വാഹനാപകടങ്ങളിൽ പെട്ടവർ ആരാലും സഹായം ലഭിക്കാതെ റോഡരികിൽ ചോര വാർന്ന് മരിക്കുന്ന വാർത്തകൾ ഇക്കാലത്ത് സാധാരണമാണ്. നിയമക്കുരുക്കുകൾ മുതൽ കാറിന്റെ സീറ്റിലായേക്കാവുന്ന ചോരക്കറ വരെ കാരണമാക്കി അപകടത്തിൽ പെട്ടവരിൽ നിന്നും മുഖം തിരിച്ചു കളയുന്നവരാണ് നമ്മളിൽ പലരും. പക്ഷെ, അപകടം പറ്റിയത് നമുക്ക് വേണ്ടപ്പെട്ടവർക്കാണെങ്കിലോ?
ഐ.സി.യു എന്ന ഹ്രസ്വചിത്രത്തിലൂടെ പ്രേക്ഷകർക്ക് മുൻപിൽ വെയ്ക്കുന്നതും ഇതേ ചോദ്യമാണ്. ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ദിലീപ് മോഹൻ, തന്റെ യഥാർത്ഥ ജീവിതത്തിൽ, വർഷങ്ങൾക്ക് മുമ്പേ നടന്ന ഒരു വാഹനാപകടത്തിൽ റോഡരികിൽ മണിക്കൂറുകളോളം ചോര വാർന്ന് കിടന്നിരുന്നു.
അനിഷ് വി.എ സംവിധാനം ചെയ്ത ഈ ഹ്രസ്വചിത്രത്തിലൂടെ നായകനായി ദിലീപ് പ്രേക്ഷകർക്ക് മുൻപിൽ എത്തിയത് തികച്ചും യാദൃശ്ചികം മാത്രം. ഇതെക്കുറിച്ച് ദിലീപ് മോഹൻ ഫെയ്സ്ബുക്കിൽ കുറിച്ചതിങ്ങനെ…
വർഷങ്ങൾക്ക് മുൻപ് ഒരു ഏപ്രിൽ 1… ഏപ്രിൽ ഫൂൾ ദിനം…. താരീഖിന് തന്റെ മറ്റൊരു ഫ്രണ്ടിന്റെ ഫോൺ കോൾ വരികയാണ് …. ദിലീപിന് ആക്സിഡന്റായി …. സീരിയസാണ് എന്ന് കേൾക്കുന്നു …. അവൻ ചിരിച്ചു കൊണ്ട് ‘എടാ ദിലീപേ നീ സൗണ്ട് മാറ്റി പറ്റിക്കല്ലേ …. ‘ ഏപ്രിൽ ഫുളിന് ഇത് നിന്റെ സ്ഥിരം പരിപാടിയാണ് …. ഫോൺ കട്ട് ആവുന്നു …. പിറ്റേന്ന് പത്രവാർത്ത കണ്ട് അവന്റെ എല്ലാ സുഹൃത്തുക്കളും ഹോസ്പിറ്റലിൽ ഓടി എത്തുന്നു …. ആകെ്സിഡന്റ് ആയി റോഡിൽ കിടന്ന അവനെയും കൂടെയുള്ള ആളേയും പൊന്നാനിയിലെ രാംദാസ് എന്നൊരു മനുഷ്യ സ്നേഹിയും കുടുംബവും ചേർന്ന് ഹോസ്പിറ്റലിൽ എത്തിച്ചു ….
ഒരുപാട് സർജറികൾ വേണ്ടി വന്നതിനാൽ ആർക്കും 2 ദിവസം അവനെ കാണാൻ അനുവാദമില്ല… അച്ഛനും അമ്മക്കുമടക്കം …. ബൈക്കിൽ ഇടിച്ച കാർ നിർത്താതെ പോയതായി ചിലർ അടക്കം പറയുന്നത് കേട്ട അമ്മ തളർന്നിരുന്നു. ബൈക്കിന് പുറകിൽ ഇരുന്ന കുമ്പിടി സ്വദേശിയായ രാജുവേട്ടൻ സുഹൃത്തുക്കളോട് സംഭവം വിവരിക്കുന്നു. പൊന്നാനി ചന്ദപ്പടി ജംഗ്ഷനിൽ വച്ച് മാർച്ച് 31 ന് രാത്രി ഒരു ബിസിനസ് മീറ്റിംഗ് കഴിഞ്ഞ് വരുന്ന വഴിക്ക് നടന്ന ആക്സിഡന്റിന് ശേഷം. ചോര വാർന്ന് റോഡിൽ കിടന്ന ദിലീപിനെ 45 മിനിട്ടോളം ആരും അറ്റൻഡ് ചെയ്തില്ല ആളുകൾ ദൂരെ നിന്നും നോക്കി … ബോധം പോയി കിടന്ന ദിലീപിന്റെ ഒരു മീറ്റർ അകലെ കിടന്ന രാജു വേട്ടൻ നോക്കി നിൽക്കേ ഒരാൾ പതിയെ പൈസയും എടുക്കുന്നത് കണ്ട് … വേദനയോടെ കുറച്ചകലെ കിടന്ന മൊബൈൽ കാണിച്ച് കൊടുത്തു ഒന്ന് അടുത്തുള്ള സുഹൃത്തിനെവിവരമറിയിക്കാൻ പറഞ്ഞു പുള്ളിക്കാരൻ വിളിക്കാം എന്ന് പറഞ്ഞ് ആ മൊബൈൽ എടുത്ത് നിഷ്കരുണം നടന്ന് ഇരുട്ടിൽ മറഞ്ഞു…… ഇന്ന് വർഷങ്ങൾക്ക് ശേഷം ഇത്തരം ഒരു തിരക്കഥ നവീൻ എന്നോട് പറഞ്ഞപ്പോൾ അതിശയത്തോടെ …. ദൈവനിയോഗത്തിന്റെ രണ്ടാം ജൻമത്തിലിരുന്ന് ഞാനിതിൽ അഭിനയച്ചു …. ഇനിയും എന്തെല്ലാമോ എന്നെ കൊണ്ട് ഈ ഭൂമിയിൽ ചെയ്യിക്കാനുള്ളതു പോലെ…. ജഗദീശ്വരൻ ….
ആശുപത്രിയിലെത്തിച്ച ആ മനുഷ്യ സ്നേഹി ഇന്ന് ജീവിച്ചിരിക്കുന്നില്ല. പക്ഷെ അദ്ദേഹത്തിന്റെ മകൾ ഇന്നെന്റെ ഭാര്യയാണ്.