പ്രണയിച്ചവനൊപ്പം അശ്വതി ഇറങ്ങിപ്പോയത് 17-ാം വയസില്‍; രണ്ട് വര്‍ഷത്തിനിപ്പുറം പ്രിയതമന്റെ കൈകളാല്‍ തന്നെ മരണം
പ്രണയിച്ചവനൊപ്പം അശ്വതി ഇറങ്ങിപ്പോയത് 17-ാം വയസില്‍; രണ്ട് വര്‍ഷത്തിനിപ്പുറം പ്രിയതമന്റെ കൈകളാല്‍ തന്നെ മരണം
കറുകച്ചാല്‍: ചങ്ങനാശേരി കറുകച്ചാലില്‍ ഭാര്യയെ ഭര്‍ത്താവ് അടിച്ചു കൊന്നു. റാന്നി ഉതിമൂട് അജേഷ് ഭവനില്‍ അശ്വതി (19)യാണ് ദാരുണമായി മരണപ്പെട്ടത്. ഭര്‍ത്താവ് കുന്നന്താനം മുക്കട കോളനിയില്‍ സുബി(27)നാണ് ഭാര്യ അശ്വതിയെ അടിച്ചു കൊലപ്പെടുത്തിയത്. സംഭവത്തില്‍ സുബിനെ പോലീസ് അറസ്റ്റ് ചെയ്തു. കഞ്ചാവിന്റെ ലഹരിയിലാണ് അശ്വാതിയെ സുബിന്‍ അടിച്ച് കൊലപ്പെടുത്തിയത്.
നിരവധി കേസുകളില്‍ പ്രതിയാണ് സുബിനെന്ന് പോലീസ് പറയുന്നു. ഇയാള്‍ക്കെതിരെ റാന്നി, ചിങ്ങവനം ചങ്ങാനാശ്ശേരി, തുടങ്ങി വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകള്‍ ഉണ്ടെന്നും പോലീസ് വെളിപ്പെടുത്തി. പോക്‌സോ, മോഷണം അടിപിടി കേസുകളില്‍ പ്രതിയായ ഇയാള്‍ കഴിഞ്ഞ വര്‍ഷം അശ്വതിയുടെ അമ്മ കുഞ്ഞുമോളുടെ കൈ ഇരുമ്പുവടി കൊണ്ട് അടിച്ചൊടിച്ചിരുന്നതായും പോലീസ് പറയുന്നു.
പ്രണയിച്ച് വിവാഹിതരായവരാണ് അശ്വതിയും സുബിനും. രണ്ട് വര്‍ഷം മുന്‍പാണ് ഇവര്‍ വിവാഹിതരായത്. 17-ാം വയസിലാണ് അശ്വതി സുബനൊപ്പം ഇറങ്ങിപ്പോയത്. തുടര്‍ന്ന് ചിങ്ങവനത്ത് വാടകവീട്ടില്‍ താമസിച്ച് വരികയായിരുന്നു. സുബിന്‍ പലപ്പോഴും അശ്വതിയെ ക്രൂരമായി മര്‍ദ്ദിക്കാറുണ്ടെന്ന് അയല്‍വാസികള്‍ മൊഴി നല്‍കി. ലഹരിക്ക് അടിമയായ സുബിന്‍ വ്യാഴാഴ്ച രാത്രി 11.30നു അശ്വതിയുമായി വഴക്കുണ്ടാക്കുകയും തുടര്‍ന്ന് ഉപദ്രവിക്കുകയും പല തവണ ഭിത്തിയില്‍ തല ഇടിപ്പിക്കുകയും ചെയ്തു.
ശേഷം വീട്ടിലുണ്ടായിരുന്ന വിറക് കമ്പ് കൊണ്ടും തലയില്‍ അടിച്ചതായും വിവരമുണ്ട്. ബോധം നഷ്ടപ്പെട്ട അശ്വതിയെ ഇയാള്‍ വലിച്ചിഴച്ചു കുളിമുറിയില്‍ കൊണ്ടുപോയി തലയില്‍ വെള്ളം ഒഴിച്ചു. ശബ്ദം കേട്ട് ഉണര്‍ന്ന അയല്‍വാസികളാണ് പോലീസില്‍ വിവരമറിയിച്ചത്. അബോധാവസ്ഥയിലായിരുന്ന അശ്വതിയെ പോലീസ് എത്തിയ ശേഷമാണ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ചികിത്സയിലിരിക്കെ അശ്വതി മരണത്തിന് കീഴടങ്ങി.