post ttps://www.vanitha.in
ഡയണീഷ്യ’ എന്ന അപൂർവ പേരുള്ള വീടിന്‍റെ ഉമ്മറത്തിരുന്ന് വിജയരാഘവന്‍ പറഞ്ഞു തുടങ്ങിയത് അച്ഛന്‍ നാടകാചാര്യന്‍ എന്‍.എൻ പിള്ളയെക്കുറിച്ചുള്ള ഒാര്‍മപ്പൊട്ടുകളാണ്. ‘‘അച്ഛൻ പണിത വീടാണിത്. ഈ പേരിട്ടതും അച്ഛനാണ്. നാടകം എന്ന കലാരൂപം ആദ്യം അര ങ്ങേറിയത് ഡയണീഷ്യൻ ദേവാലയത്തിലാണ്. ഗ്രീക്ക് പുരാണത്തില്‍ നാടകങ്ങളുടെ ദേവനാണ് ‘ഡയണീഷ്യ’. നാടകം ജീവശ്വാസമായിരുന്ന ഒരാൾ സ്വന്തം വീടിന് വേറെന്തു പേരിടാൻ.
അച്ഛൻ വിശ്വസിച്ചത് ദൈവത്തിലായിരുന്നില്ല, നാടകത്തിലായിരുന്നു. ശ്വാസം കിട്ടാതെ പിടയുമ്പോഴും കരയുകയല്ല, ‘ഇതൊന്ന് തീർന്നു കിട്ടിയിരുന്നെങ്കിൽ’ എന്ന് പറഞ്ഞു മരണത്തെ വിളിച്ചു വരുത്തുകയായിരുന്നു. ആ ദിവസങ്ങളില്‍ പരിചയത്തിലുള്ള ഒരു സ്ത്രീ അച്ഛനെ കാണാനെത്തി. ശ്വാസത്തിനു വേണ്ടിയുള്ള പെടാപ്പാടു കണ്ട് അവർ അച്ഛന്റെ ചെവിയിലെന്തോ മന്ത്രിച്ചു.
അറയ്ക്കുന്ന എന്തോ കേട്ടതു പോലെ ‘ഹാ’ എന്നു പറഞ്ഞ് അച്ഛൻ തല വെട്ടിത്തിരിച്ചു. പന്തികേട് തോന്നി ഞാനവരെ പതുക്കെ പുറത്തേക്ക് കൊണ്ടുപോയി. മടങ്ങി വന്ന് ‘എന്താ അങ്ങനെ ചെയ്തത്’ എന്നു ചോദിച്ചപ്പോള്‍ പറഞ്ഞത് ‘അവരെന്റെ ചെവിയിൽ ദൈവനാമം ജപിക്കുന്നു’ എന്നാണ്. രണ്ടു മണിക്കൂറിനുള്ളില്‍ അച്ഛൻ മരിച്ചു.
പ്രണയവിവാഹമാണോ?
പരസ്പരം അറിയാം. സുമയും ഞാനും ബന്ധുക്കളാണ്. വീടുകൾ തമ്മിൽ അധികം ദൂരമില്ല. ആലോചിച്ചുറപ്പിച്ച വിവാഹമാണ്. കല്യാണം കഴിയുമ്പോൾ സുമയ്ക്ക് പതിെനട്ടു വയസ്സേയുള്ളൂ. അവളുടെ അച്ഛന്റെ കൂടെ ജീവിച്ചതിനേക്കാളും കൂടുതൽ കാലം എന്റെ കൂടെയാണു ജീവിച്ചത്. അതല്ലേ പ്രണയം എന്നു പറയുന്നത്. ഈ കൂട്ടുകുടുംബം കൊണ്ടു നടക്കുന്നതിന്റെ മുഴുവൻ ക്രെഡിറ്റും സുമയ്ക്കുള്ളതാണ്.
ഇനിയൊരു ജന്മമുണ്ടെങ്കിൽ?
പത്തു ജന്മമുണ്ടെങ്കിലും എനിക്ക് നടനായി ജനിച്ചാൽ മതി. എന്റെ ജീവിതം മാത്രമല്ല ഞാൻ ജീവിക്കുന്നത്. മറ്റു പലരുടെയും ജീവിതത്തിലൂടെ കടന്നു പോയി അവരുടെ ആത്മസങ്കടങ്ങളും സന്തോഷവുമെല്ലാം അറിയാൻ സാധിക്കുന്നു. ഈ അവസ്ഥകളെല്ലാം നമ്മുടെ മനുഷ്യത്വത്തെയും ബാധിക്കും.
ഞാൻ വലിയൊരു സംഭവമാണെന്നു ചിന്തിച്ചാൽ പിന്നീട് നമുക്കൊരിക്കലും താഴേക്കിറങ്ങി വരാൻ പറ്റില്ല. വലിയ സംഭവമല്ലെന്നു ചിന്തിച്ചാൽ പിന്നെ, നമുക്ക് ഏതു വേഷവും അഭിനയിക്കാം. പട്ടാളക്കാരനാകാം, കള്ളനാകാം, ഭിക്ഷക്കാരനാകാം. എന്തുമാകാം.
എനിക്ക് ആറുമാസമുള്ളപ്പോൾ എടുത്ത ഫോട്ടോയാണ് എന്റെ ഫോണിൽ സ്ക്രീൻ സേവറായി ഇട്ടിരിക്കുന്നത്. ഓരോ തവണ ഫോണെടുക്കുമ്പോഴും ആ ചിത്രം എന്നെ ഓർമപ്പെടുത്തും. ‘കുട്ടാ, നീയിത്രയേയുള്ളൂ… പിന്നെന്തിനാണ് വെറുതെ പെരുക്കുന്നത്?’
അഭിമുഖത്തിന്റെ പൂർണരൂപം വനിത സെപ്റ്റംബർ ആദ്യ ലക്കത്തിൽ (ഓണപ്പതിപ്പ്) വായിക്കാം
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ