Breaking News
Home / Latest News / അവനായിരുന്നു എന്റെ ആദ്യ പ്രണയം, പക്ഷേ വീട്ടുകാർ നിർബന്ധിച്ചപ്പോൾ അവൻ ഒരു പെണ്ണിനെ വിവാഹം ചെയ്തു

അവനായിരുന്നു എന്റെ ആദ്യ പ്രണയം, പക്ഷേ വീട്ടുകാർ നിർബന്ധിച്ചപ്പോൾ അവൻ ഒരു പെണ്ണിനെ വിവാഹം ചെയ്തു

അടക്കി വയ്ക്കപ്പെട്ട സ്വപ്നങ്ങളും കുഴിച്ചു മൂടിയ സ്വത്വവുമായി ജീവിക്കുന്നവരെ നിങ്ങൾ കണ്ടിട്ടുണ്ടോ? ഒമ്പതെന്നും ഗേയെന്നും ലെസ്ബിയനെന്നുമൊക്കെ പരിഹാസച്ചുവയോടെ വിളിക്കുന്നവരുടെ മനസു കാണാന്‍ ഒരുവട്ടമെങ്കിലും ശ്രമിച്ചിട്ടുമുണ്ടോ? അങ്ങനെയൊന്ന് സംഭവിച്ചിരുന്നുവെങ്കിൽ ഞങ്ങൾക്ക് ഇത്രയും നാൾ കാത്തിരിക്കേണ്ടി വരുമായിരുന്നില്ല. ഈ കൂടിച്ചേരൽ അവർക്കു കൂടി വേണ്ടിയാണ്, സ്വത്വവും വ്യക്തിത്വവും മനസിൽ കൂഴിച്ചു മൂടി വീർപ്പു മുട്ടലോടെ ജീവിക്കുന്നവർക്കു വേണ്ടി. മാറ്റത്തിന്റെ നല്ലൊരു നാളേയ്ക്കു വേണ്ടി.’

സോനുവിന്റെ കരംഗ്രഹിച്ച് നികേഷ് ഇതു പറയുമ്പോൾ ഒരു വിജയിയുടെ ഭാവമായിരുന്നു ആ മുഖം നിറയെ. അപമാനഭാരവും ഭയവും ഗ്രസിച്ചിരുന്ന അവരുടെ വനപർവ്വം കഴിഞ്ഞിരിക്കുന്നു. ഇനി മുന്നിലുള്ളത് പുതിയ ആകാശം. വിവാഹത്തിന്റെ പുതുക്കം വിട്ടു മാറാതെ കേരളത്തിലെ ആദ്യ സ്വവർഗ പുരുഷ ദമ്പതികളായ നികേഷും സോനുവും അവരുടെ കഥ പറഞ്ഞു തുടങ്ങുകയാണ്.

വിപ്ലവമെന്നോ ചരിത്രമെന്നോ നാഴികക്കല്ലെന്നോ വിശേഷിപ്പിക്കാവുന്ന ആ കൂടിച്ചേരലിനെ ഒടുവില്‍ ഈ സമൂഹം അംഗീകരിച്ചു എന്നറിയുമ്പോൾ ഇരുവർക്കും സ്വർഗം കിട്ടിയ സന്തോഷം. ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹിതരായ ഇരുവരും വീട്ടുകാരുടെ ആശീർവാദത്തോടെ ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ ഒരുവർഷം കഴിഞ്ഞിരിക്കുന്നു. സോഷ്യൽ മീഡിയ നിറഞ്ഞ മനസോടെ അനുഗ്രഹാശിസുകൾ ചൊരിഞ്ഞ നികേഷിനും സോനുവിനും പറയാനേറെയുണ്ട്, അപമാനഭാരത്താൽ നൊന്തു നീറിയ ഭൂതകാലം. ഒറ്റപ്പെടലുകളുടെ കറുത്ത ദിനങ്ങൾ. ഒടുവിൽ സ്വപ്നം പോലെ ഈ വിവാഹം. ഇരുവരും അക്കഥ പറയുകയാണ് വനിത ഓൺലൈനിനു വേണ്ടി…

പാത്രവുമായി വന്നാൽ പാല് വാങ്ങാം, കുപ്പിയുമായി എത്തുന്നവർക്ക് 5 രൂപയ്ക്ക് മിനറൽ വാട്ടർ! ഇത് ലക്ഷങ്ങളുടെ ശമ്പളം വേണ്ടെന്നു വച്ച് എംടെക്കുകാരൻ തുടങ്ങിയ ‘പലചരക്കു’ കട
വീർപ്പു മുട്ടലിന്റെ നാളുകൾ

അമ്മയുടെ ഉദരത്തിലിരിക്കുമ്പോഴേ മുകളിലിരിക്കുന്നവൻ കുറിച്ചിട്ടുണ്ടാകും, നിങ്ങള്‍ ആണായി ജീവിക്കണോ പെണ്ണായി ജീവിക്കണോ എന്നത്. പക്ഷേ നിങ്ങളുടെ സ്വത്വം നിർണയിക്കപ്പെടുന്നത് കൗമാര കാലത്താണ്. ഞങ്ങളുടേം അങ്ങനെ തന്നെയായിരുന്നു. – നികേഷ് പറഞ്ഞു തുടങ്ങി. വ്യത്യസ്തമായ രണ്ട് ജീവിത സാഹചര്യങ്ങളിലുള്ളവര്‍ തന്നെയായിരുന്നു ഞങ്ങൾ ഇരുവരും. ഞാൻ ഗുരുവായൂർ സ്വദേശി, സോനുവിന്റെ വീട് കൂത്താട്ടുകുളത്താണ്. ഓപ്പോസിറ്റ് സെക്സ് അട്രാക്റ്റ്സ്! എന്നാണല്ലോ പക്ഷേ ഞങ്ങളുടെ കാര്യത്തിൽ തിരിച്ചായിരുന്നു. ഒരേ പ്രായത്തിലുള്ള ആണുങ്ങൾ സ്ത്രീ സൗന്ദര്യത്തെക്കുറിച്ചും, പ്രണയത്തെക്കുറിച്ചുമെല്ലാം വാചാലരാകുമ്പോൾ എന്റെ ചിന്ത വ്യത്യസ്തമായിരുന്നു.

ശരിക്കും പറഞ്ഞാൽ ആണിനോടാണോ പെണ്ണിനോടാണോ നമ്മുടെ താത്പര്യം എന്ന് കൃത്യമായി നിർണയിക്കാൻ പോലും പറ്റാത്ത ഘട്ടം വരെയെത്തി. ഞാൻ മറ്റുള്ളവരെ പോലെ അല്ല എന്ന് ആരോ ഉള്ളിന്റെയുള്ളിൽ നിന്ന് പറഞ്ഞു കൊണ്ടേയിരുന്നു. എൽജിബിറ്റി കമ്മ്യൂണിറ്റിയെക്കുറിച്ചും 377 നിയമത്തെക്കുറിച്ചുമൊന്നും അന്ന് കേട്ടു കേൾവിയേ ഇല്ല. പുറത്തു പറയാൻ പോലും പറ്റാത്ത സാഹചര്യം. മരിച്ചു ജീവിക്കുന്നതിനേക്കാളും വ്യക്തിത്വത്തോടെ ജീവിക്കുന്നതാണ് എന്ന് തിരിച്ചറിവുണ്ടായ നിമിഷം ഞാനത് തീരുമാനിച്ചു, എന്റെ സ്വത്വം അത് സമൂഹം അറിയണം.–നികേഷ് ഭൂതകാലത്തിലേക്ക് ഓർമ്മകളെ പായിച്ചു.

ആദ്യം അറിഞ്ഞത് അമ്മ

വീട്ടിൽ വിവാഹാലോചനകൾ തുടങ്ങുന്നതോടെയാണ് കാര്യങ്ങൾ കീഴ്മേൽ മറിയുന്നത്. ഒളിച്ചു വച്ച രഹസ്യങ്ങളെല്ലാം പുറത്താകുമെന്ന ഘട്ടം വന്നു. സോനുവിന്റെ വീട്ടിലും പ്രശ്നങ്ങളുണ്ടായി. ഞാനൊരു ഗേ ആണെന്നും, എന്റെ താത്പര്യം ഒരു പുരുഷ പങ്കാളിയോടാണെന്നും ആദ്യം പറയുന്നത് അമ്മയോടാണ്. ആ പാവത്തിന് അത് ഉൾക്കൊള്ളാന്‍ പോലും ആകുമായിരുന്നില്ല. അവർക്ക് അതിനെക്കുറിച്ച് കൃത്യമായ ധാരണ ഇല്ലായിരുന്നു എന്ന് പറയുന്നതായിരിക്കും കുറച്ചു കൂടി ശരി. ഡോക്ടറെ കാണിച്ച് എന്റെ ‘രോഗം’ മാറ്റാം എന്നാണ് അമ്മയുൾപ്പെടെയുള്ള വീട്ടുകാർ ആദ്യം പറഞ്ഞത്. ഞാൻ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാൻ ശ്രമിക്കുമ്പോഴും അവർ കരുതിയത്,

ഇതൊക്കെ പ്രകൃതി വിരുദ്ധമാണെന്നായിരുന്നു. സാവധാനം ഞാൻ അമ്മയെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി. ഇന്റർനെറ്റിലൂടെ അമ്മയ്ക്ക് ഗേ കപ്പിൾസ് എന്തെന്നും, ലെസ്ബിയൻ കപ്പിൾസ് എന്തെന്നും കൃത്യമായി പറഞ്ഞു കൊടുത്തു. ഇതിനിടയ്ക്കും ഇതൊക്കെ തെറ്റാണ് മഹാപാപമാണ് എന്ന തരത്തിൽ മുറുമുറുപ്പുകൾ ഉയരുന്നുണ്ടായിരുന്നു. ഞാൻ അനുഭവിക്കുന്ന വേദന തിരിച്ചറിഞ്ഞിട്ടാകണം അമ്മ എന്നെ തിരിച്ചറിഞ്ഞു. എന്റെ താത്പര്യങ്ങളെ മനസിലാക്കി. എനിക്ക് അതു മാത്രം മതിയായിരുന്നു. അല്ലെങ്കിലും ലോകം നമ്മളെ ഒറ്റപ്പെടുത്തുമ്പോൾ നമ്മുടെ വീട്ടുകാർ നമുക്ക് നൽകുന്ന പിന്തുണ മാത്രം മതിയാകും പിടിച്ചു നിൽക്കാൻ

തകർന്നു പോയ പ്രണയം

അന്നു വരെ അനുഭവിച്ച വേദനകൾക്കു മേൽ മുളകുപുരട്ടുന്ന ഒന്നായിരുന്നു തകർന്നു പോയ ആ പ്രണയം. അയൽവാസിയായ ഒരാളുമായി ഞാൻ പ്രണയത്തിലാകുന്നത് അയാളും ഗേ ആണെന്ന് അറിഞ്ഞിട്ട് തന്നെയാണ്. ആദ്യമായി നമ്മളെ പൂർണമായ ഉൾക്കൊള്ളുന്ന ഒരു പുരുഷ പങ്കാളി എന്ന നിലയിലാണ് ഞാൻ അയാളെ കണ്ടത്. അയാളും അങ്ങനെ തന്നെയായിരുന്നു.

പക്ഷേ അയാളുടെ വീട്ടിൽ അറിഞ്ഞതോടെ വലിയ ഭൂകമ്പമുണ്ടായി. ഒടുവിൽ വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി അയാൾക്ക് മറ്റൊരു പെണ്ണിനെ വിവാഹം കഴിക്കേണ്ടി വന്നു. ഞാൻ ഡിപ്രഷനിലേക്ക് വീണു പോയ നാളുകളായിരുന്നു. മരിച്ചാലോ എന്ന് പോലും ചിന്തിച്ചിട്ടുണ്ട്. അവൻ എന്നെ പറ്റിച്ചിട്ടു പോയെന്നോ തേച്ചെന്നോ ഒന്നും ഞാൻ പറയില്ല. ഹചര്യമാണ് അവനെക്കൊണ്ട് അങ്ങനെ ചെയ്യിച്ചത്. എനിക്ക് ദൈവം തന്ന വിധിയും…– നികേഷ് പറയുന്നു

പുതിയ സ്വപ്നങ്ങൾക്ക് സ്വാഗതം

ഒരു ഡേറ്റിങ്ങ് ആപ്പ് വഴിയാണ്, സോനുവിനെ ഞാൻ പരിചയപ്പെടുന്നത്. പരുഷപങ്കാളിയെ തേടുന്നുവെന്ന് കാണിച്ച് ഞാൻ ക്രിയേറ്റ് ചെയ്ത പ്രൊഫൈൽ കണ്ടാണ് സോനു എത്തുന്നത്. അടുത്തറിഞ്ഞപ്പോള്‍ സോനു കടന്നു പോയതും അതേ വഴികളിലൂടെ. കഴിഞ്ഞ വർഷം ജൂലൈ അഞ്ചിനാണ് ഞങ്ങൾ വിവാഹം രജിസ്റ്റർ ചെയ്യുന്നത്. ആരുമറിയാതെ ഒരു വർഷത്തോളം ഞങ്ങൾ ഒരുമിച്ച് താമസിച്ചു. വിവാഹം കഴിക്കാനുള്ള ആഗ്രഹം വീട്ടിൽ പറയുമ്പോൾ പതിവ് പ്രശ്നങ്ങൾ വീണ്ടും തലപൊക്കി. പിന്നീട് ഡോ. പിജെ ജോണിന്റെ സഹായത്തോടെ വീട്ടുകാരെ പറഞ്ഞുമനസ്സിലാക്കി.

കാര്യങ്ങൾ മനസ്സിലായതോടെ എന്നെ കാണണമെന്ന് സോനുവിന്റെ വീട്ടുകാ‍ര്‍ പറഞ്ഞു. അങ്ങനെ രണ്ടാളും വീട്ടിൽ പോയി മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങുന്നത്. അവരുടെയെല്ലാം ആശീർവാദത്തോടെ ഞാനും സോനുവും ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് പരസ്പരം താലി ചാർത്തുമ്പോൾ അഴിഞ്ഞു വീണത് അതു വരെ ഞങ്ങൾ പേറി നടന്ന ചങ്ങലകളാണ്. പേരിനും പെരുമയ്ക്കും വേണ്ടിയല്ല ഈ കൂടിച്ചേരൽ. സ്വവർഗാനുരാഗം എന്നാൽ പ്രകൃതി വിരുദ്ധമാണെന്ന് പറയുന്നവർക്കുള്ള മറുപടിയാണ് എന്റേയും സോനുവിന്റേയും ജീവിതം.

തെറ്റിദ്ധാരണകൾ മാറട്ടെ, നിഴൽവെട്ടത്തു പോലും വരാതെ ഒളിച്ചു ജീവിക്കുന്ന അത്തരം ജീവിതങ്ങൾ തിരശീലയ്ക്കു വെളിയിലേക്ക് വരട്ടെ. ഞങ്ങള്‍ക്ക് ഭ്രഷ്ട് കൽപ്പിക്കുന്നവർ ഒന്നോർത്താൽ ന്ന്. നിങ്ങളുടെ കുടുംബത്തിലും സ്വവർഗാനുരാഗികളായ കുട്ടികളുണ്ടാകാം.–നികേഷ് പറഞ്ഞു നിർത്തി. എറണാകുളം കാക്കനാട് ആണ് ഇരുവരും താമസിക്കുന്നത്. ബിസിനസ് ആണ് നികേഷിന്. സോനു ബിപിഒയിൽ ജോലി െചയ്യുന്നു.

2018-ലെ വിധി

സുപ്രീംകോടതി ഇന്ത്യൻ ശിക്ഷാനിയമം 377 വകുപ്പ്, ഭരണഘടനയുടെ 14, 15, 19, 21 വകുപ്പുകൾക്ക് വിരുദ്ധമാണെന്ന് പ്രഖ്യാപിച്ചു. പ്രായപൂർത്തിയായ വ്യക്തികൾ ഉഭയസമ്മതത്തോടെ സ്വവർഗലൈംഗികതയിൽ ഏർപ്പെടുന്നത് കുറ്റകരമല്ലെന്ന് കോടതി വ്യക്തമാക്കി

About Intensive Promo

Leave a Reply

Your email address will not be published.