ഒമാനിലെ സലാലയിൽ റോപകടത്തിൽ മരിച്ച സഹപ്രവർത്തകന്റെ ഓർമകളെ നെഞ്ചേറ്റി മലയാളി യുവാവിന്റെ കുറിപ്പ്. ദുബായിൽ ഐടി മേഖലയിൽ ജോലി ചെയ്തിരുന്ന ഹൈദരാബാദ് സ്വദേശി ഗൗസുല്ല ഖാന്റെ അകാല വിയോഗത്തിനു പിന്നാലെയാണ് ഹൃദയം തൊടുന്ന കുറിപ്പുമായി സുഹൃത്ത് എത്തിയിരിക്കുന്നത്. ഗൗസുല്ല ഖാൻ ജോലി ചെയ്യുന്ന ഒാഫീസിൽ തൊട്ടടുത്തിരുന്ന് ജോലി ചെയ്തിരുന്ന ആലപ്പുഴ ചെങ്ങന്നൂര്‍ കൊല്ലകടവ് സ്വദേശി ഗീവർഗീസ് ഫിലിപ്പ് മലയിലാണ് യാത്രാ മൊഴി പോലും പറയാതെ പോയ സുഹൃത്തിന്റെ വേർപാടിൽ വേദനിക്കുന്നത്.
ഇൗ മാസം 13ന് പുലർച്ചെയുണ്ടായ അപകടത്തിൽ ഗൗസുല്ല ഖാൻ(32), ഭാര്യ ആയിഷ സിദ്ദീഖി(29), മകൻ ഹംസ സിദ്ദീഖി എന്നിവരാണ് സലാലയിൽ അവധി ആഘോഷിച്ച് മടങ്ങുമ്പോൾ കുടുംബം സഞ്ചരിച്ച കാർ എതിരെ വന്ന സ്വദേശിയുടെ വാഹനവുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഇവരുടെ മൃതദേഹങ്ങൾ ഹൈദരാബാദിലേയ്ക്ക് കൊണ്ടുപോയി. സാരമായ പരുക്കേറ്റ മകൾ ഹാനിയ സിദ്ദീഖി സലാലയിലെ ആശുപത്രിയിൽ ഗുരുതര നിലയിൽ കഴിയുകയാണ്.
നാലര വർഷം മുൻപാണ് ഗൗസുല്ല ഖാൻ ഞങ്ങളുടെ ഒാഫീസിൽ ജോലിക്കെത്തിയത്. ഞങ്ങൾ ഇരുവരും അടുത്തടുത്തിരുന്ന് ജോലി ചെയ്യാൻ തുടങ്ങിയിട്ട് ഒരു വർഷം ആകുന്നതേയുള്ളൂ. എന്നാൽ തമ്മിൽ സൗഹൃദത്തിലാകാൻ ഏറെ നാളുകൾ വേണ്ടിവന്നില്ല. വളരെ സൗമ്യനും മുഖത്ത് എപ്പോഴും പുഞ്ചിരി സൂക്ഷിക്കുന്ന വ്യക്തിയുമായിരുന്നു ഗൗസുല്ല. അദ്ദേഹം ദീർഘദൂര യാത്രകളെ വളരെ ഇഷ്ടപ്പെട്ടിരുന്നു. പലപ്പോഴും ഒറ്റയ്ക്ക് യാത്ര പോകുമായിരുന്നു. യാത്ര പുറപ്പെടുമ്പോഴും വന്നാൽ അതിന്റെ വിശേഷങ്ങളും പറയാൻ അവന് തിടുക്കമായിരുന്നെങ്കിലും ഒറ്റയ്ക്കുള്ള ഇൗ യാത്രകളിലെ സാഹസികതയെക്കുറിച്ച് പറഞ്ഞ് അങ്ങനെ ചെയ്യരുതെന്ന് വിലക്കുമായിരുന്നു.
എന്നാൽ, ഒരാഴ്ച അവധിയിലായതിനാൽ അവസാന യാത്രയെക്കുറിച്ച് പറഞ്ഞിരുന്നില്ല. ഒടുവിൽ അവനും കുടുംബവും എന്നെന്നേക്കുമായി വിട്ടുപിരിഞ്ഞു എന്നറിഞ്ഞപ്പോൾ ഞങ്ങൾക്ക് സങ്കടം സഹിക്കാൻ പറ്റുന്നില്ല. അവന്റെ പ്രിയ പുത്രി മാത്രം രക്ഷപ്പെട്ടിരിക്കുന്നു. പ്രിയപ്പെട്ട മാതാപിതാക്കളും കുഞ്ഞനിയനും തന്നെ വിട്ടുപോയതറിയാതെ ഗുരുതര നിലയിൽ ചികിത്സയിൽ കഴിയുന്ന ആ പൊന്നുമോൾ എത്രയും പെട്ടെന്ന് സുഖംപ്രാപിക്കട്ടെ എന്നാണ് ഞങ്ങളുടെ പ്രാർഥന– ഗീവർഗീസ് ഫിലിപ്പ് പറഞ്ഞു.
ഗീവർഗീസിന്റെ കുറിപ്പ് ഇങ്ങനെ;
‘ഗൗസുല്ല, ഇനി ഒരു ഓർമ. ഒരു വർഷത്തിലേറെയായി ഓഫീസിൽ എന്റെ തൊട്ടടുത്ത സീററിൽ ഇരുന്നു ജോലി ചെയ്ത ഹൈദരാബാദ് കാരനായ ഒരു കൊച്ചു പയ്യനെന്നു തോന്നിക്കുന്ന യുവാവ്. വളരെ മാന്യനായ സഹപ്രവർത്തകൻ. ജോലിസ്ഥലത്തു മറ്റുള്ളവരോട് എങ്ങനെ വളരെ മാന്യമായി പെരുമാറാം എന്ന് മറ്റുള്ളവർ കണ്ടു പഠിക്കേണ്ടിയിരുന്ന വ്യക്തിത്വം. മറ്റുള്ളവരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടാതെ, ചെയ്യാനുള്ള ജോലികൾ കൃത്യതയോടെ ചെയ്ത, മാതൃക ആക്കേണ്ട വ്യക്തിത്വം.
ഒമാനിലെ സലാലയിൽ അവധി ദിനങ്ങൾ ആഘോഷിച്ചു, തിരിച്ചു ദുബായിലേയ്ക്കുള്ള യാത്രാ മധ്യേ ഈ വെള്ളിയാഴ്ച അതിരാവിലെയുണ്ടായ വാഹനാപകടത്തിൽ ഗൗസുല്ലയും ഭാര്യയും ഒൻപതു മാസം മാത്രം പ്രായമുള്ള ഇളയ മകനും മരിച്ചു. മൂന്നു വയസ്സുള്ള മൂത്ത മകൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലും. ഞാൻ കുടുംബവുമൊത്തു ഈയടുത്തു ചില യൂറോപ്യൻ രാജ്യങ്ങളിലേക്കു യാത്ര നടത്തിയിരുന്നു. ഇതേക്കുറിച്ച് കഴിഞ്ഞയാഴ്ച (സലാല യാത്രയ്ക്ക് തൊട്ടു മുൻപ്) ചോദിച്ചറിഞ്ഞ ഗൗസുല്ല, അദ്ദേഹത്തിന്റെ പൊടിക്കുഞ്ഞുങ്ങൾ കുറച്ചു കൂടി മുതിർന്നതിനു ശേഷം താനും ചരിത്രമുറങ്ങുന്ന ആ നാടുകളിലേക്ക് യത്ര പോകും എന്ന് അറിയിച്ചിരുന്നു. ആ യാത്രകൾ ഇനി?.
ഓഫീസിൽ എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കാൻ തുടങ്ങിയ അന്ന് മുതൽ ഞങ്ങൾ രണ്ടുപേരും രാവിലെ ഓഫീസിലേയ്ക്ക് വരുമ്പോഴും ജോലി കഴിഞ്ഞു തിരിച്ചു പോകുമ്പോഴും അന്യോന്യം ആശംസകൾ അർപ്പിച്ചിരുന്നു. ഞായറാഴ്ച (അടുത്ത പ്രവൃത്തി ദിനം) മുതൽ ആ ആശംസകൾ?.. പ്രിയ സുഹൃത്തേ നാളെ മുതൽ നിന്റെ കസേരയിൽ നീ കാണില്ലല്ലോ. “ഗുഡ്മോർണിങ്ങും” “ഗുഡ് ബൈയും” ആശംസകൾ പറയാനും കേൾക്കാനും നീയില്ലല്ലോ.
യാത്രകളെ സ്നേഹിച്ചു, യാത്രകളെ ആഗ്രഹിച്ചു, യാത്രയിലൂടെ, അവസാന യാത്രയിലേയ്ക്കു, യാത്രയായ കൂട്ടുകാരാ നിനക്ക് പ്രണാമം. ഒരു നിമിഷം കൊണ്ട് അപ്പനും അമ്മയും അനുജനും നഷ്ടപ്പെട്ടു തീർത്തും അനാഥയായിപ്പോയ ആ മൂന്നു വയസ്സുള്ള കുഞ്ഞിന്റെ അവസ്ഥ ഓർത്തു നോക്കൂ. അതും ഇപ്പോൾ മറ്റൊരു രാജ്യത്ത്. ബന്ധുക്കൾക്ക് പോലും മൃതദേഹങ്ങളുടെ കൂടെ പോകണോ കുട്ടിയുടെ കൂടെ നിൽക്കണോ എന്നറിയാത്ത അവസ്ഥ. ആശുപത്രിയിൽ കിടക്കുന്ന ആ കുഞ്ഞു അപകടനില തരണം ചെയ്തില്ലെങ്കിൽ എങ്ങനെ? ചെയ്താൽ എങ്ങനെ? ആർക്കും, ഏതു സമയവും സംഭവിക്കാവുന്ന ചില യാഥാർഥ്യങ്ങളിൽ ഒന്ന്