ഈ മാസം ഒമ്പതിന് വിജയ് നഗറിലെ അക്ബര്‍പുര്‍-ബെത്രഹാംപുരില്‍ അനധികൃത കെട്ടിടങ്ങള്‍ കണ്ടുകെട്ടുന്നതിനായി പോയ ഗാസിയാബാദ് വികസന അതോറിറ്റി (ജിഡിഎ)യുടെ വാഹനത്തിന്റെ ഡ്രൈവര്‍ യാത്രയ്ക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണു. നിയന്ത്രണംവിട്ട വാഹനം ലക്ഷ്യമില്ലാതെ കുതിച്ചുപായുന്നതിനിടെ ഡ്രൈവിംഗ് സീറ്റില്‍ കടന്ന് വളയം പിടിച്ച വനിതാ ഹോം ഗാര്‍ഡ് മഞ്ജു ഉപാധ്യായ് രക്ഷിച്ചത് ജീവനക്കാരുടെ മാത്രമല്ല, വഴിയാത്രക്കാരുടെയും ജീവനാണ്.
ഗാസിയാബാദ് വികസന അതോറിറ്റിയിലെ ജീവനക്കാരും പോലീസുകാരും എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെ പതിനഞ്ചോളം ഉദ്യോഗസ്ഥരാണ് വാഹനത്തിലുണ്ടായിരുന്നത്. ജോലി കഴിഞ്ഞ് 2.15 ഓടെ സംഘം മടങ്ങി. ഇതിനിടെയാണ് ഡ്രൈവര്‍ റിഷി പാല്‍ സ്റ്റീയറിംഗിലേക്ക് കുഴഞ്ഞുവീണത്. വിളിച്ചിട്ടു പ്രതികരണവുമുണ്ടായില്ല. ഈ സമയം വാഹനം ലക്ഷ്യമില്ലാതെ കുതിച്ചുപായുകയായിരുന്നു.
റോഡിലുടനീളം വൈദ്യുതി പോസ്റ്റുകളും മറ്റ് തൂണുകളുമുണ്ട്. റോഡിലൂടെ നടന്നുപോകുന്നവര്‍, റോഡരുകില്‍ കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികള്‍…. ഇവരുടെയൊക്കെ ജീവന്‍ അപകടത്തിലാകുമെന്ന് കണ്ടതോടെ മറ്റൊന്നും ആലോചിച്ചിക്കാതെ ഹോം ഗാര്‍ഡ് സ്റ്റീയറിംഗിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. ബ്രേക്ക് അമര്‍ത്തിയതോടെ വാഹനം ഒരു തള്ളലോടെ നിന്നു. ഇതിനകം തന്നെ എഞ്ചിനും ഓഫ് ചെയ്ത് യാത്രക്കാരെയും വഴിയാത്രക്കാരെയും സുരക്ഷിതരാക്കിയെന്ന് ഹോം ഗാര്‍ഡ് പറയുന്നു.
വാഹനം നിന്നതോടെ മറ്റു ജീവനക്കാര്‍ ചേര്‍ന്ന് കുഴഞ്ഞുവീണുകിടന്ന ഡ്രൈവറെ കാബിനില്‍ നിന്നും പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ഇതിനകം തന്നെ അദ്ദേഹം മരിച്ചുകഴിഞ്ഞിരുന്നു.
അടുത്തകാലത്താണ് 34-കാരി മഞ്ജു ഉപാധ്യായയെ ജിഡിഎയിലെ പോലീസ് വിഭാഗത്തില്‍ ജോലിക്കെടുത്തത്. സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ളയാളാണ് മഞ്ജു ഉപാധ്യായ്.