പെടുന്നുവെന്നുമാണ് അമ്പിളിയുടെ ആരോപണം.

മറ്റൊരു കുടുംബവും മകനുമുള്ള ആ സ്ത്രീയുമായും താന്‍ സംസാരിച്ചെന്നും അവരും ആദിത്യനുമായുള്ള ബന്ധത്തിൽ നിന്നു പിൻമാറാൻ തയാറല്ലെന്നും അമ്പിളി വ്യക്തമാക്കുന്നു. ഇതിനെതിരെ, അമ്പിളിയുടെ ആരോപണങ്ങള്‍ തള്ളി ആദിത്യനും രംഗത്തെത്തിക്കഴിഞ്ഞു. അമ്പിളിക്കെതിരെ ആദിത്യനും ആരോപണങ്ങൾ ഉന്നയിച്ചിരിക്കുകയാണ്.

എന്നാൽ ഈ ചർച്ചകൾക്കിടെ സജീവമായ ഉയർന്നു കേട്ട ഒരു പേര് നടി ജീജ സുരേന്ദ്രന്റെതാണ്. വർഷങ്ങളായി മലയാളത്തിന്റെ ബിഗ് സ്ക്രീനും മിനി സ്ക്രീനിലും നിറഞ്ഞു നിൽക്കുന്ന താരമാണ് ജീജ. രണ്ടു വർഷം മുമ്പ് അമ്പിളിയും ആദിത്യനും വിവാഹിതരായ ഘട്ടത്തിൽ ഒരു ചാനൽ പരിപാടിയില്‍, ഇരുവർക്കും ആശംസ നേരുന്നതിനൊപ്പം ജീജ പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും സജീവമായിരിക്കുന്നത്.

‘ഇനി ഭാവിയിൽ, സിനിമാ സീരിയല്‍ ലോകത്ത്, നമ്മളെ ഞെട്ടിച്ചു കൊണ്ട് ഇനിയൊരു മൂന്നാമത് കല്യാണം നിങ്ങൾ രണ്ടു പേരും ചെയ്യരുത്. ജീവിതത്തിൽ തീർച്ചായിട്ടും അഡ്ജസ്റ്റ്മെന്റെന്നുള്ളത് അത്യാവശ്യ ഘടകമാണ്’ എന്നാണ് ജീജ പറഞ്ഞത്. ഇപ്പോള്‍ ഈ വിഡിയോ കാണുന്നവര്‍ ചോദിക്കുന്നത് ജീജ പറഞ്ഞത് സത്യമായല്ലോ എന്നാണ്.

‘‘അങ്ങനെ അറം പറ്റുന്ന ഒരു വാക്ക് പറയുന്ന സ്ത്രീ അല്ല ഞാൻ. ആദിത്യനെയും അമ്പിളിയെയും ഒരു അമ്മയെപ്പോലെയാണ് ഞാൻ സ്നേഹിച്ചത്. മൂന്നു വർഷം അവരുടെ അമ്മയായി അഭിനയിച്ചതുമാണ്. അതിനിടെ, അവർ തമ്മില്‍ സ്നേഹിക്കുന്നു എന്നു മനസ്സിലാക്കിയപ്പോൾ വലിയ സന്തോഷമായിരുന്നു. പിന്നീട് അവര്‍ രണ്ടാളും മറ്റു രണ്ടു പേരെ വിവാഹം കഴിച്ചു.

ആ ബന്ധങ്ങൾ പിരിഞ്ഞ്, അമ്പിളിയും ആദിത്യനും വീണ്ടും ഒന്നിക്കുന്നു എന്നറിഞ്ഞപ്പോഴും അവർ ഇനിയുള്ള കാലം സന്തോഷമായിട്ട് ജീവിക്കട്ടെ എന്നാണ് ആഗ്രഹിച്ചത്. അതിനിെടയാണ് ഒരു ചാനൽ പരിപാടിയില്‍ ഇപ്പോൾ വൈറലാകുന്ന എന്റെ വിഡിയോ വന്നത്. അതിൽ ഞാൻ പറഞ്ഞത് സത്യമാണ്. രണ്ടു പേരും മറ്റൊരു ബന്ധത്തിൽ നിന്നു വന്നവരാണ്. അപ്പോൾ അതിന്റെതായ ഉത്തരവാദിത്വങ്ങളും ഗൗരവവും കാണിക്കണം എന്നാണ് ഉദ്ദേശിച്ചത്’’. – ജീജ ‘വനിത ഓൺലൈനോട്’ പറയുന്നു.

അമ്പിളിയുടെ ആദ്യ ഭർത്താവായ നോവലിനെയും ആദിത്യന്റെ ആദ്യ ഭാര്യയെയും എനിക്കറിയാം. നോവൽ വളരെ നല്ല പയ്യനാണ്. സാധു. ആദിത്യന്റെ ആദ്യ ഭാര്യയായ കുട്ടി ഞാൻ നിർമിച്ച സീരിയലിലൂടെയാണ് അഭിനയ രംഗത്തേക്ക് മടങ്ങിവന്നത്. അറിയാവുന്നവരോടൊക്കെ ഞാൻ പറയാറുണ്ട്. ജീവിതം അഡ്ജസ്റ്റ്മെന്റാണ്. സീരിയൽ പോലെയല്ല. ഒരു കല്യാണം പിരിഞ്ഞാൽ, അടുത്തത് ഇതിൽ കൂടുതൽ നല്ലതാണെന്ന് നിങ്ങൾ ചിന്തിക്കുമായിരിക്കും.

അവിടെ ചെന്നു ജീവിക്കുമ്പോഴേ അറിയുള്ളൂ, ആദ്യത്തേത് ഇതിൽ കൂടുതൽ നല്ലതായിരുന്നു എന്നത്. തിരിച്ചും സംഭവിച്ചേക്കാം. ഇല്ലെന്നല്ല. പക്ഷേ, ഏതൊരാളും ഒരാളെ വിട്ടിട്ട് മറ്റൊരാളെ കെട്ടുമ്പോൾ ഉപേക്ഷിച്ച ആളെക്കാൾ നല്ലതു വേണം പുതിയതായി തിരഞ്ഞെടുക്കാൻ. സ്വഭാവത്തിന്റെ കാര്യമാണ് ഞാൻ പറയുന്നത്. സമ്പത്തും മറ്റും പിന്നീടുള്ള കാര്യമാണ്.

എന്നോട് ആദിത്യന് ദേഷ്യമുണ്ടാകാൻ കാരണം അദ്ദേഹത്തിന്റെ ആദ്യ ഭാര്യയ്ക്ക് ഞാൻ സീരിയലിൽ അവസരങ്ങൾ വാങ്ങിക്കൊടുത്തതാണ്. ആ കുട്ടി എന്നെ വന്നു കണ്ട്, ‘ഒരു റീ എൻട്രി വേണം, സഹായിക്കണം ചേച്ചീ’ എന്നു പറഞ്ഞപ്പോൾ ഞാൻ സഹായിച്ചു.

അപ്പോൾ ചെയ്തു കൊണ്ടിരുന്ന സീരിയലിൽ അനുയോജ്യമായ ഒരു വേഷം വന്നപ്പോൾ ഞാന്‍ സംവിധായകനോട് സംസാരിച്ച് അതു വാങ്ങിക്കൊടുക്കുകയായിരുന്നു. അതു മാത്രമാണ് ആദിത്യന് എന്നോടുള്ള ദേഷ്യം. അല്ലാതെ ആദിത്യനെന്നല്ല ആർക്കും ഞാൻ ഒരു ദോഷവും ചെയ്തിട്ടില്ല.

ഇപ്പോൾ ആ വിഡിയോ കണ്ട എല്ലാവരും ജീജ പറഞ്ഞത് സത്യമായി എന്നു പറയുന്നു. സംപ്രേക്ഷണം ചെയ്ത കാലത്ത് മറിച്ചാണ് സംഭവിച്ചത്. ഞാൻ നെഗറ്റീവ് പറയുന്നു എന്ന തരത്തിലായിരുന്നു പ്രചരണം. അമ്പിളിയോടുള്ള സ്നേഹം കാരണമാണ് ഞാന്‍ അന്നങ്ങനെ പറഞ്ഞത്. പിന്നീട് അവരൊന്നിച്ചുള്ള ചിത്രങ്ങളും ആദിത്യൻ അപ്പുവിനെ സ്നേഹിക്കുന്നതുമൊക്കെ കണ്ടപ്പോൾ വലിയ സന്തോഷമായിരുന്നു. അവരുടെ ജീവിതം നന്നായിരിക്കട്ടെ ഈശ്വരാ എന്നാണ് പ്രാർഥിച്ചത്. 4 ദിവസം മുമ്പ് അമ്പിളിയുടെ വിഡിയോ കണ്ടപ്പോഴും മോശമായി ഒന്നും സംഭവിക്കരുതേ എന്നാഗ്രഹിച്ചു.

എനിക്കിപ്പോൾ വലിയ വേദനയുണ്ട്. അമ്പിളിയുടെ സങ്കടം എനിക്കു കാണാന്‍ വയ്യ. സത്യം പറയാമല്ലോ. അമ്പിളി ഒരു മോശം വ്യക്തിയല്ല. അഭിനയിക്കാന്‍ വന്ന കാലം മുതൽ ഞങ്ങൾക്ക് അറിയാം. ഇപ്പോൾ വരുന്ന ആരോപണങ്ങളില്‍ പറയും പോലെ ഒരാളല്ല അവൾ. ഇനി ആ രണ്ടു മക്കളെ വളർത്താൻ ആ കുട്ടി എത്ര കഷ്ടപ്പെടണം. ചെറിയ പെൺകുട്ടിയല്ലേ. ചെറിയ പ്രായമല്ലേ. നിഷ്കളങ്കയാണ് അവൾ.

അവളുടെ സ്നേഹവും അങ്ങനെയാണ്. അത് അർഹിക്കുന്നവന് കിട്ടണമായിരുന്നു. അമ്പിളിയുടെ സങ്കടത്തില്‍ എനിക്കു വേദനയുണ്ട്. ആ രണ്ടു മക്കളെ വളർത്താൻ അവൾക്ക് ഒരുപാട് വർക്കുകള്‍ കിട്ടണേയെന്നാണ് പ്രാർഥന. അറിയാവുന്ന പ്രൊഡ്യൂസർമാരോട് ഞാനും പറയും. കാരണം, രണ്ടു മക്കളുടെ ആഹാരം, വളർത്തേണ്ട ഉത്തരവാദിത്വം, അത് അമ്പിളിയിലാണ്. അമ്പിളി നല്ല ഒരു അമ്മയാണ്. അവളെ സഹായിക്കേണ്ടത് സുഹൃത്തുക്കളുടെ ഉത്തരവാദിത്വമാണ്.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *