Breaking News
Home / Latest News / മോള് കഴിഞ്ഞ ദിവസം പറഞ്ഞു. അവൾക്ക് ഈ ദുനിയാവില് ഒട്ടും ഇഷ്ടമില്ലാത്ത ഒരാൾ ആ മനുഷ്യനാണെന്ന്

മോള് കഴിഞ്ഞ ദിവസം പറഞ്ഞു. അവൾക്ക് ഈ ദുനിയാവില് ഒട്ടും ഇഷ്ടമില്ലാത്ത ഒരാൾ ആ മനുഷ്യനാണെന്ന്

post: https://www.vanitha.in

ആയിരം ആശ്വാസ വാക്കുകള്‍ കൊണ്ട് തുലാഭാരം നടത്തിയാലും ആ വിയോഗം സമ്മാനിച്ച വേദനയൊഴിയില്ല. ഒരു പുഞ്ചിരിയോടെ മാത്രം സുഹൃത്തുക്കളെ കണ്ടിരുന്ന മനുഷ്യൻ. കെഎം ബഷീർ എന്ന സൗമ്യനായ മനുഷ്യന്‍ ഓർമ്മച്ചെപ്പിൽ സൂക്ഷിക്കാൻ തന്നിട്ടു പോയത് ഒരായിരം നിമിഷങ്ങൾ… സൗഹൃദത്തിന്റെ ആഴവും പരപ്പും അളന്നു കുറിച്ചായിരുന്നില്ല കെഎം ബഷീർ ഏവരോടും അടുത്ത് ഇടപഴകിയിരുന്നത്.

ആദ്യമായി കാണുന്നവരെപ്പോലും തന്റെ സൗഹൃദച്ചെപ്പിലേക്ക് ചേർത്തു നിർത്താനുള്ള എന്തോ ഒരു മാജിക്ക് അദ്ദേഹത്തിന് വശമുണ്ടായിരുന്നു. ബഷീറിന്റെ വിയോഗം സമ്മാനിച്ച വേദന കനലായെരിയുന്ന നിമിഷത്തിൽ ‘വനിത’ അദ്ദേഹത്തിന്റെ കുടുംബത്തിനരികിലേക്ക് എത്തി. വനിത ഓണ പതിപ്പിലായിരുന്നു ബഷീറിന്റെ കുടുംബാംഗങ്ങളുമായുള്വ ഹൃദയം നുറുക്കുന്ന സമാഗമം…ടെൻസി ജെയ്ക്കബ് തയ്യാറാക്കിയ അഭിമുഖത്തിൽ നിന്നുള്ള പ്രസക്ത ഭാഗം ചുവടെ…

ഇനിയില്ല, ഒരു യാത്രയും

യാത്ര വലിയ ഇഷ്ടമുള്ള ഒരാൾ. ഒരു മടുപ്പില്ലാതെ ലോകത്തിന്റെ അറ്റം വരെയും പോയി വരും. ഈ പെരുന്നാൾക്കും കൂട്ടുകാരോടൊത്ത് ടൂർ പ്ലാൻ ചെയ്തിരുന്നതാണ്. കഴിഞ്ഞ കൊല്ലം ഓണത്തിന് ഞങ്ങളെ തിരുവനന്തപുരത്തേക്കു കൊണ്ടുപോയിരുന്നു. ചെറിയൊരു ട്രിപ് പ്ലാൻ ചെയ്ത് ട്രെയിനിൽ ഇരിക്കുമ്പോഴാണ് ഓഫിസിൽ നിന്നു വിളി വന്നത്. പ്രളയം കാര്യമായി ബാധിച്ച എവിടേക്കോ പോകാനാണ്. പോയി വന്നിട്ടു പറഞ്ഞു. ‘നമ്മളൊക്കെ എത്ര ഭാഗ്യമുള്ളവരാണ്. അവരുടെയൊക്കെ അവസ്ഥ കാണണം.’ പക്ഷേ, ഇപ്പോ… ഈ ഒാണത്തിന്…’ ജസീലയുെട കണ്ണുകളിൽ തെളിയുന്നുണ്ട് ഉള്ളിലെ പെരുങ്കടലിന്റെ ഇരമ്പം.

അവസാനമായി വിളിച്ച ദിവസവും ജോലിക്കൂടുതലുള്ളതുകൊണ്ട് ഓഫിസിൽ തന്നെ കിടക്കുകയാണെന്നു പറഞ്ഞിരുന്നു. മരണം നടന്ന ദിവസവും അതുപോലെ കിടന്നാൽ മതിയായിരുന്നു. പോവണമെന്നു വിധിച്ചിട്ടുണ്ടാവും, അതുകൊണ്ടായിരിക്കും…

മൂത്തമോള് ചെറുതായിരുന്നപ്പോൾ മൂത്രമൊഴിക്കുമോ എ ന്നു പേടിച്ച് എടുക്കാൻ മടിയായിരുന്നു. ചെറിയ മോള് ഉണ്ടായപ്പോൾ ഈ പേടി പോയി. ഇപ്പോൾ ആലോചിക്കുമ്പോൾ തോന്നുന്നു, കുറച്ചുകാലമേ അബ്ബയുടെ സ്നേഹം ഉണ്ടാവുള്ളൂ എന്നു വച്ചിട്ടാകും മോളെ എടുത്തു കൊഞ്ചിച്ചത്.

നിറയെ സ്വപ്നങ്ങൾ കാണുന്ന ഒരാളായിരുന്നു. ഓരോന്നും എന്നോടു വിശദീകരിക്കും. ജോലിയിൽ നിന്നു വിരമിച്ചു കഴിയുമ്പോൾ നിറയെ പുസ്തകങ്ങളെഴുതണം. പിന്നെ ആളുകളെ സഹായിക്കാൻ പറ്റുന്ന ഒരു ഓഫിസ് തുടങ്ങണം എന്നൊക്കെയായിരുന്നു ആഗ്രഹം. അതെല്ലാം ബാക്കിവച്ചിട്ടല്ലേ പോയത്.

ശനിയാഴ്ച കാലത്താകുമ്പോൾ ഒരു തോന്നൽ വരും. ജ സീലാ… എന്നു വിളിച്ചുകൊണ്ടു മുഖം നിറയെ ചിരിയുമായി ഇപ്പോൾ വന്നു കയറും എന്ന്. ആള് ഏതവസ്ഥയിലാണെങ്കിലും ജീവനോടെ ഉണ്ടായാൽ മതിയായിരുന്നു. ഞാൻ നോക്കിയേനെ. എന്നും എന്റെയൊപ്പം ഉണ്ടാവൂലോ, ആ കൂടെ എനിക്ക് ജീവിക്കാലോ… അവര് പോയതോടെ ഞങ്ങളുടെ സുഖങ്ങളൊക്കെ കഴിഞ്ഞു.

ഓഫിസിൽ ഫാമിലി മീറ്റ് വരുമ്പോൾ ഞങ്ങളെ കൊണ്ടുപോകാൻ വലിയ ഉത്സാഹമാണ്. ഞാൻ മടിച്ചു നിൽക്കുമ്പോ ൾ പറയും. ‘ഫാമിലി ഇല്ലാതെ എന്തു ഫാമിലി മീറ്റ്?’ ഞങ്ങൾ ചെല്ലുമ്പോൾ എന്നെയും മക്കളെയും എല്ലാവരേയും പരിചയപ്പെടുത്തും.

ഉമ്മൻചാണ്ടി സാറിനെയും വി.എസ്. അച്യുതാനന്ദനെയും വലിയ ഇഷ്ടമായിരുന്നു. രാഷ്ട്രീയപരമായിരുന്നില്ല, അവരുടെ വ്യക്തിത്വത്തോടുള്ള ഇഷ്ടമായിരുന്നു അത്. ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ് മൂന്നാറിൽ കയ്യേറ്റം ഒഴിപ്പിച്ച വാർത്തയൊക്കെ വായിച്ച് ബഷീർ ആവേശപൂർവ്വം സംസാരിച്ചത് ഓർമയുണ്ട്. പുതിയ ഐഎഎസുകാരിൽ പ്രതീക്ഷയുള്ള ആളാണെന്നും പറഞ്ഞിരുന്നു. ആ ആളാണ്…

കല്യാണം കഴിഞ്ഞതു മുതൽ എല്ലാ പിഎസ്‌സി പരീക്ഷകളും എഴുതിച്ചിട്ടുണ്ട്. അവസാനം വിളിച്ചപ്പോഴും പിഎസ്‌സി പരീക്ഷയെക്കുറിച്ചു പറഞ്ഞാണ് വച്ചത്. ഇപ്പോ സര്‍ക്കാര്‍ എ നിക്ക് േജാലി തരുന്നു എന്നു സുഹൃത്തുക്കൾ പറഞ്ഞറിഞ്ഞു. കിട്ടിയാൽ പോണം എന്നു തന്നെയാണ് ആഗ്രഹം. എത്രനാൾ മറ്റുള്ളവരെ ആശ്രയിച്ച് കഴിയും. മക്കളൊക്കെ വളർന്നു വരാൻ കാലമെത്ര ബാക്കിയാണ്.

ഒരപേക്ഷ കൂടിയുണ്ട്. ബഷീറിനു രണ്ടു ഫോണുണ്ടായിരുന്നതിൽ ചെറിയ ഫോൺ ആകെ പൊട്ടിതകർന്ന നിലയിൽ കിട്ടിയെന്നു പറഞ്ഞു. സ്മാർട് ഫോൺ ഇതുവരെ കണ്ടെത്തിയിട്ടില്ല. ആ നമ്പറിൽ വിളിച്ചു നോക്കിയപ്പോൾ താൽക്കാലികമായി ലഭ്യമല്ല എന്ന മെസേജാണ് കേൾക്കുന്നത്.

അതെനിക്ക് തിരികെ കിട്ടണം. ആ ഫോണിൽ ഞങ്ങൾ നാലുപേർ ഒരുമിച്ചെടുത്ത കുറെ നല്ല ചിത്രങ്ങളുണ്ട്. ഇനിയെനിക്ക് അതൊക്കെയല്ലേയുള്ളൂ… ടെക്നോളജി ഇത്രയും വികസിച്ചിട്ടും ഒരു സ്മാർട് ഫോൺ കണ്ടെത്താനാകുന്നില്ലെന്നു പറയുമ്പോൾ സംശയം തോന്നുന്നു.

മോള് കഴിഞ്ഞ ദിവസം പറഞ്ഞു. അവൾക്ക് ഈ ദുനിയാവില് ഒട്ടും ഇഷ്ടമില്ലാത്ത ഒരാൾ ആ മനുഷ്യനാണെന്ന്. നമ്മുടെ വീട്ടിലേക്ക് വന്നാൽ കയറാൻ സമ്മതിക്കരുത് ഉമ്മാ. ’ എന്നു പറഞ്ഞ് െകഞ്ചി. െകാച്ചുകുഞ്ഞല്ലേ, അവള്‍ക്കൊന്നുമറിയില്ലല്ലോ. ഞാനവളെ തിരുത്തി ‘അങ്ങനെയൊന്നും പറയരുതു മോളേ… ആരോടും പകയുണ്ടാകരുത്. അബ്ബയ്ക്കത് ഇഷ്ടമാവില്ല….’

ജീവിച്ചു കൊതിതീരാത്ത ഒരു മനുഷ്യനെയാണ് അവര്‍ ഇല്ലാതാക്കി കളഞ്ഞത്. ഞങ്ങളുടെ ജീവിതത്തിലെ വെളിച്ചം ഒറ്റയടിക്ക് കെടുത്തി. ഇനി ഒന്നേയുള്ളൂ. സംഭവിച്ചതെന്താണെന്ന് ഞങ്ങള്‍ക്കറിയണം. നീതി കിട്ടുകയും വേണം.

അപകടം ഉണ്ടാക്കിയവരോടും അതു തേച്ചുമാച്ചു കളയാന്‍ കൂട്ടു നിന്നവരോടും ഒന്നേ േചാദിക്കാനുള്ളൂ, ‘സത്യത്തെ എത്ര നുണ കൊണ്ടു മറച്ചാലും അള്ളാഹുവിന്റെ കണ്ണിൽ നിന്നു മറയ്ക്കാനാവുമോ?’

ഫോട്ടോ ഇൻസാഫ്

About Intensive Promo

Leave a Reply

Your email address will not be published.