യാത്രക്കാര്‍ക്ക് ആശ്വാസമായി ഷൊര്‍ണൂര്‍– പാലക്കാട് റെയില്‍പാത തുറന്നു. മഴ കുറഞ്ഞതോടെയാണ് ഷൊര്‍ണൂര്‍ – പാലക്കാട് പാത ഞായാറാഴ്ച രാവിലെ 11 മുതല്‍ ഗതാഗതത്തിന് തുറന്നു കൊടുത്തത്. എറണാകുളം – ബെംഗളുരു, ന്യൂഡല്‍ഹി – കേരള, തിരുവനന്തപുരം – ഗുവാഹത്തി എക്സ്പ്രസുകള്‍ ഈ പാതവഴി സര്‍വീസ് നടത്തുന്നു.
നേരത്തെ റദ്ദാക്കിയെന്നറിയിച്ചിരുന്ന എറണാകുളം – ബനാസ് വാഡി എക്സ്പ്രസ് 4.50ന് പുറപ്പെട്ടു. 2.45ന് പുറപ്പെട്ട ജനശതാബ്ദി ഷൊര്‍ണൂര്‍ വരെ സര്‍വീസ് നടത്തും. ചെന്നൈ മെയില്‍ 2.55നും ഷാലിമാര്‍ എക്സ്പ്സ് 4നും കൊച്ചുവേളി – ബെംഗളൂരു എക്സ്പ്രസ് 4.45നും പുറപ്പെട്ടു. പാലക്കാട് വഴി കേരളത്തിലേക്കുള്ള സര്‍വീസുകളും പുനഃരാരംഭിച്ചു.
ഷൊര്‍ണൂര്‍ – കോഴിക്കോട് പാതയിലെ ഗതാഗത സ്തംഭനം മൂന്നാം ദിനവും തുടരുകയാണ്. ഞായറാഴ്ച 26 ദീര്‍ഘദൂര – പാസഞ്ചര്‍ ട്രെയിനുകൾ റദ്ദാക്കി. കല്ലായി, ഫറൂഖ് പാലങ്ങളില്‍ റെയില്‍വെ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. പാലങ്ങള്‍ അപകടാവസ്ഥയിലാണെന്നു ബോധ്യപ്പെട്ടതോടെ സര്‍വീസ് പുനഃരാരംഭിക്കാന്‍ അനുമതി നൽകിയില്ല. രാവിലെ ഹൈദരാബാദ് – ശബരി എക്സ്പ്രസും മുംബൈ ജയന്തി ജനതയും നാഗര്‍കോവില്‍ വഴി തിരിച്ചുവിട്ടു. കൊച്ചുവേളി- പോർബന്തർ, ബെംഗളൂരു ഐലൻഡ്, മുംബൈ നേത്രാവതി എക്സ്പ്രസുകൾ റദ്ദാക്കി.
വൈകിട്ട് തിരുവന്തപുരത്തു നിന്ന് പുറപ്പെടുന്ന മാവേലി, മലബാര്‍, മംഗളുരു എക്സ്പ്രസുകളും റദ്ദാക്കി. 12 പാസഞ്ചര്‍ ട്രെയിനുകളും റദ്ദാക്കിയവയില്‍പ്പെടുന്നു. തിരുവനന്തപുരം എറണാകുളം തൃശൂര്‍ പാതയില്‍ സ്പെഷല്‍ ട്രെയിനുകളും സര്‍വീസ് നടത്തുന്നുണ്ട്, എറണാകുളം – ചെന്നൈ, എറണാകുളം – വിശാഖപട്ടണം പാസഞ്ചർ ട്രെയിനുകൾ ഞായറാഴ്ച സർവീസ് നടത്തും. ഭാഗികമായി റദ്ദാക്കിയിരുന്ന തിരുവനന്തപുരം – കോർബ, തിങ്കളാഴ്ച തിരുവനന്തപുരത്ത് നിന്നു പുറപ്പെടും. 1072, 9188293595, 9188292595 എന്നീ റെയില്‍വേ ഹെല്‍പ്‌ലൈന്‍ നമ്പറുകളില്‍ വിവരങ്ങള്‍ ലഭിക്കും.
വെള്ളമിറങ്ങിത്തുടങ്ങിയതോടെ മലബാറിലെ കെഎസ്ആര്‍ടിസി സര്‍വീസുകളും പുനഃരാരംഭിച്ചു. കോഴിക്കോട് – പാലക്കാട് റൂട്ടില്‍ കെഎസ്ആര്‍ടിസി സർവീസ് പഴയതുപോലെയായി. വെള്ളക്കെട്ട് ഇപ്പോഴും നിലനില്‍ക്കുന്ന സ്ഥലങ്ങള്‍ ഒഴിവാക്കി യൂണിവേഴ്സിറ്റി, കോട്ടയ്ക്കല്‍, പെരിന്തല്‍മണ്ണ വഴിയാണ് സര്‍വീസ്. താമരശേരി ചുരം വഴിയുള്ള ബത്തേരി– കോഴിക്കോട് കെഎസ്ആര്‍ടിസി സര്‍വീസും പുനഃരാരംഭിച്ചു. മൈസൂരു – കോഴിക്കോട് ദേശീയപാത 766ലെ ഗതാഗതം പുനഃസ്ഥാപിച്ചു. മുത്തങ്ങ പൊന്‍കുഴിയിലുണ്ടായ വെള്ളക്കെട്ടിനെത്തുടര്‍ന്നാണ് ഈ റൂട്ടില്‍ ഗതാഗതം തടസപ്പെട്ടത്.
മലപ്പുറം ജില്ലയില്‍ മിക്ക റോഡുകളും ഇപ്പോഴും ഗതാഗതയോഗ്യമല്ല. മലപ്പുറം – പെരിന്തല്‍മണ്ണ, മലപ്പുറം – വേങ്ങര, മലപ്പുറം – കോട്ടയ്ക്കല്‍, മലപ്പുറം – മഞ്ചേരി, ചെമ്മാട് – പരപ്പനങ്ങാടി, എടവണ്ണ – നിലമ്പൂര്‍, ചെമ്മാട് – തലപ്പാറ, തിരൂര്‍ – തിരുനാവായ, തിരുനാവായ – കുറ്റിപ്പുുറം, കോട്ടയ്ക്കല്‍ – തിരൂര്‍, വഴിക്കടവ് – നാടുകാണി റോഡുകളാണ് ഗതാഗതയോഗ്യമല്ലാതായത്. എന്നാൽ കുമരകം റൂട്ടില്‍ വെള്ളം ഉയര്‍ന്നതിനെത്തുടര്‍ന്ന് കോട്ടയത്തുനിന്ന് ആലപ്പുഴയിലേക്കും ചേര്‍ത്തലയിലേക്കുമുള്ള സര്‍വീസ് കെഎസ്ആര്‍ടിസി നിര്‍ത്തി. എംസി റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതുമൂലം ഇതുവഴി ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്. ചെറിയ വാഹനങ്ങളും കടത്തിവിടുന്നില്ല.