Breaking News
Home / Latest News / കൊച്ചുമകളുടെ കല്യാണത്തിന് താരമായത് 87 വയസുകാരി അമ്മച്ചി

കൊച്ചുമകളുടെ കല്യാണത്തിന് താരമായത് 87 വയസുകാരി അമ്മച്ചി

ഷീ ഈസ് വേറെ ലെവൽ ബ്രോ’ എന്നത് സോഷ്യൽ മീഡിയ പ്രയോഗിച്ച് തേഞ്ഞു പഞ്ചറായിപ്പോയ ഒരു വാചകമാണെങ്കിലും ‘മലയിലെ മറിയാമ്മച്ചിയെക്കുറിച്ച് വേറെ എന്നാ പറയാനാടാ ഉവ്വേ’ന്ന് കൈപ്പുഴക്കാര് ചോദിക്കും.

എന്നതാ കാര്യം എന്നാണോ… പറയാം, മറിയാമ്മച്ചിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. കൊച്ചുമോള് ടാനിയയുടെ കല്യാണത്തിന് ചട്ടയും മുണ്ടുമുടുത്ത്, കൂളിങ് ഗ്ലാസും വച്ച്, സൈക്കിളിൽ കയറി ഫോട്ടോഷൂട്ടിൽ കസറിയ മറിയാമ്മ, പുതിയ കുട്ടികളെക്കാൾ എനർജറ്റിക്കാണെന്ന് ഫോട്ടോഗ്രാഫർ ബിനു സീൻസിന്റെ ഉറപ്പ്.

കോട്ടയം കൈപ്പുഴ മലയിൽ കുടുംബത്തിലെ ഇളമുറക്കാരി ടാനിയയുടെ കല്യാണദിവസം ഗെറ്റ് റെഡി സെഷൻ ഫോട്ടോഷൂട്ടിൽ തിളങ്ങിയത് ടാനിയയുടെ അപ്പച്ചന്റെ അമ്മച്ചി മറിയാമ്മയാണ്. വെഡ്ഡിങ്ങ് ഫോട്ടോഷൂട്ട് ദിവസേനയെന്നോണം ക്രിയേറ്റിവിറ്റിയോട് ക്രിയേറ്റിവിറ്റിയിൽ മുങ്ങിനീരാടുന്നതിനാല്‍ ഇനി എന്തോന്ന് പുതുമ പ്രയോഗിക്കുമെന്ന് ചിന്തിച്ച് അന്തം വിട്ടു നിൽക്കുന്നതിനിടെയാണ് ബിനുവിന്റെ തലയിൽ ഈ ആശയം മിന്നിയത്.

പിന്നെ വൈകിയില്ല, ഒരു വാക്ക് കേൾക്കാൻ കാത്തു നിന്ന പോലെ 87 ന്റെ ചെറുപ്പവുമായി മറിയാമ്മ റെഡി. ഫോട്ടോഗ്രാഫര്‍ പറയുന്നതിനെ ഒരു പൊടിക്കു കൂടി ഹെവിയാക്കി കൊച്ചുമോൾക്കൊപ്പം ക്യാമറയ്ക്ക് മുന്നിൽ അമ്മച്ചി പൊളിച്ചടുക്കി. ഈ ചിത്രങ്ങളും, ഫോട്ടോഷൂട്ട് വിഡിയോയുമാണ് ‘ഗ്രാൻഡ്മാ ലവ്’ എന്ന പേരിൽ സോഷ്യൽ മീഡിയ ആഘോഷമാക്കുന്നത്.

‘‘നമ്മൾ എന്തു പറഞ്ഞാലും അമ്മച്ചി കട്ട സപ്പോർട്ടാണ്. അമ്മച്ചി മക്കളോടൊപ്പം അമേരിക്കയിലും ഇംഗ്ലണ്ടിലും ദുബായിലുമൊക്കെ യാത്ര ചെയ്തിട്ടുള്ള ആളാണ്. ഭയങ്കര എനർജിയാണ്. ഞാൻ പ്രതീക്ഷിച്ചതിലും ഗംഭീരമായാണ് അമ്മച്ചി പോസ് ചെയ്തത്’’.– ബിനു പറയുന്നു.

‘‘സാധാരണ, കല്യാണങ്ങൾക്ക് ഗ്രൂപ്പ് ഫോട്ടോയിൽ മാത്രമായി പ്രായമുള്ളവരെ ഒതുക്കാറാണ് ഇപ്പോൾ പതിവ്. അതിനു കൂടി ഇതൊരു മറുപടിയാണ്. ധാരാളം അംഗങ്ങളുള്ള പരമ്പരാഗത ക്നാനായ കുടുംബമാണ് മലയിൽ. വിവാഹം സെലിബ്രേറ്റ് ചെയ്യുന്നവരാണവർ.

ഈ ഐഡിയ പറഞ്ഞപ്പോൾ എല്ലാവരും കട്ട സപ്പോർട്ടായിരുന്നു. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തപ്പോൾ പ്രതീക്ഷിച്ചതിലും വലിയ പ്രതികരണമാണ് ലഭിക്കുന്നത്. ഒറ്റ നെഗറ്റീവ് കമന്റ ് പോലും ഇല്ല. ഈ ചിത്രങ്ങളോട് എല്ലാവര്‍ക്കും ഒരു ഇമോഷനൽ അറ്റാച്ച്മെന്റ ് തോന്നുന്നുണ്ട്. അമ്മച്ചി പൊളിയാണ് എന്നാണ് എല്ലാവരും പറയുന്നത്’’.– ബിനുവിന്റെ വാക്കുകളിൽ സന്തോഷത്തിന്റെ സംതൃപ്തി.

About Intensive Promo

Leave a Reply

Your email address will not be published.