Breaking News
Home / Latest News / നാട്ടുകാർ സ്നേഹപൂർവം വിളിച്ചു ഡ്രാക്കുള അരലക്ഷം ജീവിതങ്ങൾ രക്ഷിച്ച രക്തക്കൊതി

നാട്ടുകാർ സ്നേഹപൂർവം വിളിച്ചു ഡ്രാക്കുള അരലക്ഷം ജീവിതങ്ങൾ രക്ഷിച്ച രക്തക്കൊതി

അജിത്തിന്റെ ‘രക്തക്കൊതി’ കണ്ട് നാട്ടുകാർ സ്നേഹപൂർവം വിളിച്ച പേരാണ്, ഡ്രാക്കുള. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി വളപ്പിലെ അജിത് കൃപയുടെ (42) ടീഷോപ്പിൽ ചായയല്ല, രക്തമാണ് അധികമാളുകളും അന്വേഷിച്ചെത്തുന്നത്. ആവശ്യക്കാർക്ക് സൗജന്യമായി രക്തം സംഘടിപ്പിച്ചു കൊടുക്കുന്നതിനൊപ്പം രക്തദാനത്തിന് എത്തുന്നവർക്ക് സ്വന്തം ചെലവിൽ ലഘുഭക്ഷണവും അജിത് നൽകും. ചിലപ്പോൾ ദാതാക്കളെ വിളിക്കാൻ തന്റെ മുച്ചക്ര സ്കൂട്ടറോടിച്ചു പോകും. അരലക്ഷത്തോളം പേർക്ക് ഇതുവരെ രക്തം സംഘടിപ്പിച്ചു നൽകിയിട്ടുണ്ട്.

മത്സ്യത്തൊഴിലാളി കുടുംബത്തിൽ ജനിച്ച അജിത്തിന് രണ്ടാം വയസ്സിൽ പോളിയോ ബാധിച്ചു. രണ്ടു കാലുകളും തളർന്നു. വീൽചെയർ യൂസേഴ്സ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റാണ്. അജിത് തുടങ്ങിയ വാട്സാപ് ഗ്രൂപ്പ് വളർന്നാണ് 9000 അംഗങ്ങളുള്ള സംഘടനയായത്. ഔപചാരിക വിദ്യാഭ്യാസമില്ല. എഴുത്തും വായനയും സ്വയം പഠിച്ചു. മൂവായിരത്തോളം പുസ്തകങ്ങൾ വായിച്ചു തീർത്തു. 12 വർഷം മുൻപുള്ളൊരു അനുഭവമാണ് അജിത് കൃപയെ ‘ഡ്രാക്കുള’യാക്കിയത്. അന്നു മെഡിക്കൽ കോളജ് ആശുപത്രി വളപ്പിൽ ലോട്ടറിക്കച്ചവടമായിരുന്നു.

നൂറനാട്ടു നിന്നുള്ള ഒരമ്മ എ.ബി നെഗറ്റിവ് ഗ്രൂപ്പ് രക്തം അന്വേഷിച്ച് ആശുപത്രിക്കു മുന്നിലൂടെ നടക്കുന്നതു കണ്ടു. മകൻ തെങ്ങിൽനിന്ന് വീണ് ഗുരുതര പരുക്കേറ്റു. പഠനത്തിനൊപ്പം, തെങ്ങുകയറ്റം തൊഴിലാക്കി കുടുംബം നോക്കിയിരുന്ന ചെറുപ്പക്കാരനെ സഹായിക്കാൻ അജിത്തും ശ്രമിച്ചെങ്കിലും രക്തദാതാവിനെ കിട്ടിയില്ല. ലോട്ടറിക്കച്ചവടത്തിനു പുറത്തു പോയി തിരിച്ചെത്തിയപ്പോൾ കാണുന്നത് ആ അമ്മ അലറിക്കരഞ്ഞുകൊണ്ട് തറയിൽക്കിടന്ന് ഉരുളുന്നതാണ്. മകൻ മരിച്ചു.

അവരുടെ നിലവിളി വന്നു കൊണ്ടത് നെഞ്ചിലാണ്. അന്നു മുതൽ പരിചയക്കാരുടെ ഫോൺ നമ്പരുകൾക്കൊപ്പം രക്തഗ്രൂപ്പും ചേർത്ത് രേഖപ്പെടുത്തിത്തുടങ്ങി. അടുത്ത ദിവസം മറ്റൊരാൾ സഹായം തേടി വന്നപ്പോൾ നൽകാൻ 15 ഫോൺ നമ്പറുകൾ കൈവശമുണ്ടായിരുന്നു. ഇപ്പോൾ അത് പതിനായിരമായി. താൻ രക്തം നൽകി സഹായിച്ച 45,000 പേരുടെ ലിസ്റ്റ് അജിത്ത് സൂക്ഷിച്ചിരുന്നു. കഴിഞ്ഞ പ്രളയത്തിൽ അതു നഷ്ടമായി. ഇപ്പോൾ സഹായങ്ങൾക്കു കണക്കു സൂക്ഷിക്കാറില്ല. പക്ഷേ, സുഹൃത്തുക്കൾ രക്തം ദാനം ചെയ്ത ദിവസം കൃത്യമായി ഓർത്തുവയ്ക്കും.

മൂന്നു മാസം തികയുമ്പോൾ വീണ്ടും വിളിക്കണമല്ലോ. ഇതിനിടെ കുടനിർമാണവും പേപ്പർ പേന നിർമാണവും പഠിച്ചു. ഇപ്പോൾ ഇതൊക്കെ കിടപ്പുരോഗികളെ സൗജന്യമായി പഠിപ്പിക്കുന്നു. ഒരു ജനറേറ്റർ വാങ്ങി വാടകയ്ക്കു നൽകി ആ വരുമാനത്തിൽ നിന്ന് ആറു കാൻസർ രോഗികൾക്ക് മാസം 1000 രൂപ വീതം നൽകുന്നു. ഭാര്യ സുനിതയും മകൻ സോനുവും ഇതിനെല്ലാം കൂടെ നിൽക്കുന്നു. ആരോഗ്യസ്ഥിതി മൂലം തന്റെ രക്തം ദാനം ചെയ്യാനാകാത്തതിന്റെ സങ്കടം തീർന്നത് മകൻ പ്രായപൂർത്തിയെത്തി രക്തം ദാനം ചെയ്തു തുടങ്ങിയപ്പോഴാണ്.

ഒരിക്കൽ വൃക്ക ദാനം ചെയ്യാൻ അജിത് ശ്രമിച്ചെങ്കിലും ഡോക്ടർമാർ വിലക്കി. അജിത്തിന് 12 വയസ്സുള്ളപ്പോൾ സ്കൂളിൽ ചേർക്കാൻ രക്ഷിതാക്കൾ ശ്രമം നടത്തിയിരുന്നു. അന്നൊരു അധ്യാപകൻ കുട്ടിയെ നോക്കി പറഞ്ഞു. ‘ഈ സാധനം തറയിൽ വീണുടഞ്ഞാൽ എനിക്ക് ഉത്തരവാദിത്തമുണ്ടാകില്ല’. അരലക്ഷം ജീവിതങ്ങൾ ഉടയാതെ കാത്ത ആ കുട്ടി ഇന്ന് ആ അധ്യാപകനു പോലുമൊരു പാഠമാണ്.

About Intensive Promo

Leave a Reply

Your email address will not be published.