പതിവുപോലെ ഇത്തവണയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനാഘോഷം സംഭവബഹുലമായ ചടങ്ങുകളോടുകൂടി, ഗുജറാത്തിലെ കെവഡിയയില്‍ വെച്ച് നടന്നു. സാധാരണ ഭരണകര്‍ത്താക്കളുടെ ജന്മദിനാഘോഷങ്ങള്‍ ഔദ്യോഗികമായി സംഘടിപ്പിക്കുന്ന രീതി അപൂര്‍വമാണ്. എന്നാല്‍ രാജവാഴ്ചാ കാലത്തെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍, നരേന്ദ്രമോദിയുടെ ജന്മദിനം തുടര്‍ച്ചയായി പൊതുഖജനാവില്‍ നിന്നും കോടികള്‍ ചെലവഴിച്ചുകൊണ്ട് രാജ്യത്ത് ആഘോഷിക്കപ്പെടുകയാണ്.
ഭരണാധികാരിയുടെ പിറന്നാളാഘോഷങ്ങളുടെ ആലങ്കാരികതകള്‍ക്ക് വേണ്ടി, വെള്ളത്തിനടിയിലാകുന്നത് ആയിരക്കണക്കിന് ഗ്രാമീണ ജനതയുടെ ജീവിതമാണ്. ഭരണകൂടങ്ങളുടെ തുടര്‍ച്ചയായ വഞ്ചനകള്‍ക്കിരയായി, മുന്നോട്ടുള്ള ജീവിതത്തില്‍ ശൂന്യത മാത്രം ബാക്കിയായ, കര്‍ഷകരും ദളിതരും ആദിവാസികളുമായ ഗ്രാമീണജനതയുടെ വിലാപങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും മീതെ അധികാര ധാര്‍ഷ്ട്യത്തിന്റെ പരവതാനി വിരിച്ചുകൊണ്ട് രാജ്യവും പ്രധാനമന്ത്രിയും മുന്നോട്ടുനീങ്ങുകയുമാണ്.
രാജ്യത്തെ സവിശേഷമായ ഒരു ഭൂപ്രദേശത്ത് ജീവിക്കുന്ന ഗ്രാമീണ ജനത ചരിത്രപരമായി അനുഭവിക്കുന്ന അനീതികളെ പുകമറകള്‍ക്കുള്ളിലാക്കി, അവരെ വീണ്ടും വീണ്ടും ദുരിതങ്ങളുടെ ആഴത്തിലേക്ക് വലിച്ചെറിഞ്ഞുകൊണ്ട് കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി ഒരേ സ്ഥലത്ത് നടന്ന മൂന്ന് ജന്മദിനാഘോഷങ്ങളെക്കുറിച്ചാണ് ഇവിടെ പറയാന്‍ പോകുന്നത്.
മൂന്ന് വര്‍ഷം മുമ്പ് 2017 സെപ്തംബര്‍ 17ന് നരേന്ദ്രമോദിയുടെ അറുപത്തിയേഴാം ജന്മദിനം ആഘോഷിക്കപ്പെട്ടത് സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്റെ ഉദ്ഘാടനത്തോടുകൂടിയായിരുന്നു. ദീര്‍ഘകാലത്തെ ആസൂത്രണ പദ്ധതികളാണ് അതിന് പിന്നിലുണ്ടായിരുന്നത്. വരാന്‍ പോകുന്ന ഗുജറാത്ത് അസംബ്ളി തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അന്ന് സംഘപരിവാര്‍ നടത്തിയ നീക്കങ്ങളുടെ ഭാഗമായി പ്രധാനമന്ത്രിയുടെ ജന്മദിനം ”നര്‍മ്മദ മഹോത്സവം’ എന്ന പേരില്‍ ദിവസങ്ങളോളം നീണ്ടുനിന്ന ആഘോഷപരമ്പരകളായി സംഘടിപ്പിക്കപ്പെടുകയായിരുന്നു.
നരേന്ദ്രമോദിയുടെ മാതൃസംസ്ഥാനമായ ഗുജറാത്തിന്റെ എക്കാലത്തെയും സ്വപ്ന പദ്ധതിയായ സര്‍ദാര്‍ സരോവര്‍ അണക്കെട്ട് വലിപ്പത്തില്‍ രാജ്യത്തെ ഒന്നാമത്തതെന്നും ലോകത്തില്‍ രണ്ടാമത്തതെന്നുമുള്ള വിശേഷണങ്ങളോടുകൂടി അന്നേ ദിവസം രാജ്യത്തിന് സമര്‍പ്പിക്കപ്പെട്ടു
ഗുജറാത്തിലെ നര്‍മ്മദ ജില്ലയിലെ കെവഡിയ കോളനിയില്‍ വെച്ച് നടന്ന വിപുലമായ ചടങ്ങില്‍ നൂറുകണക്കിന് വിശിഷ്ടാതിഥികളാണ് അന്ന് പങ്കെടുത്തത്. ”ഗുജറാത്തിന്റെ ജീവരേഖയായ സര്‍ദാര്‍ സരോവര്‍ പദ്ധതി ഞാനിതാ പൂര്‍ത്തിയാക്കിയിരിക്കുന്നു.
മറ്റൊരു ഹരിതവിപ്ലവത്തിനാണ് ഇനി ഗുജറാത്ത് സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. ഇത്രയേറെ ആക്രമണങ്ങള്‍ നേരിട്ട വേറൊരു വികസനപദ്ധതിയുണ്ടാവില്ല. രാജ്യതാത്പര്യത്തിന് വിരുദ്ധമായി നില്‍ക്കുന്ന ദുഷ്ട ശക്തികളുടെ നിരന്തരമായ ഗൂഢ നീക്കങ്ങള്‍ പദ്ധതിയെ തടയാന്‍ ശ്രമിച്ചുവെങ്കിലും ഒടുക്കം നാം വിജയം കണ്ടെത്തി” ഇങ്ങനെ പോകുന്നതായിരുന്നു നരേന്ദ്രമോദിയുടെ ജന്മദിന പ്രസംഗം.
ഒരു വര്‍ഷത്തിന് ശേഷം 2018 ഒക്ടോബര്‍ 31 ന് രാജ്യം മറ്റൊരു പിറന്നാളാഘോഷത്തിന് സാക്ഷ്യം വഹിച്ചു. സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ 143ാം ജന്മദിനമായിരുന്നു അത്. ലോകത്തിലെ തന്നെ ഏറ്റവും വലുതെന്ന് വിശേഷിപ്പിക്കപ്പെട്ട, 3000 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മിച്ച ‘ഐക്യത്തിന്റെ പ്രതിമ'(സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ഏകതാ പ്രതിമ) അന്ന് രാജ്യത്തിന് സമര്‍പ്പിക്കപ്പെട്ടു.
”…’ഏക ഭാരത്, ശ്രേഷ്ഠ് ഭാരത്” എന്നതിന്റെ അടയാളമാണ് ഏകതാ പ്രതിമ. ഇതിന്റെ ഉയരം രാജ്യത്തിന്റെ ശോഭനമായ ഭാവിയെക്കുറിച്ച് യുവതലമുറയ്ക്കുള്ള ഓര്‍മ്മപ്പെടുത്തലാണ്. ഒറ്റക്കെട്ടായ രാജ്യത്തിന്റെ പ്രതിഫലനമാണ് തലയുയര്‍ത്തി നില്‍ക്കുന്നത്….” ഇങ്ങനെ പോകുന്നതായിരുന്നു അന്ന് പ്രധാനമന്ത്രി നടത്തിയ പ്രസംഗം.
വീണ്ടും ഒരു വര്‍ഷത്തിനിപ്പുറം ഇക്കഴിഞ്ഞ സെപ്തംബര്‍ 17ന് മുന്‍പത്തേത് പോലെ നരേന്ദ്രമോദിയുടെ ജന്മദിനാഘോഷം വലിയ രീതിയില്‍ തന്നെ സംഘടിപ്പിക്കപ്പെട്ടു. സര്‍ദാര്‍ സരോവര്‍ അണക്കെട്ടിലെ ജലനിരപ്പ് അതിന്റെ പരമാവധി വാഹകശേഷിയായ 139.68 മീറ്ററിലേക്ക് ഉയര്‍ത്തിയതിന്റെ ഭാഗമായി ‘നമാമി നര്‍മദ ഫെസ്റ്റിവല്‍’ എന്ന പേരിലായിരുന്നു ഇത്തവണത്തെ ജന്മദിനാഘോഷം.
തുടര്‍ച്ചയായ ഈ മൂന്ന് വര്‍ഷങ്ങളിലും, കേന്ദ്ര സര്‍ക്കാറും ഗുജറാത്ത് സര്‍ക്കാറും ബി.ജെ.പിയും ചേര്‍ന്നൊഴുക്കിയ കോടികളുടെ വര്‍ണ്ണപ്പകിട്ടില്‍ ഗുജറാത്തിലെ കെവഡിയയും സാധുബേട്ട് കുന്നുമെല്ലാം ആഘോഷങ്ങളില്‍ ആടിത്തിമര്‍ത്തപ്പോള്‍ തൊട്ടപ്പുറത്ത് മദ്ധ്യപ്രദേശിലെയും മഹാരാഷ്ട്രയിലെയും നിമാഡ് പ്രദേശങ്ങളിലും ഗുജറാത്തിലെ തന്നെ നവ്ഗാം, ലിംദി, വഗാരിയ, കോദി, ഗോറ തുടങ്ങിയ ഗ്രാമങ്ങളിലും ലക്ഷക്കണക്കിന് മനുഷ്യര്‍ അവരുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിനായി പരക്കം പായുകയായിരുന്നു.
ആഘോഷങ്ങള്‍ക്കായി ബലിയാടായ ജനത