Breaking News
Home / Latest News / ബസിൽ ഷൂട്ടിംഗിന് പോയപ്പോൾ കിട്ടിയത് തുച്ഛമായ പണം,​ കാറുവാങ്ങിയപ്പോൾ സിനിമയിൽ ശമ്പളം കൂടി

ബസിൽ ഷൂട്ടിംഗിന് പോയപ്പോൾ കിട്ടിയത് തുച്ഛമായ പണം,​ കാറുവാങ്ങിയപ്പോൾ സിനിമയിൽ ശമ്പളം കൂടി

ചിലരുണ്ട്, ഇല്ലായ്‌മയുടെ തുരുത്തിൽ നിന്നും സ്വന്തം പ്രയത്നവും ആത്മവിശ്വാസവും കൊണ്ട് നേട്ടങ്ങളുടെ കൊടുമുടിയിലേക്ക് കയറുന്നവർ. അത്തരത്തിലൊരാളാണ് കൊച്ചിക്കാരൻ ബിനീഷ് ബാസ്‌റ്റിൻ. ടൈൽസ് പണിക്കും കൺസ്ട്രക്ഷൻ ജോലിക്കും പോയി ജീവിതം കരുപ്പിടിപ്പിക്കുന്നതിനിടയിൽ സിനിമ സ്വപ്‌നം കണ്ട് നടന്ന ചെറുപ്പക്കാരൻ.

യൗവനകാലത്ത് എല്ലാവരും വാഹനത്തിൽ പോകുമ്പോൾ അത് കണ്ട് കൊതിയോടെ നോക്കിനിന്നവൻ. പിന്നീട് യുവാക്കൾക്കിടയിൽ സൂപ്പർ താരമായി മാറിയ സിനിമാ നടൻ. തമിഴ് സൂപ്പർ താരം വിജയുടെ തെറി എന്ന സിനിമയിൽ വില്ലൻ വേഷം അവതരിപ്പിച്ചതിന് പിന്നാലെയാണ് ബിനീഷിനെ മലയാള സിനിമാ ലോകം ശ്രദ്ധിക്കുന്നത്. ആദ്യകാലത്ത് ബസിലും മറ്റും സിനിമാ ലൊക്കേഷനുകളിലേക്ക് പോകുമ്പോൾ കാര്യമായ ശമ്പളമൊന്നും ലഭിച്ചിട്ടില്ലെന്ന് താരം തുറന്നുപറയുന്നു. പിന്നീട് ഒരു കാർ വാങ്ങിയപ്പോഴാണ് തനിക്ക് മാന്യമായ ശമ്പളം ലഭിച്ചതെന്നും താരം വ്യക്തമാക്കുന്നു. കൗമുദി ടിവിയുടെ ഡ്രീം ഡ്രൈവ് പരിപാടിയിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ:ചെറുപ്പം മുതലുള്ള ഓരോരുത്തരുടെയും ആഗ്രഹമാണ് ഓരോരുത്തരെയും വണ്ടിയിലേക്ക് എത്തിക്കുന്നത്. കുട്ടിക്കാലത്ത് ടി.വിയും വി.സി.ആറും വാങ്ങണമെന്നായിരുന്നു എന്റെ ആഗ്രഹം. എന്നാൽ എനിക്കൊപ്പം എന്റെ ആഗ്രഹങ്ങളും വളർന്നു. പത്താംക്ലാസ് കഴിഞ്ഞപ്പോഴാണ് സ്വന്തമായി അധ്വാനിച്ച് ഒരു സൈക്കിൾ ഞാൻ വാങ്ങുന്നത്. അന്ന് കൊച്ചിയിലൂടെ പോകുമ്പോൾ ഞാൻ ഒരു കാർ സ്വന്തമാക്കണമെന്നൊക്കെ ആഗ്രഹിച്ചിരുന്നു.

പിന്നീട് സ്വന്തമായി അധ്വാനിച്ച പണം കൂട്ടിവച്ച് ഒരു മാക്‌സ് 100 ബൈക്ക് വാങ്ങി. അതിൽ പോകുമ്പോൾ എല്ലാവരും പറയും, നിനക്ക് ചേർന്ന വണ്ടിയല്ല, കുറച്ച് കൂടി വലുത് വാങ്ങിക്കണമെന്ന്. അങ്ങനെയാണ് പിന്നീട് ഒരു സെക്കൻ‌ഡ് ഹാൻഡ് പൾസർ വാങ്ങുന്നത്. അന്ന് എനിക്ക് സിനിമയിലൊക്കെ ചെറിയ വേഷങ്ങൾ ലഭിച്ചിരുന്നു. ഷൂട്ടിംഗിനൊക്കെ പോകുമ്പോൾ ബൈക്കിലോ അല്ലെങ്കിൽ ബസിലോ ആയിരുന്നു പോയിരുന്നത്. പിന്നീടാണ് വിജയ് സാറിന്റെ തെരി സിനിമയിൽ നല്ലൊരു വേഷം ലഭിക്കുന്നത്. അത് ജീവിതത്തിൽ വലിയൊരു വഴിത്തിരിവായിരുന്നു.

സിനിമ ഇറങ്ങിയതിന് ശേഷം എനിക്ക് വിജയ് ഫാൻസിന്റെ വകയായി ധാരാളം ഉദ്ഘാടനങ്ങളിൽ പങ്കെടുക്കാൻ പറ്റി. ആദ്യമൊക്കെ എന്തെങ്കിലും പരിപാടിയിയ്‌ക്ക് പോകുമ്പോൾ സദസിന്റെ പിൻനിരയിലാണ് ഞാൻ നിന്നിരുന്നത്. തെരി സിനിമയ്‌ക്ക് ശേഷമാണ് സദസിന്റെ പിൻനിരയിൽ നിന്ന് മുന്നിലേക്കും പിന്നെ വേദിയിലേക്കും വരാൻ പറ്റിയത്.

അങ്ങനെ ഉദ്ഘാടനങ്ങൾക്ക് പോയ പണം വച്ചാണ് ഞാൻ ആദ്യമായി ഒരു കാർ സ്വന്തമാക്കുന്നത്. ഹ്യൂണ്ടായ് ഇയോൺ ആണ് എന്റെ വണ്ടി. ഈ വണ്ടിയുമായി കേരളത്തിന്റെ മുക്കിലും മൂലയിലും ഞാൻ പോയിട്ടുണ്ട്. ഏതാണ്ട് 165ൽ അധികം കോളേജുകളിൽ ഈ കാറുമായി ‌ഞാൻ ഉദ്ഘാടനത്തിന് പോയിട്ടുണ്ട്. കാറിന്റെ പിറകിൽ ‌ഞാൻ വിജയ് സാറുമായി നിൽക്കുന്ന ഒരു ചിത്രം ആദ്യകാലത്ത് ഒട്ടിച്ചിരുന്നു. അത് കണ്ട് മറ്റ് നടന്മാരൊക്കെ കളിയാക്കുമായിരുന്നു. എന്നാൽ എനിക്ക് അതിൽ ഒരു പരിഭവവുമില്ല. കാരണം എന്റെ ജീവിതത്തിൽ ഒരു വഴിത്തിരിവായത് തെരി സിനിമയാണ്. ബസിലൊക്കെ സിനിമാ ഷൂട്ടിംഗിന് പോകുമ്പോൾ കുറച്ച് ശമ്പളം മാത്രമേ നൽകിയിരുന്നുള്ളൂ.

ബസിലൊക്കെ വരുന്നവന് അത്ര മതി എന്ന മനോഭാവമായിരുന്നു ഇതിന് പിന്നിൽ. പിന്നീട് കാറൊക്കെ എടുത്തപ്പോൾ മാന്യമായി ശമ്പളം കിട്ടാൻ തുടങ്ങി. കാറുള്ളവനോട് മലയാളി കാണിക്കുന്ന ഒരു ബഹുമാനമാണ് ഇതിന് പിന്നിൽ. ഏത് സാധാരണക്കാരനും കാറ് വാങ്ങാം എന്ന് ഇവരാരും ചിന്തിക്കുന്നില്ല. ഇതിനിടയിൽ എല്ലാ ചെറുപ്പക്കാരുടെയും ആഗ്രഹമായ റോയൽ എൻഫീൽഡിന്റെ ബുള്ളറ്റ് ബൈക്കും ഞാൻ സ്വന്തമാക്കി.എന്റെ നാട്ടിൽ ഇനി പൊളിക്കാനായി ഒരു വീട് ബാക്കിയുണ്ടെങ്കിൽ അത് എന്റെ വീടാണ്. അത് പുതുക്കി പണിയണമെന്നാണ് എന്റെ അടുത്ത ആഗ്രഹം.

അതുകഴിഞ്ഞാൽ കുറച്ച് കൂടി വലിയ വാഹനം വാങ്ങിക്കണം. എന്നാൽ ഇതിനായൊന്നും ലോൺ എടുക്കാൻ ഞാൻ തയ്യാറാല്ല. സ്വന്തമായി ഉണ്ടാക്കിയ പണം കൂട്ടിവച്ച് മാത്രമേ ഇതെല്ലാം സ്വന്തമാക്കൂ. ആഗ്രങ്ങൾ ഉണ്ടെങ്കിൽ മാത്രമേ അക്കാര്യം ജീവിതത്തിൽ സാധിക്കാൻ കഴിയൂ എന്നും താരം പറഞ്ഞുനിറുത്തുന്നു.

About Intensive Promo

Leave a Reply

Your email address will not be published.