Breaking News
Home / Latest News / സൗദിയിൽ ജോലി ചെയ്യുന്ന സമയത്ത് ഒരു കൂട്ടുകാരന്റെ കല്യാണത്തിന് ഞാൻ കുറച്ചു പൈസ അയച്ചു കൊടുത്തു

സൗദിയിൽ ജോലി ചെയ്യുന്ന സമയത്ത് ഒരു കൂട്ടുകാരന്റെ കല്യാണത്തിന് ഞാൻ കുറച്ചു പൈസ അയച്ചു കൊടുത്തു

സൗദിയിൽ ജോലി ചെയ്യുന്ന സമയത്ത് ഒരു കൂട്ടുകാരന്റെ കല്യാണത്തിന് ഞാൻ കുറച്ചു പൈസ അയച്ചു കൊടുത്തു. കുറച്ചെന്നു പറഞ്ഞാൽ അന്നത്തെ എന്റെ ഒന്നര മാസത്തെ ശമ്പളത്തോളം മൂല്യമുള്ള ഒരു തുക.

നാട്ടിൽ അവനു കിട്ടിയത് ഇരുപതിനായിരം രൂപയാണ്. എന്റെ കല്യാണം ആവുമ്പോൾ തിരിച്ചു തന്നാൽ മതി എന്നായിരുന്നു കരാർ. അങ്ങനെ ഞാൻ നാട്ടിലെത്തി. കല്യാണ പിറ്റേന്നാണ് അവൻ അയച്ച പണം എനിക്ക് കിട്ടിയത്. അത്‌ ഏഴായിരം രൂപയോളം അധികം ഉണ്ടായിരുന്നു.

ഞാൻ അവനെ വിളിച്ചു ചോദിച്ചു. എന്തിനാണ് ഏഴായിരം കൂടുതൽ അയച്ചതെന്ന്.

അവൻ പറഞ്ഞത് അന്നെനിക്ക് ഇരുപതിനായിരം കിട്ടിയപ്പോൾ നീ അയച്ച റിയാൽ മാത്രമാണ് ഞാനും നിനക്ക് അയച്ചു തന്നത് എന്നാണ്.

സത്യമാണ്.

ഞാൻ അയക്കുന്ന സമയത്ത് രൂപയുടെ മൂല്യം കൂടുതലായിരുന്നു. അന്ന് എത്ര റിയാലാണ് ഞാൻ അയച്ചതെന്നു അവൻ ശ്രദ്ധിച്ചിരുന്നു. അവൻ അയക്കുന്ന സമയത്ത് അത്രയും റിയാൽ അയച്ചത് കൊണ്ടാണ് ഏഴായിരം രൂപയോളം അധികം എനിക്ക് കിട്ടിയത്.

അവനു വേണമെങ്കിൽ ഇരുപതിനായിരം രൂപ കിട്ടുന്ന രീതിയിൽ എനിക്ക് പണം അയക്കാമായിരുന്നു. കാരണം അവനു കിട്ടിയത് ഇരുപതിനായിരം മാത്രമാണല്ലോ. ഞാൻ പ്രതീക്ഷിച്ചതും അത്രയുമാണ്. അങ്ങനെ ചെയ്യാതെ ഞാൻ അയച്ച അത്രയും റിയാൽ അയച്ചത് അവന്റെ നല്ല മനസ്സ്.

ചില മനുഷ്യർ അങ്ങനെയാണ്. സ്നേഹം കൊണ്ടും കരുതൽ കൊണ്ടും അവർ നമ്മളെ ചേർത്തു പിടിക്കും. പണമോ പദവികളോ ഒന്നും അവരുടെ മനസ്സിൽ ചാഞ്ചാട്ടം ഉണ്ടാക്കില്ല.

അവനെ പോലെ തന്നെ മറ്റൊരു കൂട്ടുകാരനും ഞാൻ പൈസ കൊടുത്തു. നാലു വർഷങ്ങൾക്ക് മുമ്പ് കുവൈറ്റിൽ ജോലി ചെയ്യുമ്പോഴാണ് ഞാൻ അവനു പൈസ അയച്ചു കൊടുത്തത്. അവന്റെ പെങ്ങളുടെ കല്യാണത്തിന് വേണ്ടിയാണു ആ പൈസ അവൻ വാങ്ങിയത്.

കല്യാണം കഴിഞ്ഞു അവൻ തിരിച്ചു കുവൈറ്റിൽ വന്നു. പറഞ്ഞ ഡേറ്റിലൊന്നും അവൻ പൈസ തന്നില്ല. ഒടുവിൽ ഞാൻ നാട്ടിലെത്തി.

അവൻ പിന്നീട് മൊബൈൽ എടുക്കാതായി. കഴിഞ്ഞ കോവിഡ് കാലത്ത് കയ്യിൽ പൈസ ഇല്ലാതെ വന്നതോടെ ഞാൻ അവനു വീണ്ടും മെസ്സേജ് അയച്ചു. തുടർന്നു വാട്സ്ആപ്പ്, മെസ്സഞ്ചർ തുടങ്ങിയതിൽ നിന്നും എന്നെ അവൻ ബ്ലോക്ക് ചെയ്തു.

മുപ്പതിനായിരം രൂപയോളമാണ് അവൻ എനിക്ക് തരാനുള്ളത്. അവന്റെ അടുത്ത കൂട്ടുകാരോട് അന്വേഷിച്ചപ്പോൾ അവന്റെ പെങ്ങളുടെ കല്യാണം പോലും ആയില്ലെന്നു പറഞ്ഞു.

കള്ളം പറഞ്ഞാണ് അവൻ എന്റെ കയ്യിൽ നിന്നും കാശ് വാങ്ങിയത്. അതും ലീവ് കഴിഞ്ഞു വന്നാൽ കിട്ടുന്ന ആദ്യത്തെ ശമ്പളത്തിൽ നിന്നും തരാമെന്നുള്ള ഉറപ്പിലും. എന്നേക്കാൾ രണ്ടിരട്ടി ശമ്പളം വാങ്ങുന്ന ജോലി ചെയ്യുന്ന ആളായിട്ട് കൂടെ ആ പൈസ അവൻ തന്നില്ല.

ചിലർ അങ്ങനെയാണ്.

സുഹൃത്തുക്കളെയും സ്നേഹ ബന്ധങ്ങളെയും കുറച്ചു കാശിനു വേണ്ടി അവർ വലിച്ചെറിയും. ഇനി എന്നെങ്കിലും അവൻ ആ കാശ് തിരിച്ചു തന്നാലും ഞാൻ അത്‌ വാങ്ങില്ല.

ആ കാശ് കിട്ടിയിരുന്നെങ്കിൽ എന്നാലോചിച്ചു വ്യസനിച്ചു പോയ കുറെ സന്ദർഭങ്ങൾ എനിക്ക് ഉണ്ടായിട്ടുണ്ട്. എങ്ങനെ ഓരോ കാര്യങ്ങളും മുന്നോട്ട് പോവും എന്നാലോചിച്ചു സങ്കടപ്പെട്ടിട്ടുണ്ട്.

അപ്പോഴൊക്കെ എങ്ങനെയോ അതെല്ലാം ഞാൻ അതിജീവിച്ചു. ആരൊക്കെയോ എങ്ങനെയൊക്കെയോ എന്റെ കൈ പിടിച്ചു കര കയറ്റി.

പുസ്തകം ഇറക്കാൻ വരെ എന്നെ സഹായിച്ച ഒരു സുഹൃത്തുണ്ട്. കടമായിട്ടല്ല, നിന്റെ ആഗ്രഹം നടക്കുന്നത് കാണാൻ വേണ്ടിയാണെന്ന സന്തോഷം അവർ പറഞ്ഞപ്പോൾ എന്റെ മനസ്സ് നിറഞ്ഞു മഴ പോലെ പെയ്തു പോയിട്ടുണ്ട്.

പുസ്തകം വിറ്റു കിട്ടിയ പൈസ അവരുടെ കയ്യിൽ തിരിച്ചു കൊടുത്തപ്പോഴാണ് എന്റെ മനസ്സിലും അവരെ പോലെ സന്തോഷവും സമാധാനവും നിറഞ്ഞത്. അവർ എനിക്ക് പൈസ തന്നത് എന്നോടുള്ള വിശ്വാസത്തിന്റെ പുറത്തായിരുന്നു. ഞാൻ അത്‌ തിരിച്ചു കൊടുത്തത് എന്റെ സന്തോഷത്തിനും.

സുഹൃത്തേ,

എന്റെ ഈ പോസ്റ്റ്‌ നീ വായിക്കുമെന്ന് എനിക്കറിയാം.

എന്നെ പോലെ ഒരു പാട് പേരുടെ കയ്യിൽ നിന്നും നീ പണം വാങ്ങിയിട്ടുണ്ടെന്നു എനിക്കറിയാം. ആർക്കും തിരിച്ചു കൊടുത്തിട്ടില്ലെന്നും ഇനി കൊടുക്കാൻ പോകുന്നില്ലെന്നും നല്ലോണം അറിയാം.

സ്നേഹിക്കുന്നവരോട് ഇങ്ങനെ തന്നെയാണ് ചെയ്യേണ്ടത്. പക്ഷെ നീ മനസ്സിലാക്കാതെ പോയ ഒരു കാര്യമുണ്ട്.

പണം ചിലപ്പോൾ വരും പോകും. പക്ഷെ ഇത്തിരി പണത്തിനു വേണ്ടി നീ നഷ്ടപ്പെടുത്തിയ സൗഹൃദങ്ങൾക്ക് അതിനേക്കാൾ എത്രയോ ഇരട്ടി മൂല്യമുണ്ട്. അത്‌ നീയും ഒരു നാൾ തിരിച്ചറിയും.

അപ്പോഴേക്കും നീ അവരിൽ നിന്നെല്ലാം ഒരിക്കലും തിരിച്ചു വരാൻ കഴിയാത്ത ദൂരത്തോളം അകന്നു കഴിഞ്ഞിരിക്കും.

@ഹക്കീം മൊറയൂർ See less

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *