ലാലേട്ടന്റെ ബ്ലോഗ് ഇതുവരെ കേൾക്കാൻ മാത്രം കഴിഞ്ഞ നമുക്ക് അതുകാണാൻ കിട്ടിയ ഒരു അവസരമാണ് ഇട്ടിമാണി. സാരോപദേശത്തിൽ സത്യൻ അന്തിക്കാടിനെയും തോൽപ്പിക്കുന്ന ടീമാണ് ജിബി-ജോജു. മാസ്സല്ല, ഏട്ടന്റെ മനസ്സാണ് അവർ പകർത്തിയിരിക്കുന്നത്.
എല്ലാവരാലും വെറുക്കപ്പെടുന്ന ഉഡായിപ്പുകൾ മാത്രം കൈമുതലായുള്ള ഒരു മൊതലാണ് ഇട്ടിമാണി. നമ്മൾ പോലും പലനിമിഷങ്ങളിലും ഏട്ടനെ വെറുത്തുപോകും. എങ്ങനെ വീണാലും നന്മമരത്തിന്റെ നാലുകാലിൽ വീഴുന്ന ഒരു ഡൂപ്ലിക്കേറ്റ് ഉഡായിപ്പായിരുന്നു മാണിയെന്നു നിറകണ്ണുകളോടെ അല്ലാതെ നമുക്ക് കണ്ടിരിക്കാനാവില്ല. അത്രയ്ക്ക് പരിതാപകരമാണ്. അങ്ങനെ ഇട്ടിമാണിയും ഒരു നന്മമരമാണെന്നു നമ്മൾ തിരിച്ചറിയുകയാണ് സുഹൃത്തുക്കളെ, തിരിച്ചറിയുകയാണ്. ഫ്രഷ് അല്ലേ?
മക്കളെ നേർവഴിനടത്താൻ അവരുടെ അമ്മയെ കെട്ടുക, മനുഷ്യന്റെ സാമാന്യബുദ്ധിയെ ഒരു മര്യാദയുമില്ലാതെയുമാണ് മാണി വെല്ലുവിളിക്കുന്നത്. ഇത്തരം കോപ്രായങ്ങൾ കാണിക്കാൻ ഈ പ്രായത്തിലും നിന്നുകൊടുക്കുന്ന ഏട്ടന്റെ കൈയിലും ഉണ്ട് തെറ്റ്. അതുകാണാൻ ചെന്നിരിക്കുന്ന എന്റെ കൈയിലും ഉണ്ട് തെറ്റ്. തെറ്റ്, അത് സംഭവിക്കുകയാണ് അല്ലേ? നല്ല സിനിമകൾ സംഭവിക്കാൻ നമുക്ക് എല്ലാവർക്കും ചേർന്ന് കൂട്ടമായി പ്രാർത്ഥിക്കാം. ഞാനും പ്രാർത്ഥിക്കാം, നിങ്ങളും പ്രാർത്ഥിക്കൂ. എല്ലാവർക്കും പ്രാർത്ഥിക്കാൻ ഓരോ കാരണങ്ങൾ ഉണ്ട്, അല്ലേ?
പറയുമ്പോൾ എല്ലാം പറയണമല്ലോ, കാലംതെറ്റി പിറന്ന സിനിമയാണ് ഇട്ടിമാണി. ഒരു പതിനഞ്ചു വർഷം മുമ്പായിരുന്നെങ്കിൽ പൊളിച്ചേനെ. അതിനിടയിൽ മലയാള സിനിമയിൽ സംഭവിച്ച യാതൊന്നും ജിബിയും ജോജുവും ആന്റണിച്ചായനും അറിഞ്ഞിട്ടില്ല. തള്ളിമറിക്കുന്ന നന്മമരങ്ങളെ കണ്ടാൽ ഓടിച്ചിട്ടു തല്ലുന്ന നിലയിലേക്ക് മലയാള സിനിമാ പ്രേക്ഷകന്റെ ഭാവുകത്വം പരിണമിച്ചതൊന്നും അവർ അറിഞ്ഞിട്ടേയില്ല. അവരുടെ മുന്നിലേക്ക് ഇമ്മാതിരി പടപ്പുമായി വരാനുള്ള നിങ്ങളുടെ ചങ്കൂറ്റമാണ് ചങ്കൂറ്റം. എന്തൊരു പ്രസംഗമാണ് സജീ !!
ശരിയാണ്, ഇട്ടിമാണി മാസല്ല, മനസ്സാണ്- പിന്നേ കോപ്പാണ്!