Breaking News
Home / Latest News / പാലമില്ല, തലയ്ക്ക് മുകളില്‍ ബാഗ് ഉയര്‍ത്തിപ്പിടിച്ച് കഴുത്തൊപ്പമുള്ള പുഴ കടന്ന് ഈ അധ്യാപിക

പാലമില്ല, തലയ്ക്ക് മുകളില്‍ ബാഗ് ഉയര്‍ത്തിപ്പിടിച്ച് കഴുത്തൊപ്പമുള്ള പുഴ കടന്ന് ഈ അധ്യാപിക

ബാഗ് തലയ്ക്ക് മുകളില്‍ ഉയര്‍ത്തിപ്പിടിച്ച്, പതുക്കെ നടന്ന് പുഴ കടക്കുന്ന യുവതി. സോഷ്യല്‍മീഡിയയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി നിറയുന്ന ചിത്രമാണ് ഇത്. ഈ യുവതി ഒരു അധ്യാപികയാണ്. പാലമില്ലാത്തതാണ് ഈ ദുരിതത്തിന് കാരണം. അപകടമാണെന്ന് അറിഞ്ഞിട്ടും പുഴ താണ്ടി സ്‌കൂളില്‍ എത്തുന്ന ഈ അധ്യാപികയുടെ അര്‍പ്പണബോധത്തെ വാഴ്ത്തുകയാണ് സോഷ്യല്‍മീഡിയ.

ഒഡീഷയിലെ ഠേംഗാനല്‍ ജില്ലയിലെ രഠിയാപാല്‍ ഗ്രാമത്തിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ അധ്യാപികയാണ് ബിനോദിനി സമാല്‍. കഴിഞ്ഞ 11 വര്‍ഷമായി ഈ സ്‌കൂളില്‍ അധ്യാപികയാണ് 49കാരിയായ ബിനോദിനി. കാലവര്‍ഷം ശക്തിപ്രാപിക്കുന്നതോടെ വര്‍ഷത്തില്‍ നാലുമാസം കരകവിയുന്ന സാപുവാ നദിയാണ് ബിനോദിനി നീന്തി കടക്കുന്നത്.

പലപ്പോഴും നാട്ടുകാരായ പുരുഷന്മാര്‍ ബിനോദിനിക്ക് വഴികാട്ടിയായി പോകാറുണ്ട്. ഇതാണ് ഏക ആശ്വാസം. പുഴയില്‍ വെള്ളം നിറയുന്നതോടെ സ്‌കൂളിലേക്ക് വരുന്നത് നിര്‍ത്താന്‍ ബിനോദിനിയോട് നാട്ടുകാര്‍ പലപ്പോഴും ആവശ്യപ്പെടും. എന്നാല്‍ അതെല്ലാം തള്ളിക്കളഞ്ഞാണ് അവര്‍ സ്‌കൂളില്‍ എത്തുന്നത്. 53 കുട്ടികളാണ് സ്‌കൂളിലുള്ളത്.

‘കഴിഞ്ഞവര്‍ഷം, ഒഴുക്കില്‍പ്പെടാതെ തലനാരിഴയ്ക്കാണ് ഞാന്‍ രക്ഷപ്പെട്ടത്. പക്ഷെ എങ്ങനെയാണ് സ്‌കൂളില്‍ പോകാതിരിക്കാനാവുക’ ബിനോദിനി പറയുന്നു. പുഴയ്ക്കു കുറുകേ പാലം നിര്‍മ്മിക്കണമെന്നത് രണ്ടുപതിറ്റാണ്ടിലേറെയായി നാട്ടുകാരുടെ ആവശ്യമാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ഈ ആവശ്യം പരിഗണിച്ചിട്ടില്ല.

നിലവിലെ അവസ്ഥയില്‍ ദുഃഖമുണ്ടെന്നും അധ്യാപികയുടെ ആത്മസമര്‍പ്പണത്തെ സല്യൂട്ട് ചെയ്യുന്നതായും എംഎല്‍എ സിമറാണി നായിക് പറയുന്നു. പാലം ഉടന്‍ തന്നെ നിര്‍മ്മിക്കുമെന്നും ഇനി ഇങ്ങനെ ഒരു പ്രശ്‌നം ഉണ്ടാവില്ലെന്നും ബിജെഡി എംഎല്‍എയായ സിമറാണി കൂട്ടിച്ചേര്‍ത്തു.

About Intensive Promo

Leave a Reply

Your email address will not be published.