ദൈവം കൈതൊട്ട് അനുഗ്രഹിക്കുന്ന ചില സുന്ദര നിമിഷങ്ങളുണ്ട്. ചിലരുടെ സാന്നിദ്ധ്യം കൊണ്ടും…അനുഗ്രഹാശിസുകൾ കൊണ്ടും…ആശംസകൾ കൊണ്ടും സുന്ദരമായി മാറുന്ന ചില അപൂര്‍വ നിമിഷങ്ങൾ. ‘മാധ്യമ ദമ്പതികളായ’ ജിഷയ്ക്കും വൈശാഖിനും കൈവന്നിരിക്കുന്നതും അത്തരമൊരു അസുലഭ സുന്ദര നിമിഷമാണ്.
ദീർഘകാലത്തെ പ്രണയത്തിനൊടുവിൽ ഇരുവരുടേയും വിവാഹമായിരുന്നു ഇന്നലെ. തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ വച്ച് വൈശാഖ് ജിഷയുടെ കഴുത്തിൽ മിന്നുചാർത്തുമ്പോൾ അതിന് സാക്ഷിയാകാൻ ഒരാൾ കൂടിയുണ്ടായിരുന്നു. പ്രണയപ്പകയിൽ ജീവിതം പൊലിഞ്ഞുപോയ കെവിന്റെ അച്ഛൻ ജോസഫ്. മനസു നിറഞ്ഞ് ഇരുവരേയും ആശീർവദിക്കാൻ ജോസഫ് എത്തിയപ്പോൾ വിവാഹ വേളയിലെ സുന്ദര നിമിഷം പിറവിയെടുക്കുകയായിരുന്നു.
കെവിന് കൈവന്ന ദുർവിധി മനോരമ ന്യൂസിലൂടെ ലോകം ശ്രവിച്ചപ്പോൾ അതിന് ചുക്കാൻ പിടിച്ചത് റിപ്പോർട്ടർ വൈശാഖായിരുന്നു. തുടർച്ചയായി വാർത്തകളിലൂടെ കെവിന്റേയും കുടുംബത്തിന്റേയും നാവായി മാറിയ വൈശാഖ് നീതി വാങ്ങിക്കൊടുക്കും വരെ ആ കുടുംബത്തിനൊപ്പം നിന്നു. അറ്റു പോകാത്ത ബന്ധമാണ് ജോസഫിനെ വൈശാഖിന്റെ കല്യാണ പന്തലിലേക്ക് എത്തിച്ചത്.
വൈശാഖിനും ജിഷയ്ക്കും ആശംസയറിയിക്കുന്നതോടൊപ്പം ഈ സുന്ദര നിമിഷം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് മലയാള മനോരമയിലെ മാധ്യമ പ്രവർത്തകൻ ആൽബിൻ രാജാണ്…
ആൽബിൻ രാജിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ;
ഇങ്ങനെയാണ് ചില നിമിഷങ്ങൾ സുന്ദരമാകുന്നത്.
അച്ഛനെപ്പോലെ കൂടെ നിൽക്കുന്നത് കെവിന്റെ അച്ഛനാണ്. മകന്റെ ദുർവിധി പുറംലോകത്തെ അറിയിച് നീതി ലഭിക്കുംവരെ കൂടെ നിന്ന് പോരാടിയ റിപ്പോർട്ടറുടെ വിവാഹമാണ്. മാനുഷികതയും നന്മയും ഉള്ള ഒരു ജേര്ണലിസ്റ്റിന്റെ ഏറ്റവും നല്ല ദിനം ❤️
Happy Married Life Vaisagh Komattil
പടം പിടിച്ചത് Rijo Joseph