Breaking News
Home / Latest News / ലഡു വിറ്റുനടന്നവന്‍ ബസ് മുതലാളി, ദ്രോഹിക്കാന്‍ ഉദ്യോഗസ്ഥര്‍

ലഡു വിറ്റുനടന്നവന്‍ ബസ് മുതലാളി, ദ്രോഹിക്കാന്‍ ഉദ്യോഗസ്ഥര്‍

പാലക്കാട്: പരീക്ഷിത്ത് ബസ് ഓടിയതിനേക്കാൾ കൂടുതൽസമയം നിർത്തിയിട്ടിരിക്കുകയായിരുന്നു. വർഷങ്ങൾക്കുശേഷം കോടതിയുത്തരവിന്റെ പിന്തുണയോടെ പരീക്ഷിത്ത് ബുധനാഴ്ച വീണ്ടും റോഡിലിറങ്ങിയപ്പോൾ പേരൊന്ന് മാറ്റി.

ബുധനാഴ്ചരാവിലെ ആറേമുക്കാലിന് കടമ്പഴിപ്പുറത്തിനടുത്ത് കുളക്കാട്ടുകുറിശ്ശിയിൽനിന്ന് എസ്.ബി.എസ്. എന്നപേരിലാണ് ഓട്ടംതുടങ്ങിയത്. ഏറെ വിശ്വസിക്കുന്ന ഷാരുകോവിൽ ഭഗവതിയുടെപേരിലാണ് ബസ്. ഷാരുകോവിൽ ബസ് സർവീസ് എന്നതിന്റെ ചുരുക്കപ്പേരായാണ് ബസ്സിന്റെ പേര് എസ്.ബി.എസ്. എന്നാക്കിയത്.

എറണാകുളത്ത് ബേക്കറിസാധനങ്ങളുടെ വ്യാപാരമായിരുന്നു കടമ്പഴിപ്പുറം കുളക്കാട്ടുകുറിശ്ശി ചെമ്പുംപാടത്ത് സി.കെ. ബാലകൃഷ്ണന്. സ്വന്തം ഗ്രാമത്തിൽനിന്ന് നിറയെ യാത്രക്കാരുമായി നഗരത്തിലേക്കൊരു ബസ് ബാലകൃഷ്ണന്റെ സ്വപ്നങ്ങളിൽ നിറഞ്ഞുനിന്നു. ആ സ്വപ്നത്തിന്റെ സാക്ഷാത്കാരമെന്നോണമാണ് വായ്പയെടുത്തും കൈയിലുള്ള ഇത്തിരിതുക സ്വരൂപിച്ചും ബാലകൃഷ്ണൻ ബസ് വാങ്ങിയത്. പിന്നത്തെ കഥകൾ സിനിമാക്കഥയെ വെല്ലും.

ലഡുവും മിക്സ്ചറും വിറ്റുനടന്നവൻ അങ്ങനെ ബസ് മുതലാളിയാവേണ്ടെന്ന ആരുടെയൊക്കെയോ കൊതിക്കെറുവുകളെയും അവർക്ക് പിന്തുണയായ ഉദ്യോഗസ്ഥരുടെ ചുവപ്പുനാടക്കുരുക്കിനെയും മറികടക്കാൻ ദൈവങ്ങൾ തുണയാവണമെന്ന് ബാലകൃഷ്ണൻ പ്രാർഥിച്ചുകാണണം. എസ്.ബി.എസ്. ബുധനാഴ്ച ഓടിത്തുടങ്ങിയത് ഒരുമനുഷ്യന്റെ നിശ്ചയദാർഢ്യത്തിന്റെയും അതിജീവനത്തിന്റെയും കഥയുമായാണ്.

കുളക്കാട്ടുകുറിശ്ശിയിൽനിന്നൊരു പെർമിറ്റ് കിട്ടാൻതന്നെ മാസങ്ങൾ വേണ്ടിവന്നു. പുലർച്ചെ പുറപ്പെടുന്ന ബസ് ഓരോ ജങ്ഷനിലും പത്തും ഇരുപതും മിനിറ്റ് നിർത്തിയിട്ട് ഓടുംവിധമാണ് മോട്ടോർവാഹനവകുപ്പ് വിചിത്രമായ പെർമിറ്റ് നൽകിയത്. മുന്നിലുംപിന്നിലും മറ്റ് ബസ്സുകളുണ്ട്. അവരെ ശല്യപ്പെടുത്താനാവില്ലെന്നായിരുന്നു ന്യായം.
നിർത്തിയിട്ട് ഓടുന്ന ബസ്സിന് വരുമാനം വല്ലാതെ കുറഞ്ഞതോടെ തിരിച്ചടവ് മുടങ്ങി. സമയം ശരിയാക്കാൻ പലതവണ കോടതി കയറിയിറങ്ങിയെങ്കിലും ബാലകൃഷ്ണന്റെ സമയം ശരിയാക്കാൻ അധികൃതർ മടിച്ചുനിന്നു. 2014-ൽ ബാങ്കുകാർ കോടതിമുഖേന ബസ് പിടിച്ചെടുത്തിരുന്നെങ്കിലും പലതവണ ഓഫീസുകൾ കയറിയിറങ്ങി 2017-ൽ വണ്ടി വീണ്ടെടുത്തു.

ജീവിതം വഴിമുട്ടിയപ്പോൾ ഹൈക്കോടതിവരെ നീണ്ട നിയമപോരാട്ടത്തിന് ബാലകൃഷ്ണൻ തയ്യാറായി. ഒടുവിൽ കോടതിയിൽ നേരിട്ടുതന്റെ സ്ഥിതി ബോധിപ്പിക്കേണ്ടിവന്നെന്ന് ബാലകൃഷ്ണൻ ഓർക്കുന്നു. മാർച്ച് 19-ന് കോടതിവിധി എത്തിയതോടെയാണ് വീണ്ടും ബസ് റോഡിലിറക്കാനുള്ള വഴി തെളിഞ്ഞത്. ഇപ്പോൾ ഒരുമിനിറ്റ്, രണ്ടുമിനിറ്റ് വ്യത്യാസത്തിലാണ് റൂട്ടനുവദിച്ചിട്ടുള്ളത്.

About Intensive Promo

Leave a Reply

Your email address will not be published.