Breaking News
Home / Latest News / ഇതെന്റെ അവസാന ചിത്രമായിരിക്കും ഇനി അഭിനയിക്കുന്നുണ്ടാവില്ല, രണ്ടുമാസം ഗര്‍ഭിണിയാണ്’ ഞാൻ

ഇതെന്റെ അവസാന ചിത്രമായിരിക്കും ഇനി അഭിനയിക്കുന്നുണ്ടാവില്ല, രണ്ടുമാസം ഗര്‍ഭിണിയാണ്’ ഞാൻ

ആധുനിക തെലുങ്കു സിനിമയിലെ സാവിത്രി എന്ന് അറിയപ്പെട്ടിരുന്ന നടിയാണ് സൗന്ദര്യ. തെന്നിന്ത്യൻ ഭാഷകളിൽ മുഴുവൻ അഭിനയിച്ചിട്ടുള്ള നടിയുടെ ആദ്യ ചിത്രം കന്നഡയിലെ ഗാന്ധർവയാണ്. ഒരു പുതിയ തമിഴ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടയിൽ സൗന്ദര്യയെക്കുറിച്ച് ആർ വി ഉദയകുമാർ വികാരഭരിതനായി സംസാരിച്ച വാക്കുകൾ ഇപ്പോൾ വലിയ വാർത്തയാണ്. തണ്ടഗൻ എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടയിൽ അതിലെ നായിക ദീപ പുതുമുഖ സംവിധായകനായ കെ മഹേന്ദ്രനെ അച്ഛൻ എന്ന് അഭിസംബോധന ചെയ്തു സംസാരിച്ചിരുന്നു. ചടങ്ങിൽ അതിഥിയായെത്തിയ ഉദയകുമാർ ഇത് പരാമർശിച്ച് സംസാരിക്കുന്നതിനിടയിലാണ് സൗന്ദര്യയെ കുറിച്ചുള്ള ഓർമകൾ പങ്കുവച്ചത്.

‘വേദിയിൽ സംസാരിക്കുന്നതിനിടയിൽ ദീപ സംവിധായകൻ കെ മഹേന്ദ്രനെ അച്ഛനെന്നു വിശേഷിപ്പിച്ചതിൽ ഞാനേറെ സന്തോഷവാനാണ്. സിനിമ എന്നു പറയുന്നത് വലിയൊരു കുടുംബം തന്നെയാണ്.’ ഒന്നു നിർത്തിയിട്ട് അദ്ദേഹം പറഞ്ഞു. എനിക്കൊരു കാര്യം ഇവിടെ പറയാനുണ്ട്. ഞാനിത് മുമ്പൊരിക്കലും എവിടെയും പറഞ്ഞിട്ടില്ല. നടി സൗന്ദര്യയെ ഞാനാണ് സിനിമയിൽ കൊണ്ടു വന്നത്. പൊന്നുമണി എന്ന എന്റെ സിനിമയിലായിരുന്നു അത്. അണ്ണനെന്നാണ് സൗന്ദര്യ എന്നെ വിളിച്ചിരുന്നത്. ആദ്യമൊക്കെ എന്നെ അങ്ങനെ വിളിക്കുന്നതിൽ ഞാൻ അതൃപ്തനായിരുന്നു. മറ്റുള്ളവർക്ക് മുമ്പിൽ എന്നെ സാർ എന്നു വിളിച്ചാൽ മതിയെന്നു സൗന്ദര്യയോട് ഞാൻ പറയുമായിരുന്നു. എന്നാൽ അധികം വൈകാതെ ഞാനവരെ സഹോദരിയായി കണ്ടുതുടങ്ങുകയും അവരെന്നെ അണ്ണാ എന്നു തന്നെ വിളിക്കുകയും ചെയ്തു. എന്നോട് പ്രത്യേക ആദരവും സ്നേഹവും അവർക്കുണ്ടായിരുന്നു. പൊന്നുമണിയിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെയാണ് ഒരു ചിരഞ്ജീവി പടത്തിലേക്ക് ഞാനവരെ റെക്കമൻഡ് ചെയ്തത്. അതിനുശേഷം അവർ വലിയ താരമായി മാറി. അന്നൊക്കെ ഓരോരോ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഞാൻ തന്നെയാണ് ചെന്നൈയിൽ നിന്ന് ഹൈദരാബാദിലേക്ക് പോവുകയും വരികയും ചെയ്തിരുന്നത്.

സൗന്ദര്യ എന്നെ ഗൃഹപ്രവേശത്തിനും ക്ഷണിച്ചിരുന്നു. എനിക്കു പോകാനായില്ല. വിവാഹത്തിനും വിളിച്ചു. നിർഭാഗ്യവശാൽ അതിനും എനിക്കു പങ്കെടുക്കാനായില്ല. ആയിടയ്ക്കാണ് തമിഴിലെ ഹിറ്റ് ചിത്രം ചന്ദ്രമുഖി കന്നഡയിലേക്ക് റീമേക്ക് ചെയ്യുന്നത്. അതിൽ സൗന്ദര്യ അഭിനയിച്ചിരുന്നു. ആ സിനിമ കഴിഞ്ഞ് അവർ എന്നെ ഒരു ദിവസം വിളിച്ചു. എന്നിട്ട് പറഞ്ഞു- ഇതെന്റെ അവസാന ചിത്രമായിരിക്കും. ഇനി ഞാൻ അഭിനയിക്കുന്നുണ്ടാവില്ല. രണ്ടുമാസം ഗർഭിണിയാണ്. അന്ന് എന്നോടും ഭാര്യയോടും അവർ ഫോണിൽ ഒരു മണിക്കൂറോളം സംസാരിച്ചു.

അടുത്ത ദിവസം രാവിലെ 7.30ക്ക് ടിവി വച്ചപ്പോൾ അവർ അപകടത്തിൽ മരണപ്പെട്ട വിവരം അറിഞ്ഞ് ഞെട്ടിപ്പോയി. അവർ ക്ഷണിച്ച ഒരു ചടങ്ങിനും എനിക്കു പോകാൻ കഴിഞ്ഞിട്ടില്ല. പിന്നീട് അവരുടെ സംസ്കാരച്ചടങ്ങിനാണ് ഞാൻ പോകുന്നത്. ഞാൻ അവരുടെ വീട്ടിൽ പോയി. ഭംഗിയുള്ള അവരുടെ വീട് കണ്ടു. വീടിനകത്ത് പ്രവേശിച്ചപ്പോൾ എന്റെ വലിയൊരു ചിത്രം ചുമരിൽ തൂക്കിയിട്ടിരിക്കുന്നത് കണ്ടു. എനിക്ക് കരച്ചിലടക്കാനായില്ല.

സിനിമയിലെ ആളുകൾക്ക് പരസ്പരം കുടുംബമായും തോന്നും. അതു മനസ്സിലാക്കിത്തരാനാണ് ഞാനീ സംഭവം പറഞ്ഞത്. ദീപ സംവിധായകനെ അപ്പ എന്നു വിളിച്ചപ്പോൾ ഏറെ സന്തോഷ്ം തോന്നി. അദ്ദേഹം അതിൽ അഭിമാനിക്കണം, കാരണം ദീപ അദ്ദേഹത്തെ വിശ്വസിക്കുകയും ആദരിക്കുകയും ചെയ്യുന്നു.’ ഉദയകുമാർ പറഞ്ഞു.

2004ൽ ബെംഗളൂരുവിൽ ഒരു തിരഞ്ഞെടുപ്പ് കാമ്പയിനിടയിൽ നടത്തിയ യാത്രക്കിടെ വിമാനാപകടത്തിൽപ്പെട്ടാണ് സൗന്ദര്യയും സഹോദരൻ അമർനാഥും മരണപ്പെടുന്നത്. യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, കിളിച്ചുണ്ടൻ മാമ്പഴം എന്നീ മലയാള ചിത്രങ്ങളിലും സൗന്ദര്യ അഭിനയിച്ചിരുന്നു.

About Intensive Promo

Leave a Reply

Your email address will not be published.