ചന്ദ്രയാൻ 2 പൂർണവിജയത്തിൽ എത്തിയില്ലെങ്കിലും രാജ്യം മുഴുവൻ ഐ.എസ്.ആർ.ഒയേയും മേധാവി കെ. ശിവന്റെയും പ്രവർത്തനങ്ങളെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോൾ അദ്ദേഹത്തിന്റെ ഒരു വീഡിയോ ആണ് മാദ്ധ്യമങ്ങളിൽ നിറയുന്നത്. ഒരു തമിഴ് ചാനലിന് ഇദ്ദേഹം നൽകിയ ഒരു മറുപടിയാണ് ഇപ്പോൾ ദേശീയ മാദ്ധ്യമങ്ങളിലടക്കം വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുന്നത്.
ഒരു തമിഴനെന്ന നിലയിൽ തമിഴ്നാട്ടിലെ ജനങ്ങളോട് എന്താണ് പറയാനുള്ളത് എന്ന ചോദ്യത്തിന് കെ. ശിവന്റെ മറുപടിയാണ് ശ്രദ്ധേയമായത്. താൻ ആദ്യം ഒരു ഇന്ത്യക്കാരനാണെന്നാണ് ഐ.എസ്.ആർ.ഒ ചെയർമാൻ മറുപടി നൽകിയത്. ഇന്ത്യൻ എന്ന നിലയിലാണ് താൻ ഐ.എസ്.ആർ.ഒയിൽ ചേർന്നത്.
എല്ലാ മേഖലകളിൽ നിന്നുള്ളവരും എല്ലാ ഭാഷക്കാരും ജോലി ചെയ്യുന്ന സ്ഥാപനമാണ് ഐ.എസ്.ആർ.ഒ.- അദ്ദേഹം കൂട്ടിച്ചേർത്തു.കെ. ശിവന്റെ നിലപാടിനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. തമിഴൻ എന്ന പ്രദേശിക വാദത്തിനപ്പുറം ഇന്ത്യക്കാരൻ എന്ന വികാരം കൊണ്ടു നടക്കുന്ന ശിവനെ നിരവധി പേർ അഭിനന്ദിച്ചു.
അതേസമയം ഒരു വ്യക്തിയുടെ നേട്ടത്തിൽ ആ വ്യക്തിയുടെ സംസ്ഥാന ഐഡന്റിറ്റി ചൂണ്ടിക്കാട്ടുന്നതിൽ പ്രശ്നമില്ലെന്നും ഒരാൾ ജനിച്ച് വളർന്നുവരുന്നത് ആ പ്രദേശത്ത് നിന്നാണെന്നും ചിലർ പറയുന്നു. തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ കാർഷിക കുടുംബത്തിൽ നിന്നും ജനിച്ച് കഷ്ടപ്പാടിലൂടെ ഉയർന്നുവന്ന ശാസ്ത്രജ്ഞനാണ് കെ. ശിവൻ.