‘മൂത്ത മകനെപ്പോലെയാണ് അവര്‍ എന്നെ കാണുന്നത്’: സൗദി കുടുംബം ഊഷ്മള വരവേല്‍പ് നല്‍കിയ മലയാളി ഡ്രൈവര്‍ പറയുന്നു
മലപ്പുറം: അവധി കഴിഞ്ഞ് സൗദിയില്‍ തിരിച്ചെത്തിയ മലയാളിയെ സ്വീകരിക്കുന്ന സ്വദേശി കുടുംബത്തിന്റെ സ്‌നേഹം നിറഞ്ഞ വീഡിയോ ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. മലപ്പുറം കൂട്ടിലങ്ങാടി സ്വദേശിയായ മിദ്‌ലാജ് എന്ന യുവാവാണ് സ്വദേശി കുടുംബത്തിന്റെ മനം കവര്‍ന്ന യുവാവ്.
തങ്ങളുടെ ഡ്രൈവറായ മിദ്‌ലാജിനെ കാത്ത് മണിക്കൂറുകളോളമാണ് ആ സൗദി കുടുംബം മദീന എയര്‍പോര്‍ട്ടില്‍ കാത്ത് നിന്നത്. കൂടാതെ, കണ്ടുനിന്നവരുടെ മനസ്സ് നിറയ്ക്കുന്ന സ്വീകരണമാണ് നാലുമാസത്തെ ലീവിന് നാട്ടില്‍ പോയി വന്ന ഡ്രൈവര്‍ക്ക് നല്‍കിയത്.
വിമാനത്താവളത്തിലെ സ്വീകരണം മാത്രമല്ല, മിദ്‌ലാജിന് വമ്പന്‍ വരവേല്‍പ്പ് നല്‍കാനായി ഒരു ഹോട്ടല്‍ റൂം വരെ ബുക്ക് ചെയ്തിരുന്നു സ്‌പോണ്‍സറും കുടുംബവും. കഴിഞ്ഞില്ല, തിരിച്ചെത്തുമ്പോഴേക്കും അവന്റെ റൂം അടിമുടി മാറ്റി, എല്ലാം പുതിയ സാധനങ്ങളാക്കി മാറ്റുകയും ചെയ്തു.
നാട്ടില്‍ കാര്‍ എസി മെക്കാനിക്കായിരുന്നു മിദ്‌ലാജ്. ബന്ധു അയച്ചുതന്ന വിസയിലാണ് ഗള്‍ഫിലെത്തിയത്. അപ്പോഴെ അവര്‍ പറഞ്ഞിരുന്നു ഹൗസ് ഡ്രൈവറുടെ വിസയാണ്.. നല്ല ആളുകളാണ് എന്നൊക്കെ, മിദ്‌ലാജ് പറയുന്നു.
നാലുവര്‍ഷമായി ഈ സ്‌പോണ്‍സറുടെ കൂടെത്തന്നെയാണ്. അബ്ദുല്‍ വഹാബ് ഇബ്രാഹിം എന്നാണ് കഫീലിന്റെ പേര്. അദ്ദേഹം ഗവണ്‍മെന്റ് സര്‍വീസില്‍ നിന്ന് റിട്ടയര്‍ ചെയ്ത ആളാണ്. കഫീലും ഭാര്യയും ആറുമക്കളും ഉള്‍ക്കൊള്ളുന്നതാണ് കുടുംബം. ഒരു ആണ്‍കുട്ടിയാണ് അവര്‍ക്കുള്ളത്. ആ കുട്ടിയാണ് വീഡിയോയില്‍ എന്നെ വന്ന് കെട്ടിപ്പിടിക്കുന്നത്. ബാക്കി അഞ്ചും പെണ്‍കുട്ടികള്‍. ഞാനിപ്പം ആ കുടുംബത്തിലെ ഒരംഗമാണ്. അങ്ങനെയാണ് അവര്‍ എന്നെ കാണുന്നത്.
മൂത്ത മകനെപ്പോലെ കണ്ടാണ് അവരെന്നെ സ്‌നേഹിക്കുന്നത്. ജോലിക്ക് കയറി, വളരെ പെട്ടെന്ന് തന്നെ ഞാന്‍ അവരുമായി അടുത്തു. നാലുമാസത്തെ ലീവിനാണ് നാട്ടിലേക്ക് പോയത്. തിരിച്ചുവന്നപ്പോഴാണ് അവരെന്നെ ഇത്ര സ്‌നേഹത്തോടെ സ്വീകരിച്ചത്. ഞാനിത് ഒട്ടും പ്രതീക്ഷിച്ചില്ല. അവരെന്നെ സ്‌നേഹം കൊണ്ട് ശരിക്കും ഞെട്ടിച്ചു കളഞ്ഞു.