കഴിഞ്ഞ ദിവസങ്ങളിലാണ് സമൂഹമാധ്യമങ്ങളില്‍ ഒരു രൂപ ഇഡ്ഡലി മുത്തശ്ശി നിറഞ്ഞത്. ഒരു രൂപയ്ക്ക് ഇഡ്ഡലിയും അതിനെ വെല്ലുന്ന രസക്കൂട്ടുകളുമായുള്ള സാമ്പാറുമാണ് ചെന്നൈയിലെ കമലത്താളിന്റെ സ്‌പെഷ്യല്‍. വിറക് അടുപ്പില്‍ ഊതി ഊതി കത്തിച്ചാണ് കമലത്താള്‍ രുചിക്കൂട്ട് തയ്യാറാക്കുന്നത്. ആ രുചിക്കൂട്ടും കമലത്താളിന്റെ സ്‌പെഷ്യലും ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു കഴിഞ്ഞു. ഇപ്പോള്‍ കമലത്താളിന് സഹായങ്ങളുടെ പ്രവാഹമാണ്.
ഇപ്പോള്‍ കമലത്താളിന് എല്‍പിജി കണക്ഷന്‍ ലഭ്യമായിരിക്കുകയാണ്. ബിപിസിഎല്‍ കോയമ്പത്തൂരാണ് കമലത്താളിന് ഭാരത് ഗ്യാസ് എത്തിച്ചു നല്‍കിയത്. ഇക്കാര്യം ഭാരത് ഗ്യാസ് തന്നെയാണ് ട്വീറ്റ് ചെയ്തത്. കേന്ദ്ര പെട്രോളിയം, പ്രകൃതിവാതകം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ ഭാരത് ഗ്യാസിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്യുകയും ചെയ്തു. ഇത്തരത്തിലുള്ള കഠിനാദ്ധ്വാനികളായ ആളുകളെ സമൂഹം ശക്തരാക്കണമെന്നും ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞു.
കമലാതളിന്റെ ഉത്സാഹത്തെയും പ്രതിബദ്ധതയെയും സല്യൂട്ട് ചെയ്യുന്നെന്നും അവര്‍ക്ക് എല്‍പിജി കണക്ഷന്‍ എത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ 30 വര്‍ഷങ്ങളായി ഇവര്‍ തുച്ഛമായ വിലയ്ക്കാണ് ഇഡ്ഡലി വിറ്റിരുന്നത്. ഇതിനു ഒരു കാരണം കൂടിയുണ്ട് ഇവര്‍ക്ക്.
”തന്നെ തേടിയെത്തുന്നവരെല്ലാം പാവപ്പെട്ടവരാണ് 10, 15 രൂപ വച്ച് ചോദിച്ചാല്‍ ദിവസവും തരാന്‍ അവര്‍ക്കാവില്ല., 10 വര്‍ഷം മുമ്പ് 50 പൈസയായിരുന്നു ഒരു ഇഡ്ഡലിയുടെ വില. പിന്നീടത് ഒരു രൂപയാക്കി. ഇനിയും വിലകൂട്ടാന്‍ പറ്റില്ല, ‘പാവങ്ങളല്ലേ’. ലാഭമുണ്ടാക്കുകയല്ല ആളുകളുടെ വിശപ്പുശമിക്കുകയാണ് ലക്ഷ്യം’ മുത്തശ്ശിയുടെ വാക്കുകളാണ് ഇത്. ഇതുകൊണ്ടു തന്നെയാണ് ഈ മുത്തശ്ശിക്ക് സഹായങ്ങളും എത്തുന്നത്.
കൂടാതെ, ഒരു രൂപയ്ക്ക് ഇഡ്ഡലി വില്‍ക്കുന്ന 80 വയസുകാരിയുടെ ബിസിനസില്‍ നിക്ഷേപിക്കാന്‍ തയ്യാറായി ആനന്ദ് മഹീന്ദ്രയും രംഗത്തെത്തി. വടിവേലമ്പാളയത്തില്‍ നിന്നുള്ള 80കാരിയായ കെ കമലത്താളിന്റെ ഇഡ്ഡലി ബിസിനസില്‍ ഇന്‍വെസ്റ്റ് ചെയ്യണമെന്നാണ് ആനന്ദ് മഹീന്ദ്ര ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നത്.