Breaking News
Home / Latest News / കെട്ടി കയറി വന്ന പെണ്ണു മൂന്നാം ദിവസം വീട്ടിലെ അധികാരമേറ്റെടുത്തപ്പോൾ അമ്മയുൾപ്പടെ എല്ലാവർക്കും സന്തോഷമായി

കെട്ടി കയറി വന്ന പെണ്ണു മൂന്നാം ദിവസം വീട്ടിലെ അധികാരമേറ്റെടുത്തപ്പോൾ അമ്മയുൾപ്പടെ എല്ലാവർക്കും സന്തോഷമായി

കെട്ടി കയറി വന്ന പെണ്ണു മൂന്നാം ദിവസം വീട്ടിലെ അധികാരമേറ്റെടുത്തപ്പോൾ അമ്മയുൾപ്പടെ എല്ലാവർക്കും സന്തോഷമായി.

മീൻ പൊരിച്ചു കഴിഞ്ഞു ബാക്കി വരുന്ന എണ്ണയെടുത്തു പെങ്ങൾ കളയുമ്പോൾ, അവൾ പറയുമായിരുന്നു, ആവശ്യമുള്ളതെടുത്താൽ പോരെ. വെറുതെ ഇങ്ങനെ കളയണമോയെന്ന്.

വീട്ടു സാധനങ്ങൾ വാങ്ങാൻ ആഴ്ചയിൽ ചന്തയിൽ പോയിരുന്ന അമ്മയോട് ഇനി മുതൽ പോകണ്ടായെന്നും, ഏട്ടൻ ത്തന്നെ എല്ലാം വാങ്ങിക്കൊണ്ടു വന്നാൽ മതിയെന്നു പറഞ്ഞതും അവളായിരുന്നു.
ചന്തയിൽ കിടക്കുന്ന സാധനങ്ങളെല്ലാം ഇവിടെ വാങ്ങിക്കൊണ്ടു വന്നു വെറുതെ പഴുത്തും, ചീഞ്ഞും പോകുന്നെന്ന് പറഞ്ഞതായിരുന്നു അതിനവൾ പറഞ്ഞ കാരണം.

ചന്തയിൽ പോകുമ്പോൾ സാധനങ്ങൾ വാങ്ങുന്നതിന്റെ ബാക്കി വരുന്ന ചെറിയ തുകയായിരുന്നു അമ്മയുടെ കൈയിലെ നീക്കിയിരിപ്പ്. അതുമാത്രമല്ല, വീട്ടിൽ നിന്നും വേറെങ്ങും പോകാത്ത അമ്മയ്ക്ക് ആഴ്ചയിലുള്ള ഈ യാത്ര മാത്രമായിരുന്നു ഒരു ആശ്വാസം.

അമ്മ, ചന്തയിൽ പോയിട്ടു തിരിച്ചു വരുമ്പോൾ ഓട്ടോക്കാരനു കൊടുക്കണം അമ്പതു രൂപ. ഏട്ടൻ ബൈക്കിൽ വെച്ചു ഇതെല്ലാം ഇങ്ങു കൊണ്ടു വരും.
വെറുതെ എന്തിനാ പൈസ ചിലവാക്കുന്നത്? അല്ലെങ്കിലും ഇവിടെയുള്ളവർക്ക് നാളെയെപ്പറ്റി ഒരു ചിന്തയുമില്ല.

പതിയെ, പതിയെ അമ്മയുടെ ഗൃഹനാഥ എന്ന സ്ഥാനം വീട്ടിൽ നിന്നും പൊയ്ക്കൊണ്ടിരുന്നു.

ദിവസങ്ങൾ കഴിയുംതോറും വീട്ടിലെ ചിട്ടകൾ മാറിക്കൊണ്ടു വന്നു.
തൊടിയിലും, തൊഴുത്തിലും മാത്രമായി അമ്മയുടെ ജീവിതം.
ഒരിക്കൽപ്പോലും ഒരു പരാതിയും അമ്മയെന്നോട് പറഞ്ഞില്ല.
പരാതിയും പരിഭവവുമെല്ലാം വീട്ടിലെ പശുവിനോടും, കോഴികളോടും മാത്രമായി.

ന്റെ ലക്ഷ്മിയെ,
നീയിങ്ങനെ മനുഷ്യനെ ബുദ്ധിമുട്ടിപ്പിക്കല്ലേ. ഈ ഒണക്കു സമയത്തു എത്ര കഷ്ട്ടപ്പെട്ടു കൊണ്ടുവന്ന പുല്ലാണെന്നു അറിയാമോ? അതാ നീ ഒന്നു മണത്തു നോക്കിയിട്ടു മുഖം തിരിച്ചു നിൽക്കുന്നത്. അതോ, ഞാൻ കൊണ്ടു വരുന്നത് നിനക്കും വേണ്ടാതായോ? കിട്ടുന്ന കാശിനു നിന്നെ പിടിച്ചു ഞാനാർക്കെങ്കിലും കൊടുക്കും.

മുറ്റത്തെ പ്ലാവിൽ നിന്നു പഴുത്തു വീഴുന്ന കൂഴ ചക്ക നോക്കി അച്ഛൻ പറയും, ഇതു പഴുത്തു കിളിയും, കാക്കയും കൊത്തുന്നതിനു മുമ്പ് നിനക്കിതു പറിച്ചു ആ പശുവിനു വെട്ടി കൊടുത്തുകൂടേയെന്ന്.

അല്ലെങ്കിലും, പശുവിനെയും, കോഴിയേയും തീറ്റി പോറ്റലാണല്ലോ ഇപ്പൊ എന്റെ ജോലിയെന്നു പറഞ്ഞു അമ്മ, അച്ഛനോടു ദേഷ്യപ്പെടുമായിരുന്നു.

ഒരു വീടും, രണ്ടു മക്കളെയും, അച്ഛനെയും, ചുറ്റുപ്പാടുകളെയും, അടുക്കള ഭരണവുമായി നടന്ന അമ്മയ്ക്ക് പെട്ടെന്നുള്ള മാറ്റം അച്ഛനോട് ദേഷ്യപ്പെട്ടാണ് തീർത്തത്.

മുട്ടു വേദനയ്ക്കുള്ള തൈലംപ്പോലും വാങ്ങാൻ പെറ്റു വളർത്തിയ മകന്റെ മുന്നിൽ കൈ നീട്ടി നിൽക്കുന്നതും, അതിനു നൂറു ചോദ്യം മരുമോള് ചോദിയ്ക്കുന്നതും അമ്മയ്ക്ക് സഹിക്കുന്നതിലും അപ്പുറമായിരുന്നു.

ഏട്ടാ,
ഈ മൂന്നും നാലും ദിവസം കൂടുമ്പോൾ തൈലം വാങ്ങാനും, കഷായം വാങ്ങാനും ഈ പൈസ ചിലവാക്കുന്നതിലും നല്ലതു ഒരു നേരം പ്രൈവറ്റ് ഹോസ്പിറ്റലിൽ കൊണ്ടു കാണിച്ചാൽ തീരാവുന്ന വേദനയേയുള്ളു. അല്ലെങ്കിലും പ്രായമാകുമ്പോൾ എല്ലാവർക്കും വരുന്നതാണ് ഈ വേദനയും, ചുമയുമൊക്കെ. തൊട്ടതിനും, പിടിച്ചതിനുമൊക്കെ പൈസ ചിലവാക്കാൻ ഏട്ടനും. ഞാനൊന്നും പറയുന്നില്ല. നാളെ നമ്മുടെ മക്കൾ അനുഭവിയ്ക്കേണ്ടതാണ് ഇങ്ങനെ കളയുന്നത്.

മോനെ,
അമ്മയ്ക്ക് ഈ മുട്ടു വേദനയൊക്കെ ആ പശുവിനെയും കെട്ടി വലിച്ചുകൊണ്ടു നടക്കുന്നതുകൊണ്ടാണ് ഈ വേദനയും, അസ്കിതയും. അവളോട് എത്ര പറഞ്ഞാലും കേൾക്കില്ല ആ പശുവിനെ കൊടുക്കാൻ. നിനക്കു വേറെ പണിയൊന്നുമില്ലേ അവൾക്കു തൈലം വാങ്ങാൻ പൈസ കൊടുക്കാൻ.

അല്ലെങ്കിലും രണ്ടു മക്കളെയും, എന്നെയും ഈ വീടും പശുവിനെയും, കോഴിയേയും, ആടിനെയും ഈ തൊടിയില് മുഴുവൻ ഓടി നടന്നു കാര്യങ്ങൾ നോക്കി നടത്തിയിരുന്ന അവൾക്കെന്തു വേദന വരാനാണ്. അന്നു വരാത്ത വേദന അവൾക്കിന്നു വരില്ലല്ലോ. എങ്ങോട്ടോ നോക്കി ഇത്രയും പറയുമ്പോൾ അച്ഛന്റെ മിഴികൾ നിറഞ്ഞിരുന്നു.

എന്തായാലും എന്റെ മോൻ സ്വന്തം കാലിൽ നിൽക്കാൻ തുടങ്ങുന്നതുവരെ ഒരു വേദനയും വരാതെ അമ്മയെ ഈശ്വരൻ കാത്തു വെച്ചല്ലോ. അതുതന്നെ മുജന്മ സുകൃതം….!

രചന: ഷെഫി സുബൈർ

About Intensive Promo

Leave a Reply

Your email address will not be published.