ജന്മനാ അന്ധയായ.. മദ്ധ്യപ്രദേശിലെ ഗോത്ര മേഖലയിലെ ഒരു ഗ്രാമീണ പെൺകുട്ടി. ജീവീതത്തെ വിധിയെന്ന് ശപിച്ച് ഒളിച്ചോടാന്‍ ശ്രമിക്കാതെ, ലഭിക്കുന്ന അവസരങ്ങളിലൂടെ സ്വയം ജീവിതം കെട്ടിപ്പടുത്ത് മറ്റുള്ളവര്‍ക്ക് മാതൃകയായ ജാനകി..
വിത്യസ്തവും ദൃഢവുമായ കാഴ്ചപ്പാടോടെ ജീവിതത്തെ സമീപിച്ച് വിജയത്തിന്റെ കൊടുമുടിയിലെത്തിയ ജാനകി, രാജ്യത്തിനാകെ പലതവണ അഭിമാനമായി മാറിയിരിക്കുന്നു..മകളുടെ സുരക്ഷയില്‍ ആശങ്കയുള്ള മാതാപിതാക്കള്‍ ജാനകിയെ വീടിന് വെളിയിലിറക്കാന്‍ തുടക്കത്തില്‍ വളരെയധികം ഭയപ്പെട്ടിരുന്നു.പക്ഷേ ജാനകിക്കാകട്ടെ അന്ധത കൊണ്ട് അവസാനിപ്പിക്കാവുന്നതായിരുന്നില്ല ജീവിതം മറിച്ച് അതൊരു തുടക്കമായിരുന്നു.തന്റെ ദൃഢനിശ്ചയം കൊണ്ട് അന്ധതയെ തോല്‍പ്പിച്ച് ജീവിത വിജയം നേടുകയായിരുന്നു ജാനകി.
2010ലാണ് അന്ധതയുള്ളവരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടനയായ സൈറ്റ്‌സേവേഴ്‌സിന്റെ ശ്രദ്ധ ജാനകിയിലെത്തുന്നത്. അന്ന് മുതല്‍ സംഘടന നല്‍കിയ ചിട്ടയായ പരിശീലനങ്ങളാണ് ജാനകിയുടെ ജീവിതത്തില്‍ വഴിതിരിവായത്.
2014 മുതൽ ജാനകി സ്വയം പ്രതിരോധത്തിലും ജൂഡോയിലും ആവശ്യമായ പരിശീലനം നേടി.2016ലും 2017ലും നടന്ന ബധിരർക്കും അന്ധർക്കും വേണ്ടിയുള്ള നാലാമത്തെയും അഞ്ചാമത്തെയും ദേശീയ ജൂഡോ ചാമ്പ്യൻഷിപ്പിൽ യഥാക്രമം വെള്ളിയും സ്വർണവും ജാനകിയെ തേടിയെത്തി.
2017 മെയ് 22 മുതൽ 29 വരെ ഉസ്ബെക്കിസ്ഥാനിലെ താഷ്കെന്റിൽ നടന്ന ഏഷ്യന്‍ ഓഷ്യാന ജൂഡോ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്കായി പങ്കെടുത്ത 14 മത്സരാർത്ഥികളിൽ ഒരാളായി. അഞ്ച് സംസ്ഥാനങ്ങളിൽ നിന്നുള്ള 14 അംഗ ഇന്ത്യന്‍ ടീമിനെ നയിച്ച് വെങ്കല മെഡല്‍ നേടിയെടുക്കാനും ജാനകിക്കായി.
കൂലിത്തൊഴിലാളികളായ മാതാപിതാക്കള്‍ കുടുംബം നയിക്കാന്‍ പാടുപെടുന്നതിനിടയില്‍ ജാനകിയുടെ വിജയത്തിലേക്കുള്ള യാത്ര അത്ര എളുപ്പമുള്ളതായിരുന്നില്ല.ജാനകിയുടെ പിതാവ് ഇപ്പോള്‍ മകളുടെ വിജയത്തിൽ വളരെയധികം അഭിമാനിക്കുന്നു. 2020ലെ പാരാലിമ്പിക്സില്‍ ജൂഡോ മത്സരത്തിൽ ഇന്ത്യയ്ക്ക് വേണ്ടി പങ്കെടുത്ത് സ്വർണ്ണ മെഡൽ നേടുക എന്നതാണ് ജാനകിയുടെ ഏറ്റവും വലിയ ലക്ഷ്യം.
ജീവിതത്തിലെ ഒരേയൊരു വൈകല്യം ‘മോശം മനോഭാവം’ ആണെന്നതാണ് ജാനകി ലോകത്തിന് നല്‍കുന്ന സന്ദേശം..