Breaking News
Home / Latest News / അഞ്ച് ലക്ഷം ടണ്‍ മണ്ണും അഞ്ച് ലക്ഷം ഘനമീറ്റര്‍ വെള്ളവും ഒഴുകി: പുത്തുമലയെ തകര്‍ത്തത് അതിതീവ്രമഴ

അഞ്ച് ലക്ഷം ടണ്‍ മണ്ണും അഞ്ച് ലക്ഷം ഘനമീറ്റര്‍ വെള്ളവും ഒഴുകി: പുത്തുമലയെ തകര്‍ത്തത് അതിതീവ്രമഴ

മേപ്പാടിക്കടുത്ത് പുത്തുമലയിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും കാരണമായത് അതിതീവ്രമഴയ്ക്കൊപ്പം മൂന്നുദശകം മുമ്പത്തെ മരംമുറിയും.

35 വർഷംമുമ്പ് തോട്ടവത്കരണത്തിനും മറ്റുമായി പുത്തുമല മേഖലയിൽ വ്യാപകമായി മരങ്ങൾ മുറിച്ചിരുന്നു. അതിതീവ്രമഴയ്ക്കൊപ്പം മണ്ണിൽനിന്ന് പൈപ്പിങ് പ്രതിഭാസമുണ്ടാവാൻ ഇത് കാരണമായതായി ജില്ലാ മണ്ണുസംരക്ഷണ ഓഫീസർ പി.യു. ദാസിന്റെ നേതൃത്വത്തിലുള്ള പ്രാഥമിക പഠനത്തിന്റെ നിഗമനം. കൂടുതൽ പഠനം വേണമെന്നാണ് ശുപാർശ.

അസാധാരണമാംവിധമാണ് ഉരുൾപൊട്ടിയ പുത്തുമലയിലും പച്ചക്കാടും മഴപെയ്തത്. 33 സെന്റീമീറ്റർമുതൽ 55 സെന്റീമീറ്റർവരെയാണ് ഈ മേഖലയിൽ എട്ടാം തീയതി ലഭിച്ച മഴ. ഇത് ആദ്യം പുത്തുമലയിലും തൊട്ടടുത്ത മുണ്ടക്കൈയിലും ഉരുൾപൊട്ടലിനിടയാക്കി. ഈ മലനിരകളുടെ മറുപുറത്ത് മലപ്പുറത്തെ കവളപ്പാറയിലും വൻദുരന്തം ആവർത്തിച്ചു.

ശരാശരി ഒന്നരമീറ്റർ ഘനത്തിലാണ് പുത്തുമലയിൽ മേൽമണ്ണുണ്ടായിരുന്നത്. 150 ഹെക്ടറിൽ ഏതാണ്ട് 20 ഹെക്ടറിൽ ഒമ്പത് ഭാഗങ്ങളിലായാണ് ഇവിടെ മണ്ണൊലിച്ചുപോയത്. ഇവിടങ്ങളിൽ മേൽമണ്ണ് മുഴുവൻ ഒഴുകിപ്പോയി പാറകൾ പുറത്തുവന്നു. അഞ്ചുലക്ഷം ടൺ മണ്ണാണ് താഴെ ഒഴുകിയെത്തിയതെന്ന് ദാസ് പറഞ്ഞു. അത്രതന്നെ ഘനമീറ്റർ വെള്ളവും ഉരുൾപൊട്ടിയ സമയത്ത് അതിനൊപ്പം ഒഴുകിയിറങ്ങി.

അതിതീവ്രമഴ പെയ്തപ്പോൾ മണ്ണിൽ ജലാഗിരണം കൂടി. ഇത് മണ്ണിന്റെ ഭാരം കൂട്ടി. ഇതോടെ മണ്ണും പാറയും തമ്മിലുള്ള ബന്ധം വേർപെട്ടു. എല്ലാം ഒന്നിച്ചൊഴുകി പുത്തുമലയെന്ന ഗ്രാമംതന്നെ തുടച്ചുനീക്കി. മുറിച്ചുമാറ്റിയ വൻമരങ്ങളുടെ വേരുകൾ ദ്രവിച്ചുണ്ടായ വലിയ ദ്വാരങ്ങളാണ് പൈപ്പിങ് പ്രതിഭാസത്തെ ശക്തിപ്പെടുത്തിയത്. സമീപകാലത്ത് ഏലക്കൃഷിക്കായി നിലമൊരുക്കിയതും ജലാഗിരണത്തെ ശക്തമാക്കി.

മൂന്നു പതിറ്റാണ്ടിനിടെ ഈ തോട്ടം മേഖലയിലെ മലമ്പ്രദേശങ്ങളിലായി മൂന്ന് വലിയ ഉരുൾപൊട്ടലുകളാണുണ്ടായത്. നിലമ്പൂർ വനാതിർത്തിമുതൽ ചെമ്പ്രാപീക്കിന്റെയും കോഴിക്കോട്-വയനാട് അതിർത്തിപ്രദേശമായ ലക്കിടിവരെയുമുള്ള മലമ്പ്രദേശവും അതി പരിസ്ഥിതിലോല പ്രദേശമാണെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. 1972-ൽ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പഠനം ഈ മുന്നറിയിപ്പ് നൽകിയിരുന്നു.

1984-ൽ മുണ്ടക്കൈ വനമേഖലയിലെ ഉരുൾപൊട്ടലിനുശേഷമെത്തിയ വിദഗ്ധസംഘം ഇതാവർത്തിച്ചിരുന്നു. പ്രൊഫ. മാധവ് ഗാഡ്ഗിലിന്റെ നേതൃത്വത്തിലുള്ള പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധസമിതി റിപ്പോർട്ടിലും സമാന മുന്നറിയിപ്പുകളുണ്ടായി.

About Intensive Promoter

Leave a Reply

Your email address will not be published.