Breaking News
Home / Latest News / സഹതാപം വേണ്ട, ഇത് സ്ട്രച്ച് മാർക്കുകളും നീർച്ചുഴികളുമുള്ള എന്റെ ശരീരം

സഹതാപം വേണ്ട, ഇത് സ്ട്രച്ച് മാർക്കുകളും നീർച്ചുഴികളുമുള്ള എന്റെ ശരീരം

സീറോ സൈസ് ശരീരങ്ങളിൽ‌ മാത്രമാണ് സൗന്ദര്യം കുടികൊള്ളുന്നതെന്നാണ് പലരുടേയും മിഥ്യാധാരണ. അതുകണ്ടാകണം പ്ലസ് സൈസ് ശരീര പ്രകൃതിയുള്ളവർക്കു മേൽ‌ ചിലർ വിമർശനത്തിന്റെ കൂരമ്പുകളുമായെത്തുന്നത്. കണ്ണുകളിൽ ലെൻസ് ഘടിപ്പിച്ച് ബോഡി ഷെയിമിങ്ങ് വർത്താനങ്ങളുമായെത്തുന്ന സംഭവങ്ങൾ സോഷ്യൽ മീഡിയയിൽ നിത്യ സംഭവങ്ങളാണ്. സ്ട്രെച്ച് മാർക്കിലും കറുപ്പിലും വെളുപ്പിലുമെല്ലാം കണ്ണെറിഞ്ഞ് പരിഹാസ ശരങ്ങളുമായെത്തുന്നവർ പുതിയകാലത്തും കുറവല്ല.

മേക്കപ്പ് ട്യൂട്ടോറിയലുകളിലൂടെയും സൗന്ദര്യവർധക വസ്തുക്കൾ പരിചയപ്പെടുത്തുന്നതിലൂടെയും സോഷ്യൽ മീഡിയയിൽ സുപരിചിതയായ നബീല നൂറാണ് സോഷ്യൽ മീഡിയയുടെ ബോഡി ഷെയിമിങ്ങിന്റെ പുതിയ ഇര. വണ്ണമുള്ള ശരീരമാണെങ്കിലും ആത്മവിശ്വാസവും ബോഡി പോസിറ്റിവിറ്റിയുമാണ് നബീലയെ വ്യത്യസ്തയാക്കുന്നത്. നബീലയുടെ പ്ലസ് സൈസ് ശരീരപ്രകൃതത്തിലാണ് ഇക്കുറിയും വിമർശകർ കണ്ണുവച്ചത്.

ഹൈ വേസ്റ്റഡ് ബിക്കിനിയണിഞ്ഞ് തടാകക്കരയിലിരിക്കുന്ന വിഡിയോ നബില കഴിഞ്ഞ ദിവസം പങ്കുവെച്ചത്. ജീവിതത്തിലെ ആദ്യ ബിക്കിനി ചിത്രമെന്ന ക്യാപ്ഷനോടെയാണ് നബില വിഡിയോ പങ്കിട്ടത്. ഈ വിഡിയോയുടെ ചുവടു പിടിച്ചാണ് പുതിയ സൈബർ ആക്രമണം.

”സ്ട്രച്ച് മാർക്കുകളും, നീർച്ചുഴികളുമുള്ള പ്ലസ് സൈസ് ബോഡിയുടെ ചലനങ്ങൾ കാട്ടിത്തരാനാണ് എഡിറ്റ് ചെയ്യാത്ത ഈ വിഡിയോ പങ്കുവയ്ക്കാൻ ‍ഞാൻ തീരുമാനിച്ചത്”. വിഡിയോക്ക് ആമുഖമായി നബില ഇങ്ങനെയായിരുന്നു കുറിച്ചത്. വിഡിയോ കണ്ട് നിരവധി സ്ത്രീകൾ അവരുടെ സ്നേഹവും പിന്തുണയും നബീലയെ അറിയിച്ചെങ്കിലും ഭൂരിപക്ഷവും അവരുടെ ശരീരത്തെ പരിഹസിക്കാനാണ് ശ്രമിച്ചത്.

ശരീരത്തിന്റെ പേരിൽ സഹതാപം പിടിച്ചുപറ്റാനുള്ള നീക്കമെന്നും കൂടുതൽ ഫോളോവേഴ്സിനെ ആകർഷിക്കാനുള്ള ശ്രമമാണെന്നും നബിലയുടെ വിഡിയോയെക്കുറിച്ച് വിമർശനങ്ങളുയർന്നു. നിലവിലുള്ള സംവിധാനങ്ങളെ വെല്ലുവിളിച്ചാൽ ഇങ്ങനെയൊക്കെ സംഭവിക്കുമെന്നും ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങൾ തന്നെ മുന്നോട്ടും ചെയ്യുമെന്നും നബില മറുപടി നൽകി.

”എന്റെ ശരീരത്തിന്റെ പേരിൽ ഞാൻ മാപ്പുപറയില്ല. എന്നോടുള്ള സ്നേഹത്തിന്റെ പേരിലും മാപ്പുപറയില്ല. സമൂഹത്തിന്റെ സൗന്ദര്യ സങ്കൽപ്പങ്ങളിൽ ഒതുങ്ങുംവരെ ഞാനെന്റെ ശരീരം മറച്ചുവെക്കില്ല. എന്റെ ആത്മധൈര്യത്തെ തകർക്കാൻ നിങ്ങളുടെ വാക്കുകൾക്കാകില്ല”- നബില ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

About Intensive Promo

Leave a Reply

Your email address will not be published.