സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനവാസ കേന്ദ്രങ്ങളിലും പാടശേഖരങ്ങളിലും മയിലുകൾ കൂട്ടമായെത്തുന്നത് ദുരന്തത്തിന്റെ മുന്നറിയിപ്പാണെന്ന വാദവുമായി ഒരു കൂട്ടം പരിസ്ഥിതി വാദികൾ രംഗത്ത്. കനത്ത മഴ കഴിഞ്ഞുള്ള ഇടവേളകളിലാണ് മയിലുകൾ കാടുവിട്ട് പുറത്തേക്ക് ഇറങ്ങുന്നത്. തിരുവനന്തപുരം ജില്ലയുടെ കിഴക്കൻ മലയോര ഗ്രാമങ്ങളിൽ മയിലുകൾ എത്തുന്നത് സ്ഥിരം കാഴ്‌ചയാണ്.
ഇതിനോടകം തന്നെ കാട്ടുപന്നികളുടെയും കുരങ്ങുകളുടെയും ശല്യം കാരണം പൊറുതിമുട്ടിയ നാട്ടുകാർക്ക് തലവേദനയാവുകയാണ് മയിലുകൾ. കാഴ്‌ചയിൽ ഭംഗി തോന്നുമെങ്കിലും വീടുകളിൽ നട്ടുവളർത്തുന്ന ചെടികൾ വരെ ഇവ നശിപ്പിക്കുമെന്നാണ് നാട്ടുകാരുടെ പരാതി. ചിലയിടങ്ങളിൽ മയിലുകൾ കൂട്ടമായി തമ്പടിച്ച ശേഷം കാട്ടിലേക്ക് തിരികെ പോകാത്ത സ്ഥിതിയുമുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
സ്വാഭാവിക വനം നശിക്കുന്നത് കൊണ്ടാണ് മയിലുകൾ ജനവാസകേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നതെന്നാണ് പരിസ്ഥിതി വാദികൾ പറയുന്നത്. മയിലുകളെ കണ്ടെത്തിയ സ്ഥലങ്ങളിൽ പൊന്തക്കാടുകളും കൃഷിയിടങ്ങളുമുണ്ട്. പൊന്തക്കാടുകൾ വളരുന്നതും നാട്ടിലെ മണ്ണിന്റെ ആർദ്രത കുറയുന്നതും മയിലുകളെ ആകർഷിക്കുന്നതിന് കാരണമാകും.