റെയിൽവേ സ്റ്റേഷനിലെ തെരുവുഗായികയിൽ നിന്ന് രാജ്യമറിയുന്ന പാട്ടുകാരിയിലേക്കുള്ള രാണു മൊണ്ടാലിന്റെ ജീവിതം ഒരു സിനിമാക്കഥ പോലെയാണ്.
പശ്ചിമ ബംഗാളിലെ രണാഘട്ട് സ്റ്റേഷന്റെ പ്ലാറ്റ്ഫോമിലിരുന്ന്, മുഷിഞ്ഞ വസ്ത്രം ധരിച്ച്, ‘ഏക് ‘പ്യാര്‍ കാ നഗ്മാ ഹേ….’ എന്ന ഗാനം അതിമനോഹരമായി പാടി, സോഷ്യൽ മീഡിയയുടെയും ആസ്വാദകരുടെയും മനം കവർന്ന രാണുവിന് ഇപ്പോൾ അവസരങ്ങളുടെ കുത്തൊഴുക്കാണ്.
സംഗീത സംവിധായകന്‍ ഹിമേഷ് രേഷ്മിയക്കൊപ്പം സിനിമയില്‍ പാടി, ഇന്ന് ഇന്ത്യയിലെ അറിയപ്പെടുന്ന ഗായികമാരുടെ നിരയിലേക്ക് രാണുവിന്റെ പേരും ഉയര്‍ന്നിരിക്കുന്നു.
ഇപ്പോഴിതാ ഒരു പ്രമുഖ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ രാണു തന്റെ ജീവിത കഥ തുറന്നു പറഞ്ഞിരിക്കുന്നു.
‘‘ഞാന്‍ തെരുവിലല്ല ജനിച്ചത്. പക്ഷേ, 6 മാസം പ്രായമുള്ളപ്പോൾ ഞാൻ മാതാപിതാക്കളിൽ നിന്നു മാറി. മുത്തശ്ശിക്കൊപ്പമുള്ള ബാല്യകാലം അത്ര നല്ലതായിരുന്നില്ല. വീട്ടിൽ ഞാൻ തീർത്തും ഒറ്റപ്പെട്ടു. ചെറുപ്പത്തിലേ പാടാൻ ഇഷ്ടമായിരുന്നുവെങ്കിലും അവസരങ്ങൾ ലഭിച്ചില്ല. ഞാനൊട്ട് ശ്രമിച്ചുമില്ല. ലതാ മങ്കേഷ്കറിന്റെ പാട്ടുകളോടാണ് ഇഷ്ടം. റേഡിയോയില്‍ ലതാജിയുടെ പാട്ട് കേട്ടാണ് ഞാന്‍ സംഗീതം പഠിച്ചത്.
വിവാഹത്തിന് ശേഷം ബാംഗാളില്‍ നിന്ന് മുംബൈയിലേക്ക് താമസം മാറി. ഭര്‍ത്താവ് ബോളിവുഡ് നടന്‍ ഫിറോസ് ഖാന്റെ പാചകക്കാരനായിരുന്നു. ആ സമയത്ത് അദ്ദേഹത്തിന്റെ മകന്‍ ഫര്‍ദീന്‍ ഖാന്‍ കൊളേജ് വിദ്യാര്‍ഥിയായിരുന്നു. അവരൊക്കെ ഞങ്ങളോട് വളരെ സ്നേഹത്തോടെയാണ് പെരുമാറിയിരുന്നത്.
മുംബൈയിലെ ജീവിതം സന്തോഷകരമായിരുന്നു. പക്ഷേ, ഭർത്താവിന്റെ മരണം കുടുംബം തകർത്തു. അതോടെ ഞാൻ ബംഗാളിലേക്ക് മടങ്ങി. ഇതിനോടകം ഒരുപാട് ദുരിതങ്ങൾ അനുഭവിച്ചെങ്കിലും ഞാന്‍ ദൈവത്തില്‍ വിശ്വസിച്ചു. ഇപ്പോൾ ഞാന്‍ വളരെ സന്തോഷവതിയാണ്. എനിക്കൊപ്പം മകളുണ്ട്. ഇതുവരെ ആറ് പാട്ടുകള്‍ ഞാന്‍ റെക്കോഡ് ചെയ്തു. വീണ്ടും മുംബൈയിലേക്ക് താമസം മാറാന്‍ ഒരുങ്ങുകയാണ്’’.– രാണു പറഞ്ഞു.
അതേ സമയം, നടന്‍ സല്‍മാന്‍ ഖാന്‍ ഫ്ലാറ്റ് സമ്മാനമായി നല്‍കിയെന്ന വാര്‍ത്ത രാണു നിരസിച്ചു. സല്‍മാനെ എനിക്ക് കാണാന്‍ ആഗഹമുണ്ടെന്നും ഒരിക്കല്‍ അതു സാധിക്കുമെന്നു കരുതുന്നതായും അവർ കൂട്ടിച്ചേര്‍ത്തു.