Breaking News
Home / Latest News / തൊട്ടപ്പുറത്ത് തേഞ്ഞു പഴകിയ അച്ഛന്റെ പഴയ പൊട്ടാറായ വള്ളിച്ചെരിപ്പും

തൊട്ടപ്പുറത്ത് തേഞ്ഞു പഴകിയ അച്ഛന്റെ പഴയ പൊട്ടാറായ വള്ളിച്ചെരിപ്പും

<പിശുക്കൻ>

ഓണത്തിനു തുണി എടുക്കാൻ പോകാമെന്നു പറഞ്ഞപ്പോ അനിയത്തി പറഞ്ഞു. – ” അച്ഛനമായാണു പോകുന്നതെങ്കിൽ ഞാനില്ല.എനിക്കിഷ്ടമുള്ള തൊന്നും വാങ്ങാൻ അച്ഛൻ സമ്മതിക്കില്ലാ.. ”

പിന്നെ അമ്മയും ഞാനും കൂടി നിർബന്ധിച്ചിട്ടാണ് അവൾ കൂടെ വന്നത്.
തുണിക്കടയിൽ എത്തി, അമ്മയ്ക്ക് ഒരു സാരിയും, എനിക്കൊരു ഷർട്ടും സെലക്ട് ചെയ്തു.
” എനിക്കിതു മതി… ” എന്നത്തെയും പോലെ വില കൂടിയ ഒരു ഫ്രോക്ക് കയ്യിലെടുത്തു അനിയത്തി പറഞ്ഞു.

“ഏയ്… ഇതു വേണ്ട… വേറെ ഏതെങ്കിലും നോക്ക്” – അതിന്റെ വില കണ്ടിട്ടാണ് അച്ഛനങ്ങനെ പറഞ്ഞത്.

” എനിക്കിതു തന്നെ മതി…. ഇല്ലെങ്കിൽ എനിക്കൊന്നും വേണ്ട” -പക്ഷെ അവൾ അതിനായി വാശി പിടിച്ചു കൊണ്ടിരുന്നു.

” നീ പറയുന്നതു കേട്ടാൽ മതി” -അച്ഛന്റെ വിധം മാറി. അവളങ്ങനെ മനസില്ലാ മനസ്റ്റോടെ അച്ഛനോട് മുഖം വീർപ്പിച്ച് വേറെ ഒരു ചുരിദാർ സെലക്ട് ചെയ്തു.

ഇതിനിടയിൽ തന്റെ മകൾക്കിഷ്ടപ്പെട്ട വില കൂടിയ ആ ഫ്രോക്കു വാങ്ങി നല്കാനാകാതെ തന്റെ കയ്യിലുള്ള പണം ആരും കാണാതെ എണ്ണി നോക്കി സങ്കടപ്പെട്ട അച്ഛനെ ആരും കണ്ടില്ല.

ഞങ്ങൾക്കോരോന്നു വാങ്ങുമ്പോഴും തനിയ്ക്കായി ഒന്നും അച്ഛൻ വാങ്ങിയിരുന്നില്ല. അല്ലേലും അച്ഛൻ ഇടുന്ന ഷർട്ടിന്റെ തുണി ഈ കടയിൽ കിട്ടില്ല.മീറ്ററിനു അറുപത്തഞ്ചു രൂപ വിലയുള്ള അത് അച്ഛൻ എവിടെ നിന്നാണു വാങ്ങിക്കൊണ്ടു വരുന്നതെന്ന് ഇന്നും എനിക്കറ്റില്ല. അതും രണ്ടു മൂന്നു വർഷം കൂടുമ്പോൾ മാത്രം….

അടുത്തത് ചെരിപ്പ് കട ആയിരുന്നു… അമ്മയ്ക്കൊരു ചെരിപ്പ് വാങ്ങാനാണ് കയറിയത്. അനിയത്തി വാശി പിടിച്ചപ്പോ ആവശ്യമില്ലെങ്കിലും അവൾക്കും ഒരെണ്ണം വാങ്ങി.ഞാനവിടെ ഒരു ഷൂവിൽ തൊട്ടു തലോടി നടന്നത് അച്ഛൻ കണ്ടോ എന്നറിയില്ല. അച്ഛന്റെ ബുദ്ധിമുട്ട് നല്ലോണം അറിയാവുന്ന ഞാൻ മോഹമുണ്ടെങ്കിലും അതു വാങ്ങാനും പറഞ്ഞില്ല.

ഓണത്തിനുള്ള പച്ചക്കറിയും മറ്റു സാധനങ്ങളുമായിരുന്നു അടുത്ത ലക്ഷ്യം. സാധനങ്ങളുടെയെല്ലാം വില തിരക്കി കടക്കാരനോടു വിലപേശുന്ന അച്ഛനെ മറ്റുള്ളവർ പരിഹാസത്തോടെ നോക്കുന്നത് ഞാൻ കണ്ടു… ഇതൊക്കെയാണെങ്കിലും ഞങ്ങൾക്ക് ഒരു പോരായ്മയും വരാതെ വീട്ടിലേക്കാവശ്യമായ എല്ലാം അച്ഛൻ കൃത്യമായി വാങ്ങിയിരുന്നു.

ബിരിയാണി വേണമെന്നു വാശി പിടിച്ചപ്പോൾ എനിക്കും അമ്മയ്ക്കും അതിയത്തിക്കും ബിരിയാണി വാങ്ങി നല്കി, വിശപ്പായില്ല എന്നു പറഞ്ഞ് ഒരു കട്ടൻ ചായ മാത്രം കുടിച്ച് ഞങ്ങൾ കഴിക്കുന്നത് സന്തോഷത്തോടെ നോക്കി വിശപ്പടക്കി അച്ഛൻ.

അവസാനം ടൗണിൽ നിന്നും വീട്ടിലേക്കുള്ള ബസിനായി കാത്തുനിൽക്കാൻ നേരം അമ്മ അച്ഛനോട് പറഞ്ഞു.- “നിങ്ങൾക്കു ഡോക്ടറെ കാണണ്ടേ മനുഷ്യാ… ആ ചുമയ്ക്കൊരു കുറവും ഇല്ലല്ലോ… മരുന്നു വാങ്ങണ്ടേ ”

“അതിനി പിന്നെയാകട്ടെ. ഇപ്പൊ ഇത്തിരി കുറവുണ്ട് ” – ഏകദേശം കാലിയായ പോക്കറ്റ് തടവിക്കൊണ്ട് അച്ഛൻ പറയുമ്പോഴും അച്ഛന്റെ മുഖത്തുന്നെനിക്ക് വായിച്ചെടുക്കാം അച്ഛന്റെ ചുമ മാറിയതുകൊണ്ടല്ല അച്ഛനങ്ങനെ പറഞ്ഞതെന്ന്.

ഒരു മാസത്തിനപ്പുറം അച്ഛൻ കൂലി കിട്ടിയ ദിവസം, അനിയത്തി കൊതിച്ച ആ വില കൂടിയ ഫ്രോക്ക് അച്ഛൻ അമ്മയുടെ കയ്യിൽ കൊണ്ടുവന്നു കൊടുത്തതു ഞാൻ കണ്ടു… പുറത്തോട്ടിറങ്ങിയ ഞാൻ മറ്റൊന്നു കൂടി കണ്ടു.ഉമ്മറത്ത് വീട്ടുപടിയ്ക്കൽ ഞാനന്നു തൊട്ടു തലോടി നടന്ന ഞാൻ വാങ്ങാനാഗ്രഹിച്ച ആ ഷൂ…. തൊട്ടപ്പുറത്ത് തേഞ്ഞു പഴകിയ അച്ഛന്റെ പഴയ പൊട്ടാറായ വള്ളിച്ചെരിപ്പും…

അടുത്ത ദിവസം പതിവുപോലെ ചുമട്ടു ജോലിയ്ക്കായി മാർക്കറ്റിലേയ്ക്കു പോകുമ്പോഴും അച്ഛൻ നന്നായി ചുമയ്ക്കുന്നുണ്ടായിരുന്നു…
കടപ്പാട്

About Intensive Promo

Leave a Reply

Your email address will not be published.