എവിടെയും ദൃശ്യത്തിന്റെ വാര്‍ത്തകളാണ്. ആമസോണ്‍ പ്രൈമില്‍ കൂടി പ്രേക്ഷകരിലേക്ക് എത്തിയതുകൊണ്ടും കേരളത്തിന് പുറത്തേക്കും സിനിമ ചര്‍ച്ചയാവുകയാണ്. ഒന്നാം ഭാഗത്തോട് എല്ലാത്തരത്തിലും നീതി പുലര്‍ത്തി എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. അഭിനേതാക്കളുടെ മികച്ച പ്രകടനത്തെ പറ്റിയും ജീത്തു ജോസഫ് എന്ന സംവിധായകന്റെ ബ്രില്ലിയന്സിനെപറ്റിയുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ നടക്കുകയാണ്.
ദൃശ്യം രണ്ടിന്റെ തെലുങ്ക് പതിപ്പ് അടുത്ത മാസം മുതല്‍ തുടങ്ങാന്‍ പോകുന്നു എന്ന വാര്‍ത്തയും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.സിനിമാ മേഖലയിലും പുറത്തുമുള്ള ഒരുപാട് സെലിബ്രിറ്റികള്‍ സിനിമ കാണുകയും നല്ല അഭിപ്രായങ്ങള്‍ പങ്ക് വെയ്ക്കുകയും ചെയ്തു. ക്രിക്കറ്റ് താരം അശ്വിന്റെ ദൃശ്യം ട്വീറ്റും ആരാധകരെ ആവേശംകൊള്ളിച്ച കാര്യങ്ങളില്‍ ചിലത് മാത്രമാണ്. ഇപ്പോഴിതാ സൂപ്പര്‍ ഡയറക്ടര്‍ ഷാജി കൈലാസും സിനിമ കാണുന്ന ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ട് ദൃശ്യത്തെ കുറിച്ച് പറയുകയാണ്.
മോഹന്‍ലാലിന്റെ കൂടെ നരസിംഹവും ആറാം തമ്പുരാനുമൊക്കെ ഒരുക്കി മലയാളികളുടെ മനസ്സിലിടം നേടിയ ഒരുപിടി ചിത്രങ്ങളുടെ സംവിധായകന് കൂടിയാണ് ഷാജി കൈലാസ്.ഭാര്യ നടിയും അവതാരകയുമായ ആനിക്കൊപ്പം വീട്ടിലെ ടിവിയില്‍ ദൃശ്യം കാണുന്ന ഫോട്ടോയാണ് സംവിധായകന് പങ്ക് വെച്ചിരിക്കുന്നത്. ഫോട്ടോയ്ക്ക് താഴെയുള്ള ഷാജികൈലാസിന്റെ കുറിപ്പ് ഇങ്ങനെ, ‘ദൃശ്യം രണ്ട് കണ്ടു. മികച്ച സിനിമ. മികച്ച തിരക്കഥയും സംവിധാനവും. പ്രതീക്ഷയ്ക്കൊത്ത് എല്ലാവരും ജീവിക്കുകയായിരുന്നു. എല്ലാ വിഭാഗങ്ങളിലും മികവ്.
അപ്രതീക്ഷിതമായ ട്വിസ്റ്റ്. ബ്രില്ല്യന്റ് എക്സിക്യൂഷന്..’ ഷാജികൈലാസ് ലാല്‍ജി (മോഹന്‍ലാല്‍)ക്കും സിനിമയുടെ ക്യാപ്റ്റന്‍ ആയ ജീത്തു ജോസഫിനും സഹോദരതുല്യനായ ആന്റണിപെരുമ്പാവൂരിനും ആശംസയും അഭിന്ദനവും നല്കി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു എന്നും പറഞ്ഞു.പോസ്റ്റിന് താഴെ ഒരുപാട് പേരാണ് അഭിപ്രായങ്ങളുമായി എത്തിയിരിക്കുന്നത്. വീട്ടില്‍ വലിയൊരു ടിവി വാങ്ങിച്ചൂടേ ഷാജിയേട്ടാ എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്.
‘ ഷാജി കൈലാസ്, രാളുടെ പെര്‍ഫോമന്‍സ് താങ്കള്‍ പറഞ്ഞില്ല. മുരളി ഗോപി… ഒരുപാട് പോലീസ് പടം ചെയ്ത താങ്കള്‍ ഇത് കാണാതെ പോയതില്‍ അല്‍ഭുതം തന്നെയാണു. എന്തൊരു അഭിനയം ആണ് അദ്ദേഹം കാഴ്ച വച്ചത്? താങ്കള്‍ തിരുത്തും എന്ന് പ്രതീക്ഷിക്കുന്നു.’ മറ്റൊരു കമന്റ് ഇത്തരത്തിലായിരുന്നു.