ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടിയില്‍ കൊല്ലപ്പെട്ട പാക് സൈനികരുടെ മൃതദേഹങ്ങള്‍ അവർ കൊണ്ടുപോയത് വെള്ളക്കൊടി വീശിക്കാണിച്ച ശേഷം. പാക് അധീന കശ്മീരിലെ ഹാജിപുര്‍ മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹം വീണ്ടെടുക്കാൻ വെടിവെപ്പ് നടത്തിയെങ്കിലും ആളപായം കൂടിയതോടെയാണ് പാകിസ്താൻ അറ്റകൈ പ്രയോഗം നടത്തിയത്.
അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിച്ച് പാക് സൈന്യം കഴിഞ്ഞദിവസങ്ങളില്‍ തുടര്‍ച്ചയായ വെടിവെപ്പ് നടത്തിയിരുന്നു. ഇതിനെ ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചതോടെ കഴിഞ്ഞ വെള്ളിയാഴ്ച അര്‍ധരാത്രി ഒരു പാക് സൈനികന്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് മൃതദേഹം വീണ്ടെടുക്കാന്‍ പാകിസ്താന്‍ വീണ്ടും വെടിയുതിര്‍ത്തെങ്കിലും ഇന്ത്യ ശക്തമായി പ്രതിരോധിച്ചു. ഈ വെടിവെപ്പിലും ഒരു പാക് സൈനികന്‍ കൊല്ലപ്പെട്ടു. ഇതോടെ പാക് സൈനികര്‍ വെടിവെപ്പ് അവസാനിപ്പിച്ച് വെള്ളക്കൊടി വീശിക്കാണിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം തിരിച്ചടി അവസാനിപ്പിക്കുകയും പാക് സൈനികര്‍ മൃതദേഹങ്ങള്‍ കൊണ്ടുപോവുകയും ചെയ്തു.
വെടിവെപ്പിലൂടെ ഇന്ത്യന്‍ സൈന്യത്തെ ഭയപ്പെടുത്തി സൈനികരുടെ മൃതദേഹങ്ങള്‍ കൊണ്ടുപോവാനായിരുന്നു പാകിസ്താന്‍ സൈന്യത്തിന്റെ ശ്രമം.എന്നാല്‍ ഓരോ ശ്രമങ്ങളും പരാജയപ്പെട്ട് ഇന്ത്യന്‍ സൈന്യത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെവന്നതോടെയാണ് പാക് സൈനികര്‍ വെള്ളക്കൊടി വീശിയത്. ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ.യും പുറത്തുവിട്ടിട്ടുണ്ട്.
അതിനിടെ കഴിഞ്ഞ ശനിയാഴ്ച നിയന്ത്രണരേഖയ്ക്ക് സമീപം പൂഞ്ചിലെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരേ പാക് സൈന്യം ഷെല്ലാക്രമണം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.ഷെല്ലാക്രമണത്തെ പ്രതിരോധിച്ച ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുകയും ചെയ്തു. പ്രദേശത്തെ മണിക്കൂറുകളോളം വെടിവെപ്പ് നടന്നതായാണ് വിവരം. പാകിസ്താന്റെ ഷെല്ലാക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും പ്രദേശവാസികളോട് മുന്‍കരുതല്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പൂഞ്ച് ഡെപ്യൂട്ടി കമ്മീഷണര്‍ രാഹുല്‍ യാദവ് പറഞ്ഞു.
#WATCH Hajipur Sector: Indian Army killed two Pakistani soldiers in retaliation to unprovoked ceasefire violation by Pakistan. Pakistani soldiers retrieved the bodies of their killed personnel after showing white flag. (10.9.19/11.9.19) pic.twitter.com/1AOnGalNkO
— ANI (@ANI) September 14, 2019