Breaking News
Home / Latest News / വിവാഹം അടുത്ത ദിവസം, കുട്ടിയുമായി ബസ് സ്റ്റോപ്പിൽ ചുരുളഴിഞ്ഞതു സിനിമാക്കഥയെ വെല്ലുന്ന നാടകീയ സംഭവങ്ങൾ.

വിവാഹം അടുത്ത ദിവസം, കുട്ടിയുമായി ബസ് സ്റ്റോപ്പിൽ ചുരുളഴിഞ്ഞതു സിനിമാക്കഥയെ വെല്ലുന്ന നാടകീയ സംഭവങ്ങൾ.

10 ദിവസം പോലും പ്രായമാകാത്ത പിഞ്ചു കുഞ്ഞ്! എറണാകുളം ബോട്ട് ജെട്ടി ബസ് സ്റ്റോപ്പിൽ കറങ്ങാനെത്തി കൗമാരക്കാരൻ. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന ആളെന്നുറപ്പിച്ച നാട്ടുകാർ പയ്യനെ തടഞ്ഞു വച്ചു പൊലീസിനു കൈമാറി. പൊലീസിന്റെ ചോദ്യം ചെയ്യലിൽ ചുരുളഴിഞ്ഞതു സിനിമാക്കഥയെ വെല്ലുന്ന നാടകീയ സംഭവങ്ങൾ.

കുട്ടിയുടെ മാതാപിതാക്കളുടെ ഫോൺ നമ്പർ വാങ്ങി ഉടൻ എറണാകുളം സെൻട്രൽ സ്റ്റേഷനിലെത്താൻ നിർദേശം നൽകിയതോ‌ടെയാണ് നിജസ്ഥിതി മനസിലായത്. അടുത്ത ബന്ധുക്കളെയും കൂട്ടി ഇവർ വൈകിട്ടോടെ സെൻട്രൽ സ്റ്റഷൻ ഇൻസ്പെക്ടർ എസ്. വിജയശങ്കറിന്റെ മുൻപിലെത്തിയതോടെ കഥയിൽ ട്വിസ്റ്റ്!

ഇന്നലെ രാവിലെ 11നാണു കോട്ടയം സ്വദേശിയായ കൗമാരക്കാരൻ നവജാത ശിശുവുമായി ബസ് സ്റ്റോപ്പിൽ എത്തിയത്. കുഞ്ഞിന്റെ മാതാപിതാക്കളുടെ അസാന്നിധ്യവും പയ്യന്റെ പരുങ്ങലും കണ്ടുനിന്നവരിൽ സംശയമുണർത്തി. നാട്ടുകാർ ചോദ്യം ചെയ്തെങ്കിലും പരസ്പര വിരുദ്ധമായി സംസാരിച്ചതോടെ പ്രശ്നം റോഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുദ്യോഗസ്ഥന്റെ മുന്നിലെത്തി.

കുട്ടിയുടെ അച്ഛനും അമ്മയും തലേന്നു രാത്രി ഒരാവശ്യത്തിനു കോട്ടയത്തേക്കു പോയതാണെന്നും തന്റെ ജ്യേഷ്ഠനാണു കുട്ടിയുടെ അച്ഛനെന്നും ഇയാൾ പൊലീസിനോടു പറഞ്ഞു. താനും കോട്ടയത്തേക്കു പോവുകയാണെന്നും സൂചിപ്പിച്ചു. എന്നാൽ കോട്ടയത്തേക്കു പോകേണ്ട ആൾ എന്തിനാണ് ബോട്ട് ജെട്ടിയിൽ കറങ്ങി നടക്കുന്നതെന്നു ചോദിച്ചപ്പോൾ കാഴ്ച കാണാൻ വന്നതാണെന്നായിരുന്നു മറുപടി.

10 ദിവസം പ്രായമുള്ള കുട്ടിയുമായാണോ കാഴ്ച കാണാനിറങ്ങിയതെന്ന ചോദ്യത്തിനും ഇത്ര ചെറിയ കുഞ്ഞിനെ വിട്ട് എന്തിനാണ് അമ്മ നാട്ടിലേക്കു പോയതെന്ന ചോദ്യത്തിനും കൃത്യമായ ഉത്തരമുണ്ടായില്ല. പൊലീസുകാരൻ വയർലെസിലൂടെ കൺട്രോൾ റൂമിൽ വിവരം അറിയിച്ചതോടെ പിങ്ക് പൊലീസ് സംഘമെത്തി കുട്ടിയെയും കൗമാരക്കാരനെയും ഏറ്റെടുത്തു. കൗമാരക്കാരന്റെ പിതൃസഹോദര പുത്രനാണു കുഞ്ഞിന്റെ പിതാവ്.

നഗരത്തിലെ ഐടി കമ്പനിയിൽ ചെറിയ ജോലിയുള്ള ഇയാളും കുഞ്ഞിന്റെ അമ്മയും വിവാഹം കഴിക്കാതെ ഒരുമിച്ചു താമസിക്കുകയായിരുന്നു. അടുത്ത ദിവസം ഇരുവരുടെയും വിവാഹം കോട്ടയത്തു നടക്കാനിരിക്കെയാണു കുഞ്ഞു പിറന്നത്.

വിവാഹം വരെ കുഞ്ഞിനെ മാറ്റിനിർത്താനായി സഹോദരനെ ചുമതലയേൽപിച്ച് ഇരുവരും വിവാഹത്തിനായി നാട്ടിലേക്കു പോവുകയായിരുന്നു. വിവാഹം കഴിഞ്ഞാലുടൻ കുട്ടിയുമായി നാട്ടിലെത്താൻ അനുജനു നിർദേശവും നൽകി. കുഞ്ഞും ‘സംരക്ഷകനും’ പൊലീസ് സ്റ്റേഷൻ കയറിയതോടെ ഇരുവരും എത്തി കുഞ്ഞിനെ ഏറ്റുവാങ്ങി. ശ്വാസം മുട്ടൽ അനുഭവപ്പെട്ട കുരുന്നാകട്ടെ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

About Intensive Promo

Leave a Reply

Your email address will not be published.