Breaking News
Home / Latest News / മരണത്തിലും പിഞ്ചോമനയെ ‘കൈ’ വിടാതെ ഗീതു; സരസ്വതിക്കായി തിരച്ചിൽ

മരണത്തിലും പിഞ്ചോമനയെ ‘കൈ’ വിടാതെ ഗീതു; സരസ്വതിക്കായി തിരച്ചിൽ

കോട്ടക്കുന്നിൽ ഉരുൾപൊട്ടലുണ്ടായി കാണാതായ മൂന്നംഗ കുടുംബത്തിൽ അമ്മയുടെയും ഒന്നരവയസ്സുകാരന്‍ മകന്റെയും മൃതദേഹങ്ങൾ കണ്ടെത്തി. മലപ്പുറം ചാത്തംകുളം സത്യന്റെ ഭാര്യ സരസ്വതി (45), മരുമകൾ ഗീതു (21), ഗീതുവിന്റെ മകന്‍ ഒന്നരവയസ്സുകാരൻ ധ്രുവൻ എന്നിവരെയാണു കാണാതായത്. ഇവരിൽ ഗീതു, ധ്രുവൻ എന്നിവരുടെ മൃതദേഹങ്ങളാണു കണ്ടെത്തിയത്.

മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണു പുറത്തെടുത്തത്. മണ്ണിനടിയിൽനിന്നു പുറത്തെത്തിക്കുമ്പോൾ മകൻ ധ്രുവന്റെ കയ്യിൽ മുറുകെപ്പിടിച്ച നിലയിലായിരുന്നു ഗീതുവിന്റെ മൃതദേഹം. ഗീതുവിന്റെ ഭർത്താവിന്റെ അമ്മ സരസ്വതിയെ ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ല. അപകടം സംഭവിക്കുമ്പോൾ വീടിനു സമീപത്തുണ്ടായിരുന്ന ഗീതുവിന്റെ ഭർത്താവ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടു.

ഉറവുവെള്ളം തിരിച്ചു വിടാൻ മൺവെട്ടി നൽകാനെത്തി; അപകടത്തിൽപെട്ട് സരസ്വതി

കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷമാണ് കോട്ടക്കുന്നിൽ ഉരുൾപൊട്ടലുണ്ടാകുന്നത്. ഇവർ താമസിച്ചിരുന്ന വീടിനു മുകളിലേക്കു കുതിച്ചെത്തിയ മണ്ണ് വീണു മൂടുകയായിരുന്നു. ശരതിന്റെ കൺമുൻപിൽ വച്ചാണ് അമ്മയും ഭാര്യയും കുഞ്ഞും കൈവഴുതി മണ്ണിനടിയിലായത്. ഉച്ചയ്ക്ക് 1.20ന് കോട്ടക്കുന്നിന്റെ ചെരിവിൽനിന്ന് വീട്ടിലേക്ക് ഒഴുകിവരുന്ന ഉറവുവെള്ളം തിരിച്ചുവിടാൻ മകൻ ശരതിന് മൺവെട്ടി നൽകാൻ റോഡിലേക്കു കയറി വന്നതായിരുന്നു സരസ്വതി. അതുവാങ്ങുമ്പോഴേക്കും എവിടെയോ ഒരു മുഴക്കം കേട്ടു. സരസ്വതി തന്നെ ഓടിക്കോ എന്ന് ഉറക്കെ വിളിച്ചു. റോഡിന്റെ എതിർവശത്തേക്കു കുതിക്കുന്നതിനിടെ അമ്മയുടെ കൈപിടിക്കാൻ ശരത് ശ്രമിച്ചെങ്കിലും ആർത്തലച്ചെത്തിയ മണ്ണിനും മരങ്ങൾക്കുമിടയിൽ സരസ്വതി മറയുകയായിരുന്നു.

വെള്ളപ്പാച്ചിലിൽ സമീപത്തെ ടൂറിസ്റ്റ് ഹോമിന്റെ വരാന്തയിലേക്ക് വഴുതിവീണെങ്കിലും, പിന്നീടുവന്ന മണ്ണിൽനിന്നു മരച്ചില്ലകൾ ശരത്തിനെ രക്ഷിച്ചു. അമ്മയും ഭാര്യ ഗീതുവും ഒന്നര വയസ്സുള്ള മകൻ ധ്രുവനുമുള്ള വീടിനടുത്തേക്ക് ശരത് ഓടിയടുത്തെങ്കിലും വീട് മണ്ണിൽ മറ‍യുകയായിരുന്നു. ഏറെ വൈകിയും തിരച്ചിൽ നടത്തിയെങ്കിലും അവരെ കണ്ടെത്താനായിരുന്നില്ല. തിരച്ചിൽ തുടർന്നതോടെ ഞായറാഴ്ച ഉച്ചയോടെ ഗീതുവിന്റെയും മകന്റെയും മൃതദേഹം കണ്ടെത്തി. അപ്പോഴും പൊന്നുമോന്റെ കൈ മുറുക്കെപ്പിടിച്ചത് വിട്ടിരുന്നില്ല ആ അമ്മ.

മലപ്പുറത്ത് മഴ കുറഞ്ഞു, രക്ഷാപ്രവർത്തനത്തില്‍ പുരോഗതി

മലപ്പുറം ജില്ലയിൽ ഞായറാഴ്ച മഴ ശമിച്ചതോടെ രക്ഷാപ്രവർത്തനത്തിന് വേഗം കൂടി. വെള്ളം കയറി തടസ്സപ്പെട്ടിരുന്ന പാതകളെല്ലാം ഗതാഗത യോഗ്യമായിക്കൊണ്ടിരിക്കുകയാണ്. കോഴിക്കോട് – തൃശൂർ പാതയിൽ മലപ്പുറം ജില്ലയിൽ നിലവില്‍ എവിടെയും തടസ്സങ്ങളില്ല. മഞ്ചേരി നഗരത്തിൽനിന്നുള്ള എല്ലാ റോഡുകളിലും ഗതാഗതം പുനരാരംഭിച്ചു. നിലമ്പൂരിലേക്കു ഗതാഗതം ഏറെക്കുറെ സുഗമമായി. ഭാരതപ്പുഴയിൽ ജലനിരപ്പ് കുറഞ്ഞു. കുറ്റിപ്പുറം– തിരൂർ– പൊന്നാനി മേഖലയിൽ നിന്നു വെള്ളം ഇറങ്ങിത്തുടങ്ങി. കോഴിക്കോട്– മലപ്പുറം– പാലക്കാട് ദേശീയപാതയിൽ മലപ്പുറത്തിനും പെരിന്തൽമണ്ണയ്ക്കും ഇടയിൽ ഗതാഗതമില്ല.

About Intensive Promoter

Leave a Reply

Your email address will not be published.