Breaking News
Home / Latest News / അവളും ചോദിച്ചു, വീട്ടിലെല്ലാരും ഇങ്ങനെ മെലിഞ്ഞിട്ടാണോ

അവളും ചോദിച്ചു, വീട്ടിലെല്ലാരും ഇങ്ങനെ മെലിഞ്ഞിട്ടാണോ

സ്വന്തം രൂപത്തെ കുറിച്ചും കുറവുകളെ കുറിച്ചും അനാവശ്യമായ ഉത്കണ്ഠ കാത്തുസൂക്ഷിക്കുന്നവർ നമുക്ക് ചുറ്റും ഉണ്ടാകില്ലേ. ജീവിതത്തിൽ ഇതുപോലെ അപകർഷതാബോധത്തിലൂടെ കടന്നുപോകാത്തവർ വിരളമായിരിക്കും. തന്റെ ജീവിതത്തിലും അത്തരമൊരു അനുഭവം ഉണ്ടായിരുന്നുവെന്ന് കുറിക്കുകയാണ് ഡോക്ടർ നെൽസൺ ജോസഫ്.

ഡോക്ടർ നെൽസൺ ജോസഫ് എഴുതിയ കുറിപ്പ് വായിക്കാം;

ഒരു വലിയ അപകർഷതാബോധത്തിന്റെ അവസാനമായിരുന്നു അന്ന്…

ഓർമയുള്ള കാലം തൊട്ട് ഞാൻ ഇങ്ങനാണിരിക്കുന്നത്. ഇങ്ങനേന്ന് വച്ചാൽ നല്ലോണം മെലിഞ്ഞിട്ട്. കളിയാക്കൽ തൊട്ട് ഉപദേശം വരെ നീണ്ട ഒരു ലിസ്റ്റുണ്ട് അന്ന് കേട്ടതൊക്കെയെടുത്താൽ…

കേട്ടുകേട്ട് വണ്ണമില്ലായ്മയെക്കുറിച്ചും സ്വന്തം ലുക്കിനെക്കുറിച്ചുമൊക്കെ ആവശ്യത്തിൽ കൂടുതൽ ഇൻഫീരിയോറിറ്റി കോമ്പ്ലക്സടിച്ച് അതുകൊണ്ടൊരു ഷോപ്പിങ്ങ് കോമ്പ്ലക്സ് വച്ച് നടക്കുന്ന കാലം..

ആ സമയത്താണ് അവളെ വീണ്ടും കാണുന്നത്..

പണ്ട് ചെറിയൊരു സോഫ്റ്റ് കോർണറുണ്ടായിരുന്നു.. പിന്നെ കാണാതായപ്പൊ അതങ്ങ് കൈവിട്ടു പോയി..

മറ്റ് പലയിടത്തും കറങ്ങിത്തിരിഞ്ഞ് ഒടുവിൽ വീണ്ടും മുന്നിൽ വന്നുപെട്ടതാണ്. കുറച്ച് കാലത്തെ സംസാരം കൊണ്ട് നല്ല സുഹൃത്തുക്കളായിരുന്നു..

പരീക്ഷയൊക്കെക്കഴിഞ്ഞുള്ള അവധിയായതുകൊണ്ട് ഇഷ്ടം പോലെ സമയമുണ്ട്. സംസാരത്തിനിടയിൽ ഒരിക്കൽപ്പോലും ഇഷ്ടമാണെന്ന് പറഞ്ഞില്ല. കാരണം പറഞ്ഞാൽ അതോടെ ആ ബന്ധം അവിടെത്തീരും..

അല്ലേലും പൈസ, ലുക്ക്, ജോലി, കഴിവ് ഈ ഐറ്റംസൊന്നുമില്ലാത്ത എന്നെ ഇഷ്ടമാണെന്ന് ഏത് പെണ്ണ് പറയാനാണ്? വെറുതെ ചോദിച്ച് ബുദ്ധിമുട്ടേണ്ട..പോകുന്നിടത്തോളം ഫ്രണ്ട്സായിട്ടങ്ങ് പോവാം..

ഒരിക്കൽ സംസാരത്തിനിടെ ടോപ്പിക് കറങ്ങിത്തിരിഞ്ഞ് വണ്ണത്തിലെത്തി. ബാക്കി എല്ലാവരും ചോദിച്ച ചോദ്യം അവളും ചോദിച്ചു. വീട്ടിലെല്ലാരും ഇങ്ങനാണോ അതോ ഞാനൊരു എക്സപ്ഷനാണോ എന്നായിരുന്നു. അതിനു സാധാരണപോലൊരു മറുപടി പറഞ്ഞ് അതേ ചോദ്യം തിരിച്ചും ചോദിച്ചു…അവിടെല്ലാരും Well built ആണത്രേ…

ഓ, എന്നാൽപ്പിന്നെ സ്വപ്നം കാണൽ ഇവിടെവച്ച് ഫുൾ സ്റ്റോപ്പിടാം എന്ന് തീരുമാനിച്ചു…

പിറ്റേ ഞായറാഴ്ച പള്ളിയിൽ അവരുടെ ഇടവകയിലാണു പോയത്..വൈകിട്ട് അവിടെയേ കുർബാനയുള്ളു.. കുർബാന കഴിഞ്ഞ് പള്ളിയുടെ നടയിറങ്ങിപ്പോവുന്ന അവളെ കണ്ടു…അവളും..ചിരിച്ചു..

പിന്നെ ഒരു രണ്ട് ദിവസം പൊരിഞ്ഞ അടിയാണ്. എന്താ സംഭവം? എന്തിനാണ് അവരുടെ പള്ളീൽ വന്നതെന്നറിയണം. വണ്ണം കുറവാണോന്ന് നോക്കാൻ വന്നതാന്ന് എങ്ങനെ പറയും?..അതോടെ തീരൂല്ലേ? ലാസ്റ്റ് മടുത്ത് തിരിച്ച് ഒരു ചോദ്യമെറിഞ്ഞു…

” പറഞ്ഞാ ഇപ്പൊഴുള്ള ഫ്രണ്ട്ഷിപ്‌ ഇതുപോലെ ഉണ്ടാവുമെന്ന് ഉറപ്പുതരണം ”

” Mmm ”

” പണ്ട്‌ നാലാം ക്ലാസിൽ വച്ച്‌ ഇഷ്ടമാണെന്ന് ഞാൻ പറഞ്ഞിട്ടില്ലേ? ”

” Mmm ”

” ആ ഇഷ്ടം ഇപ്പൊഴും ഉണ്ടെന്ന് കൂട്ടിക്കോ ”

” . . . . . ”

” ? ”

” അത്രേം ഇഷ്ടേ ഒള്ളോ?”

” ഞാൻ വലുതായില്ലേ? അപ്പൊ ഇഷ്ടോം വലുതായിക്കാണും ”

” . . . . ”

” ഞാൻ എന്റെ കാര്യം പറഞ്ഞു, ഇനി എന്നോടുള്ള ആറ്റിറ്റ്യൂഡ്‌ എന്താണെന്ന് എനിക്കറിയണം ”

ഏഴ് വർഷമായി….

അതിൻ്റെ ഉത്തരം ഇപ്പൊ വീട്ടിലിരുന്ന് ജെ.സി.ബി ഓടിച്ചുകളിക്കുന്നുണ്ട്..

PS: വെഡ്ഡിങ്ങ് ആനിവേഴ്സറിയല്ല. ഒരിക്കലും ഒരു പെണ്ണിനോട് അങ്ങോട്ട് ചെന്ന് ഇഷ്ടമാണെന്ന് പറയില്ല എന്ന തീരുമാനം തെറ്റിച്ച ദിവസമാണ്.

കല്യാണത്തിലോട്ടെത്താൻ പിന്നെയും വർഷം നാലെണ്ണമെടുത്തു 🙂

About Intensive Promo

Leave a Reply

Your email address will not be published.