കണ്ണൂരിലെ ഒരു പൊലീസുകാരനെ തേടി ‘ഭൂമിയിലെ ഏറ്റവും വിനയമുള്ള ദൈവത്തിന്റെ’ ഒരു കത്തെത്തിയിരിക്കുന്നു. സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർ കത്തിലൂടെ മറുപടി അയച്ച അമ്പരപ്പിലാണ് സിവിൽ പൊലീസ് ഓഫീസറായ ശ്രീലേഷ്.
ഇന്നാണ് ശ്രീലേഷിന്‍റെ മേല്‍വിലാസത്തില്‍ മുംൈബയില്‍ നിന്നും ഒരു കത്തെത്തിയത്. കവറിന്‍റെ പുറത്ത് അയച്ച മനുഷ്യന്‍റെ പേര് കണ്ട് പോസ്റ്റ് ഒാഫിസിലെ ജീവനക്കാരന്‍ െഞട്ടി. ശ്രീലേഷിനെ ഫോണില്‍ വിളിച്ച് കാര്യം പറഞ്ഞെങ്കിലും ആദ്യം വിശ്വസിക്കാനായില്ല. ആരെങ്കിലും പറ്റിക്കാന്‍ അയച്ചതാവും എന്നാണ് പൊലീസുകാരനും കരുതിയത്.
എന്നാല്‍ പതിയെ കത്ത് പുറത്തായി. അതെ സാക്ഷാല്‍ സച്ചിന്‍ മറുപടിയെഴുതിയിരിക്കുന്നു. ഒപ്പം നിധി പോലെ സൂക്ഷിക്കാന്‍ അദ്ദേഹം ഒപ്പിട്ട് നല്‍കിയ ചിത്രവും കുറിപ്പും. ഇതില്‍ ഏറെ ശ്രദ്ധേയം സച്ചിനോടുള്ള ആരാധനയില്‍ ശ്രീലേഷ് ഒരുക്കിയ ചിത്രത്തിലെ ഒരു സീനില്‍ സച്ചിന് കത്തയക്കുന്ന രംഗമുണ്ട്. അങ്ങനെ അയച്ച കത്തിനാണ് സച്ചിന്‍ മറുപടി അയച്ചിരിക്കുന്നത്.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ഇതിഹാസം തന്ന മറുപടി..
എന്തുകൊണ്ട് സച്ചിൻ??ഈ ചോദ്യത്തിന് ഉത്തരമായി ഇന്ന് രാവിലെ വരെയുണ്ടായിരുന്ന നിമിഷങ്ങളിൽ എനിക്ക് പല വിശദീകരണങ്ങളും നൽകേണ്ടി വന്നിരുന്നു..അയാളൊരു നല്ല ക്രിക്കറ്റർ ആണ്..100 സെഞ്ചുറി അടിച്ചിട്ടുണ്ട്…അദ്ദേഹം അടിക്കുന്ന ബൗണ്ടറി കാണാൻ എന്തൊരു ഭംഗിയാണ് അങ്ങനെ പലതും…പക്ഷെ ഇന്ന് രാവിലെ മുതൽ, ഒരുപക്ഷേ ഇനിയങ്ങോട്ട് എന്തുകൊണ്ട് സച്ചിൻ എന്ന ചോദ്യത്തിന് എനിക്ക് ഒരൊറ്റ ഉത്തരമേ ഉള്ളൂ..അതാണ് ഞാൻ എഴുതുന്ന ഈ അക്ഷരങ്ങൾ..ഇതിന്റെ കൂടെ ഞാൻ ചേർക്കുന്ന ചിത്രങ്ങൾ..
ചില ദിവസങ്ങൾ അങ്ങനെയാണ്..
ജീവിതകാലം മുഴുവൻ ഓർക്കേണ്ടുന്ന ദിവസമായി അവ കടന്നു പോകും..അങ്ങനെ ഒരു ദിവസമാണ് എനിക്ക് ഇന്ന്..ഈ സെപ്റ്റംബർ 16..ഇന്ന് രാവിലെ തലശ്ശേരിയിലേക്ക് കോടതി ഡ്യൂട്ടിക്കായി ബസ് കയറി ഇരുന്നപ്പോഴാണ് പരിചിതമല്ലാത്ത ഒരു നമ്പറിൽ നിന്നും എനിക്ക് ഒരു കാൾ വന്നത്..അത് കരിമ്പം പോസ്റ്റ് ഓഫീസിലെ ഒരു ജീവനക്കാരനായിരുന്നു..
നിങ്ങൾക്ക് മുംബൈയിൽ നിന്നും ഒരു കത്ത് വന്നിട്ടുണ്ട് വന്നെടുക്കാൻ പറ്റുമോ എന്ന് ചോദിച്ചായിരുന്നു ആ വിളി..മുംബൈയിൽ നിന്ന് ഒരു കത്ത് വരാൻ ഇല്ല എന്നൊരു തോന്നൽ ഉണ്ടായിരുന്നത് കൊണ്ടു തന്നെ ഞാൻ ആ കത്തിന്റെ അഡ്രസ് ചോദിച്ചു.. അപ്പോൾ അയാൾ പറഞ്ഞത് ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറിന്റെ അഡ്രസ് ആയിരുന്നു..ആ നിമിഷം എനിക്കൊന്നും മനസിലാകുന്നുണ്ടായിരുന്നില്ല..എന്തോ പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു..എന്നെ പറ്റിക്കാൻ വേണ്ടി ആരെങ്കിലും ചെയ്തതാണോ എന്നറിയാൻ ഞാൻ കുറെ കഴിഞ്ഞു അയാളെ ഒന്നുകൂടി വിളിച്ചു നോക്കി..അപ്പോഴും അയാൾ അതു തന്നെ പറഞ്ഞു.. സച്ചിന്റെ എഴുത്താണ് മുംബൈയിൽ നിന്നാണ് എന്ന്..
പോസ്റ്റ് ഓഫീസിന്റെ മുന്നിൽ തന്നെയുള്ള എന്റെ ചെറിയമ്മയുടെ കൈവശം ആ കത്ത് ഏൽപ്പിക്കാൻ ഞാൻ പറയുകയും അയാൾ അപ്രകാരം ചെയ്യുകയും ചെയ്തു..അപ്പോഴേക്കും ഞാൻ കോടതിയിൽ എത്തിയിരുന്നു..എന്റെ ക്ഷമ മുഴുവനായും നശിച്ചിരുന്നു..അതുകൊണ്ടു തന്നെ ഞാൻ ചെറിയമ്മയോട് കത്ത് പൊട്ടിച്ചു വായിക്കാനും അതിന്റെ ഫോട്ടോസ് എടുത്ത് എനിക്ക് അയച്ചു തരാനും പറഞ്ഞു..ചെറിയമ്മ ചിത്രങ്ങൾ അയച്ചു തന്നപ്പോൾ,അതൊക്കെ ഞാൻ കണ്ടപ്പോൾ എന്നിൽ മുഴുവനായി ഒരു കൊള്ളിയാൻ പാഞ്ഞു..എന്തു ചെയ്യണം,
ആരോടൊക്കെ പറയണം ഫെയ്സ്‌ബുക്കിൽ എന്തൊക്കെ എഴുതണം എന്നൊക്കെ ചിന്തിച്ചു നിന്നു കുറച്ചു നേരം..സ്വപ്നം യാഥാർഥ്യമായി എന്നു പറയാൻ എനിക്ക് പറ്റില്ല..കാരണം ഇങ്ങനൊരു കാര്യം സ്വപ്നം കാണാനുള്ള ധൈര്യം പോലും എനിക്ക് ഇല്ലായിരുന്നു…സച്ചിൻ എനിക്കൊരു എഴുത്ത് അയച്ചിരിക്കുന്നു…അതിന്റെ കൂടെ സ്വന്തം കൈയൊപ്പ് വരച്ച രണ്ടു ചിത്രങ്ങളും…ഒരു ക്രിക്കറ്റ് ഭ്രാന്തന്..ഒരു സച്ചിൻ ആരാധകനു ഇതിൽപ്പരം എന്തു വേണം??
ഞാൻ എഴുതി സംവിധാനം ചെയ്ത,ഞാൻ തന്നെ അഭിനയിച്ച #mylittlegod എന്ന ഷോട്ട് ഫിലിം എന്റെ തന്നെ ജീവിത കഥയാണ്..എന്നെപോലെ നിരവധി പേർക്ക് അവരുടെ ജീവിതങ്ങളുമായി ബന്ധപ്പെടുത്താൻ പറ്റിയ ഒന്നാണ് എന്നു ഞാൻ വിശ്വസിക്കുന്നുമുണ്ട്..എന്നാലും യൂ ട്യൂബിൽ ഞാൻ പ്രതീക്ഷിച്ച അത്രയും പേരൊന്നും ആ ഫിലിം കാണാഞ്ഞപ്പോൾ എനിക്ക് വിഷമം തോന്നിയിട്ടുണ്ട്..പക്ഷെ ഇന്ന് അതൊക്കെ മാറിയിരിക്കുന്നു..ചിത്രത്തിന്റെ അവസാന ഭാഗത്ത് ഞാൻ സച്ചിന് ഒരു എഴുത്ത് അയക്കുന്നുണ്ട്..
ആ കത്ത് സച്ചിന് കിട്ടിയിരിക്കുന്നു..സച്ചിൻ എനിക്ക് ഒരു മറുപടി അയച്ചിരിക്കുന്നു…എനിക്ക് അദ്ദേഹത്തോടുള്ള സ്നേഹവും ആരാധനയും അദ്ദേഹം അറിഞ്ഞിരിക്കുന്നു..എന്നെ അഭിനന്ദിച്ചിരിക്കുന്നു…എന്റെ സന്തോഷം അറിയിക്കാൻ എനിക്ക് വാക്കുകൾ തികയാതെ വരുന്നു..അദ്ദേഹത്തിന്റെ കോടാനുകോടി ആരാധകർ ആഗ്രഹിക്കുന്ന ഒരു ഭാഗ്യം എന്നെ തേടിയെത്തിയിരിക്കുന്നു..
അതേ…എന്തുകൊണ്ട് സച്ചിൻ എന്ന ചോദ്യത്തിനു എനിക്ക് ഇന്ന് മുതൽ ഒരുത്തരമേ ഉള്ളൂ…അയാൾ ഒരു രക്ഷയുമില്ലാത്ത ഒരു മനുഷ്യനാണ്…ക്രിക്കറ്റ് നെ സ്നേഹിക്കുന്ന അവസാന നാൾവരെയും,അതിനു ശേഷവും അയാൾ എനിക്ക് ദൈവമാണ്..ക്രിക്കെറ്റിന്റെ ദൈവം…My Little God..#Sachin_Tendulkar