Breaking News
Home / Latest News / ഭർത്താവിന്റെ മരണശേഷം ഐവിഎഫ് ചികിത്സയിലൂടെ ഇരട്ടക്കുട്ടികൾക്ക് ജൻമം നൽകിയ ഷിൽനയെ മലയാളി ഒരുപാട് ഇഷ്ടത്തോടെ പലകുറി നെഞ്ചോട് ചേർത്തതാണ്

ഭർത്താവിന്റെ മരണശേഷം ഐവിഎഫ് ചികിത്സയിലൂടെ ഇരട്ടക്കുട്ടികൾക്ക് ജൻമം നൽകിയ ഷിൽനയെ മലയാളി ഒരുപാട് ഇഷ്ടത്തോടെ പലകുറി നെഞ്ചോട് ചേർത്തതാണ്

ഭർത്താവിന്റെ മരണശേഷം ഐവിഎഫ് ചികിത്സയിലൂടെ ഇരട്ടക്കുട്ടികൾക്ക് ജൻമം നൽകിയ ഷിൽനയെ മലയാളി ഒരുപാട് ഇഷ്ടത്തോടെ പലകുറി നെഞ്ചോട് ചേർത്തതാണ്. കോഴിക്കോട് എആർഎംസി ചികിൽസാ കേന്ദ്രത്തിൽ സൂക്ഷിച്ചിരുന്ന ഭർത്താവ് സുധാകരന്റെ ബീജം മരണശേഷം ഷിൽനയുടെ ഗർഭപാത്രത്തിൽ നിക്ഷേപിച്ചു നടത്തിയ ചികിൽസയിലൂടെയാണ് ഇരട്ട പെൺകുഞ്ഞുങ്ങൾക്ക് ജൻമം നൽകിയത്. ഇപ്പോഴിതാ കുഞ്ഞുങ്ങളുടെ ഒന്നാം പിറന്നാളിന് മക്കളെയും കൂട്ടി ഡോക്ടർക്ക് നന്ദി പറയാനെത്തിയിരിക്കുകയാണ് ഷിൽന. ഹൃദ്യമായ ആ അനുഭവം ഡോക്ടർ ഷൈജസ് നായർ ഫെയ്സ്ബുക്കിൽ കുറിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം:

ഷിൽന, നമിക്കുന്നു നിന്നെ !

മാതൃത്വം എന്നും വാഴ്ത്തപ്പെടേണ്ടത് തന്നെ… പക്ഷെ നീ അതിനെ മറ്റൊരു തലത്തിലേക്കാണെത്തിച്ചത്. രോഗിയാണെന്നറിഞ്ഞാൽ, ശാരീരികമായി തളർച്ച ബാധിച്ചു എന്നറിഞ്ഞാൽ, എന്തിനു വന്ധ്യത ഉണ്ടെന്നറിഞ്ഞാൽ പോലും സ്വന്തം പങ്കാളിയെ വിട്ടുപോവുന്ന ഒരു കാലം. അത്തരം ഒരു കാലഘട്ടത്തിൽ തന്നെയല്ലേ നീയും ജീവിച്ചിരുന്നത്?

എന്നിട്ടും, ഒരു സാധാരണ മനുഷ്യന് ചിന്തിക്കാൻ പറ്റുന്നതിലും ഒരുപാട് മേലെ, എങ്ങനെ നിനക്കു ചിന്തിക്കാൻ കഴിഞ്ഞു? മറ്റൊരാൾക്കും എടുക്കാൻ പറ്റാത്ത തീരുമാനങ്ങളിലേക്കു എത്തിച്ചേരാൻ, നിനക്കും കുടുംബത്തിനും എങ്ങനെ സാധിച്ചു?

ഓരോ വട്ടം നിന്നെ കാണുമ്പോളും ചോദിക്കാൻ മനസ്സിൽ കൊണ്ട് നടന്ന ചോദ്യങ്ങളാണ് ഇവ. പക്ഷെ ഒരിക്കലും അതങ്ങു ചോദിക്കാൻ സാധിച്ചില്ല, അല്ലേൽ ചോദിക്കാൻ മനസ്സ് വന്നില്ല ! അധികം സംസാരിക്കാൻ ഇഷ്ടപെടാത്ത, എന്നാൽ എഴുതാൻ ഇഷ്ടപെടുന്നവളാണേ, നമ്മുടെ ഈ ഷിൽന. അതുകൊണ്ട് തന്നെ ഞാൻ ചോദിച്ചിരുന്നേലും, ഇതിനൊക്കെയുള്ള മറുപടി, എല്ലാം അടക്കിവച്ചുള്ള, കണ്ണ് നിറഞ്ഞുള്ള, ഒരു ചിരിയായിരുന്നേനെ. അവിടെയാണ് ഷിൽന, നീ നമ്മുക്കെല്ലാം പ്രിയപെട്ടവളായി മാറുന്നത്, ഈ സമൂഹത്തിനു തന്നെ ഒരു മാതൃകയായി മാറുന്നത് !

അങ്ങനെ നിന്റെ ചക്കരക്കുട്ടികളുടെ ഒന്നാം പിറന്നാളും വന്നെത്തി. അവരുടെ കാര്യങ്ങളും, ബാങ്കിലെ ഉത്തരവാദിത്വങ്ങളും, എല്ലാം കൂടിയ തിരക്കിനിടയിലും, നീ ഞങ്ങളെ കാണാൻ ARMC യിൽ എത്തിയില്ലേ? അതാണ്‌ നിന്റെ മനസ്സ് ! നിന്നെയും കുടുംബത്തെയും വീണ്ടും കണ്ടപ്പോൾ, അറിയാതെ തന്നെ മനസ്സ് ഫ്ലാഷ്ബാക്ക് മോഡിലേക്ക് പോയി. അകാലത്തിൽ നിന്നെ വിട്ടു പോയ പ്രിയതമന്റെ ബീജം ഉപയോഗിച്ചുണ്ടായ ഭ്രൂണത്തെ ഗർഭാശയത്തിലേക്ക് സ്വീകരിക്കാൻ നീ തീരുമാനിക്കുന്നു. അപ്പോൾ തന്നെ നിനക്കറിയാമായിരുന്നില്ലേ ഇനി മുന്നോട്ടുള്ള വഴികൾ ഇതിനു മുൻപ് ആരും സഞ്ചരിച്ചിട്ടുള്ളവയല്ല എന്ന്? എന്നിട്ടും ധൈര്യം സംഭരിച്ചു നീയും കുടുംബവും മുന്നോട്ട് തന്നെ നീങ്ങി…

രക്ത ടെസ്റ്റിൽ പോസിറ്റീവ് റിസൾട്ട്‌ വന്ന നിമിഷം മുതൽ, ഏറെക്കുറെ എന്റെ ഓർമയിലുണ്ട് നിന്റെ ഗർഭകാല ചെക്കപ്പുകൾ എല്ലാം തന്നെ. ഗർഭിണിയായ ഒരു സ്ത്രീക്ക് ആദ്യ മാസങ്ങളിൽ ഉണ്ടായേക്കാവുന്ന, എന്നാൽ വലിയ ബുദ്ധിമുട്ടില്ലാതെ തന്നെ നേരിടാവുന്ന പ്രശ്നങ്ങൾ മാത്രമായിരുന്നു നിനക്കും.. പക്ഷെ നിന്റെ അപ്പോഴത്തെ മാനസികാവസ്ഥയിൽ അത് നിന്നെ എത്രത്തോളം ബാധിക്കുന്നുണ്ടായിരുന്നു എന്ന് ഞാനറിഞ്ഞിരുന്നു. “ഇതൊക്കെ നേരിടാൻ നിനക്കു അനായാസമായി കഴിയും” എന്ന് നിന്നോട് പറയുമ്പോഴും, അതിനു വേണ്ട ശക്തി ഇവൾക്ക് കൊടുക്കണേ എന്നുള്ള പ്രാർത്ഥനയായിരുന്നു മനസ്സിൽ….

കൺസൾട്ടിങ് റൂമിൽ എനിക്ക് മുന്നിൽ എത്തിയത് കുടുംബത്തോടൊപ്പമായിരുന്നു. മിനുട്ടുകൾ മുതൽ മണിക്കൂറുകൾ വരെ നീണ്ടു നിന്ന നമ്മുടെ സംഭാഷണങ്ങൾ. അത് വെറും ഗർഭകാല ചെക്കപ്പുകൾ മാത്രമായിരുന്നില്ല, ഒരു വിശദമായ കൗൺസിലിങ് സെഷൻ തന്നെ ആയിരുന്നു. ആദ്യ മാസങ്ങളിലെ ഛർദിയും, നെഞ്ചേരിച്ചിലും, പിന്നെയുള്ള മാസങ്ങളിൽ കാണപ്പെട്ട കാലിലെ നീരും, ഇരട്ട കുട്ടികളായതിനാലുള്ള വലിയ വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും എല്ലാം നിന്റെ ജീവിതം ദുഷ്കരമാക്കിയിരുന്നു. നിന്റെ ധൈര്യം ചോർന്നു പോകാതിരിക്കാൻ വേണ്ടി, നിന്റെ പ്രശ്നങ്ങൾ അത്ര വലുതല്ല എന്ന തോന്നലുളവാക്കാൻ വേണ്ടി മാത്രം,

മറ്റു പലരുടെയും ഗർഭകാല കഥകൾ നർമം ചേർത്ത് നിനക്കു മുന്നിൽ അവതരിപ്പിക്കുമ്പോഴെല്ലാം, എന്റെ ഉള്ളിൽ പറഞ്ഞറിയിക്കാനാവാത്ത ഒരു നീറ്റലായിരുന്നു. ഒരു രോഗിയെ ചികിത്സിച്ചു വിജയിച്ച ഒരു ഡോക്ടറുടെ സന്തോഷമല്ല ഇന്ന് നമുക്കുള്ളത്. മറിച്ചു നിന്റെ ആ വലിയ തീരുമാനത്തിന് കൂട്ടു നിൽക്കാൻ ദൈവം നിയോഗിച്ച ഒരു കൂട്ടം മനുഷ്യരുടെ സംതൃപ്തിയാണിപ്പോൾ നമുക്ക്….

ഷിൽന നമിക്കുന്നു നിന്നെ! നിയക്കും നിമക്കും ഒരുപാടൊരുപാട് സ്നേഹവും ചക്കര ഉമ്മയും…

Dr ഷൈജസ്, ARMC IVF സെന്റർ, കണ്ണൂർ

About Intensive Promo

Leave a Reply

Your email address will not be published.