Breaking News
Home / Latest News / തന്റെ കാൽക്കൽ വീണു നന്ദി പറഞ്ഞ ആ പന്ത്രെണ്ട് വയസ്സുകാരന്റെ മനസ്സിനെ ഓർത്തു വിനയ് കുറ്റബോധത്താൽ തല താഴ്ത്തി

തന്റെ കാൽക്കൽ വീണു നന്ദി പറഞ്ഞ ആ പന്ത്രെണ്ട് വയസ്സുകാരന്റെ മനസ്സിനെ ഓർത്തു വിനയ് കുറ്റബോധത്താൽ തല താഴ്ത്തി

“ഇന്നലെ അഡ്മിറ്റ്‌ ചെയ്ത ഗർഭിണിയുടെ കൂടെ വേറാരും ഇല്ലേ…??”

ഡോക്ടറുടെ ചോദ്യം കേട്ടപ്പോൾ നേഴ്‌സുമാർ മൗനം പാലിച്ചു….

വീണ്ടും ആവർത്തിച്ചു ചോദിച്ചപ്പോൾ നേഴ്സിലൊരാളായ രാധികയാണ് വിനയ് ഡോക്ടർക്കു മറുപടി കൊടുത്തത്….

“സാർ…അവരുടെ കൂടെ ഒരു 12 വയസ്സ് പ്രായം തോന്നിപ്പിക്കുന്ന കുട്ടി മാത്രമേ ഉള്ളു…. ആ സ്ത്രീയുടെ മകനായിരിക്കാനാണ് സാധ്യത….”

“മ്മ് ”

ഒരു മൂളലോടെ ഡോക്ടർ എഴുന്നേറ്റു വരാന്തയിലൂടെ നടന്നു…. വൈബ്രേഷനിൽ ഇട്ടിരുന്ന ഫോൺ ചലിക്കാൻ തുടങ്ങിയിട്ട് സമയം കുറെയായിരുന്നു…കീശയിൽ നിന്ന് ഫോൺ എടുത്ത് നോക്കിയപ്പോൾ 6 മിസ്ഡ് കാൾ…വിളിച്ചത് വേറാരുമല്ല വിനയ് ഡോക്ടറുടെ ഭാര്യ തന്നെയായിരുന്നു…..

ഇന്നായിരുന്നു അവരുടെ വിവാഹ വാർഷികം…. ദീക്ഷിത് റസ്‌റ്റോറന്റിൽ വെച്ച് ഗ്രാൻഡ് പാർട്ടി ആണ് സംഘടിപ്പിച്ചത്…..വരാൻ വൈകിയത് കൊണ്ടാണ് ഭാര്യ വിളിച്ചുകൊണ്ടേയിരിക്കുന്നത് എന്ന് തോന്നിയപ്പോൾ വിനയ് ഡോക്ടർ നടത്തത്തിന്റെ വേഗത അൽപ്പം കൂട്ടി….

റൂം നമ്പർ 412 ന്റെ മുൻപിൽ എത്തിയപ്പോൾ അയാൾ ആ മുറിയിലേക്കൊന്നു നോട്ടം പതിപ്പിച്ചു…. വേദന കൊണ്ട് പുളയുന്ന ആ സ്ത്രീയുടെ കണ്ണുകളിൽ പ്രതീക്ഷയുടെ തിരമാലകൾ അലയടിക്കുന്നുണ്ടായിരുന്നു….. അത് കണ്ടില്ലെന്നു നടിച്ചുകൊണ്ടു ഡോക്ടർ മുന്നോട്ടേക്കു നടക്കാനൊരുങ്ങിയപ്പോളാണ് തന്റെ കൈ പിടിച്ചു വലിക്കുന്ന പിഞ്ചു ബാലനെ അദ്ദേഹം ശ്രദ്ധിച്ചത്….

‘സാർ എന്റെ അമ്മയെ രക്ഷിക്കണം…എനിക്കാരുമില്ല വേറെ …എനിക്കെന്റെ അമ്മയെ വേണം സാർ….ഒന്ന് മരുന്ന് വെയ്ക്കു….’

ആ ബാലൻ തേങ്ങലോടെ ഡോക്ടറോട് പിച്ചും പേയും പറയുകയാണ്…

“മകനെ നിന്റെ അമ്മയ്ക്കുള്ള അസുഖത്തിന് മരുന്ന് വെച്ചാൽ മതിയാകില്ല..ഒരു ഓപ്പറേഷൻ നടത്തിയാലേ നിന്റെ അമ്മയെ രക്ഷിക്കാൻ കഴിയുള്ളു…. അതിനു ഒരുപാട് പണം വേണ്ടി വരും….”

പറഞ്ഞു മുഴുവനാക്കും മുൻപേ ഡോക്ടറുടെ ഫോൺ വീണ്ടും ചലിക്കാൻ തുടങ്ങി…

“നിത്യ….. ഞാൻ ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങുന്നേ ഉള്ളു….ഇന്ന് അൽപ്പം തിരക്കായി പോയി അതുകൊണ്ടാണ് വൈകിയത്… ഞാനവിടെ എത്തുമ്പോളേക്കും നീ റെഡി ആയി നിൽക്കു……”

മറുപടി ഒന്നും പറയാതെ ഭാര്യ ഫോൺ കട്ട് ചെയ്തപ്പോൾ അയാൾ ഊഹിച്ചു, നേരം വൈകിയതിന്റെ കോപത്തിലാണ് അവളെന്നു….പിന്നെയൊന്നും നോക്കിയില്ല നേരെ വീട്ടിലേക്കു വെച്ച് പിടിച്ചു….

വിവാഹ വാർഷികം ഉറ്റ സുഹൃത്തുക്കളോടൊപ്പം ആവേശകരമായി ആഘോഷിക്കുമ്പോളും അയാളുടെ മനസ്സ് അസ്വസ്ഥതയിലായിരുന്നു…. നുരഞ്ഞു പൊങ്ങുന്ന മദ്യത്തിന്റെ ലഹരിയിൽ അയാൾ ആ അവസ്ഥ മറക്കാൻ ശ്രമിച്ചു….

പാർട്ടി കഴിഞ്ഞു ഭാര്യയോടൊത്തു തിരികെ വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു ഹോസ്പിറ്റലിൽ നിന്ന് രാധിക വിളിച്ചത്……

“സാർ ആ സ്ത്രീയുടെ അവസ്ഥ ഗുരുതരമാണ്…നമ്മൾ എന്താ ചെയ്യുക? ഉടൻ ഓപ്പറേഷൻ നടത്തുകയാണേൽ അവർ രക്ഷപ്പെടാൻ ചാൻസ് ഉണ്ട്…. വയറ്റിലുള്ള കുഞ്ഞിനേയും രക്ഷപെടുത്താമായിരുന്നു….”

‘അതിനു എനിക്കൊന്നും ചെയ്യാൻ കഴിയില്ലല്ലോ….ഓപ്പറേഷൻ നടത്താൻ പണം വേണം…. മാത്രമല്ല നമ്മൾ എന്തിനാ ആരും ഇല്ലാത്തൊരാൾക്കു വേണ്ടി റിസ്ക്ക് എടുക്കുന്നത്…?’

“ആരുമില്ലാത്തവരല്ല…. അവർക്കൊരു മകനുള്ളത് സാർ കണ്ടില്ലേ….അവന്റെ കുഞ്ഞു കണ്ണുകൾ തുളുമ്പുന്നത് കണ്ടിട്ടും ഇത്തരത്തിൽ സംസാരിക്കാൻ എങ്ങനെ കഴിയുന്നു…..??
സാർ പാവപ്പെട്ടവരെ പിഴിഞ്ഞ് എത്ര പണം സമ്പാദിച്ചിട്ടുണ്ട്….അതിലൊരു ശതമാനം പോലും വരില്ലല്ലോ ഈ ഓപ്പറേഷൻ നടത്താൻ….”

രാധിക അൽപ്പം നീരസത്തോടെ തന്നെയായിരുന്നു പറഞ്ഞത്…..

മറുത്തൊന്നും പറയാതെ ഡോക്ടർ ഫോൺ കട്ട് ചെയ്തു…..

പിറ്റേന്ന് രാവിലെ ഹോസ്പിറ്റലിന് മുന്നിൽ എത്തിയ വിനയ് ഡോക്ടർ ആദ്യമൊന്നു അമ്പരന്നു…ഗേറ്റിനോട് ചേർന്നിരിക്കുന്ന ആ ബാലനെ കണ്ടപ്പോൾ മറ്റുള്ളവരെ പോലെ അയാളുടെയും കണ്ണ് നിറഞ്ഞു….. ആ പന്ത്രെട്ടു വയസ്സുകാരൻ ഷൂ പോളിഷ് ചെയ്യുന്ന തിരക്കിലായിരുന്നു… ഡോക്ടറെ കണ്ടതും അവൻ ഓടി വന്നു കാൽക്കൽ വീണു…. ‘സാർ എന്റെ അമ്മയെ രക്ഷിച്ചതിനു എങ്ങനെ നന്ദി പറയണമെന്നറിയില്ല…ഞങ്ങൾക്കാരുമില്ല സാർ…അച്ഛൻ ഇടയ്‌ക്കേ വീട്ടിൽ വരാറുള്ളൂ…വന്നാൽ തന്നെ അമ്മയെ ഒരുപാട് തല്ലും..കൂലിപ്പണിക്ക് പോയിട്ടു അമ്മയ്‌ക്ക്‌ കിട്ടുന്ന പണമൊക്കെ അച്ഛൻ എടുത്തുകൊണ്ടു പോകും…

അമ്മയുടെ വയറ്റിൽ എന്റെ അനിയത്തി കുട്ടി വളരുന്നുണ്ട് എന്ന് അറിഞ്ഞപ്പോൾ ഞാനൊരുപാട് സന്തോഷിച്ചു..പക്ഷെ ഇന്നലെയോടെ എല്ലാം അവസാനിച്ചു എന്ന് കരുതിയപ്പോളാ ദൈവത്തെ പോലെ സാർ എന്റെ അമ്മയെ രക്ഷിച്ചത്… ഇനി എന്റെ വാവയെയും അമ്മയെയും ഞാൻ പണിക്കു പോയിട്ടു നോക്കിക്കോളും സാർ…. സാറിനു എന്നും നല്ലതേ വരുള്ളൂ…..’

അവൻ നിറഞ്ഞു നിന്ന കുഞ്ഞി കണ്ണുകളെ തുടച്ചു വൃത്തിയാക്കികൊണ്ടു പറഞ്ഞു……

ആ ബാലന്റെ സംസാരം കേട്ട് അമ്പരന്നു നിൽക്കാനേ ഡോക്ടർക്കു കഴിഞ്ഞുള്ളു….വല്ലാത്തൊരവസ്ഥ അയാളെ വരിഞ്ഞു മുറുക്കി…. ഇന്നലെ രാധിക നേഴ്‌സ് തന്നെ വിളിച്ചതിനു ശേഷം എന്തോ സംഭവിച്ചിട്ടുണ്ടെന്ന് അയാൾക്ക്‌ തോന്നി…..

ഹോസ്പ്പിറ്റലിന്റെ രണ്ടാം നിലയിൽ നിൽപ്പുണ്ടായിരുന്ന രാധികയുടെ അരികിലേക്കു അയാൾ കിതച്ചു കൊണ്ടായിരുന്നു എത്തിയത്…

“രാധിക ഇന്നലെ എന്നെ വിളിച്ചതിനു ശേഷം എന്താ ഉണ്ടായത്….? “അയാൾ ആകാംഷ കൈവിടാതെ ചോദിച്ചു….

“എന്തുണ്ടാകാനാണ് സാർ….നിങ്ങളൊക്കെ പണം സമ്പാദിക്കുന്ന വലിയ വലിയ ആൾക്കാർ അല്ലെ….ഞങ്ങളൊക്കെ ഈ ജോലിക്കു വരുന്നത് ഒരു നേരത്തെ ആഹാരം കഴിക്കാനാണ്… സാറിനെ പോലെയുള്ളവർ പണത്തിനു മാത്രമേ വില കലിപ്പിക്കുന്നുള്ളു..എന്നാൽ ഞങ്ങൾക്ക് അൽപ്പം മനുഷ്യത്വമുണ്ട്… ”

രാധിക പറഞ്ഞു നിർത്തി….

“നീ ഇനിയും കാര്യം പറഞ്ഞില്ല രാധിക….”ഡോക്ടർ ആകാംഷയോടെ അവളെ തുറിച്ചു നോക്കി….

“സാർ ഇവിടെ ഞങ്ങൾ മൊത്തം 45 നേഴ്‌സുമാരാണ് ഉള്ളത് എന്നറിയാലോ….എല്ലാവരുടെയും അവസ്ഥ ഒന്നുതന്നെ…കുടുംബം നോക്കാൻ രാവും പകലും ഉറക്കമൊഴിച്ചിരിക്കുന്നവർ….ആ ഞങ്ങൾക്ക് ബന്ധങ്ങളുടെ വിലയറിയാം സാർ…..”

രാധികയുടെ ശബ്ദം അൽപ്പം കനമേറിയതായിരുന്നു…. അവൾ തുടർന്നു…

“ഇന്നലെ വിവാഹ വാർഷികം നടത്താൻ സാർ റസ്റ്റോറൻറ്റിൽ ചിലവാക്കിയ പണം മതിയായിരുന്നു ആ അമ്മയെയും കുഞ്ഞിനേയും രക്ഷിക്കാൻ… സാർ അതിനു മനസ്സ് കാണിക്കാത്തതുകൊണ്ടു ഞങ്ങൾ ചേർന്ന് ഓപ്പറേഷൻ നടത്താനുള്ള പണം കണ്ടെത്തി … ഇന്നലെ കിട്ടിയ തുച്ഛമായ സാലറി ഞങ്ങളങ്ങു വേണ്ടെന്നു വെച്ചു….ഇന്നലെരാത്രി തന്നെ അതിനു വേണ്ട കാര്യങ്ങൾ ചെയ്തു…. ഡോക്ടർ മനു സാറിനെ വിളിച്ചു ഓപ്പറേഷനും നടത്തി….

ഇപ്പോൾ ആ അമ്മയും കുഞ്ഞും സുഖായിട്ടിരിക്കുന്നു… സാറിനെ പോലെ കഴുത്തറക്കുന്ന ഡോക്ടർമാർ ഉള്ളപ്പോൾ ഇതുപോലത്തെ പാവപ്പെട്ടവർ ഒക്കെ എന്ത് ചെയ്യാനാണ്…. ഇന്ന് ആ പന്ത്രെട്ടു വയസ്സുകാരന്റെ കണ്ണിൽ കണ്ട സന്തോഷം മാത്രം മതി ഞങ്ങൾക്ക് ഒരു മാസം ശമ്പളം ഇല്ലേലും ജോലി ചെയ്യാൻ…..”

രാധികയുടെ പുച്ഛഭാവത്തോടെയുള്ള നോട്ടത്തിൽ വിനയ് ശരിക്കും ചൂളി പോയി… ഇന്ന് വരെ സമ്പാദിച്ച പണത്തിനോടയാൾക്ക് അറപ്പു തോന്നി…. രാധിക പറഞ്ഞ വാക്കുകൾ കേട്ട് മറുത്തൊന്നും പറയാനുള്ള അവകാശം തനിക്കില്ലെന്ന് അറിയാവുന്നതു കൊണ്ട് അയാൾ മൗനം പാലിച്ചു….

തന്റെ കാൽക്കൽ വീണു നന്ദി പറഞ്ഞ ആ പന്ത്രെണ്ട് വയസ്സുകാരന്റെ മനസ്സിനെ ഓർത്തു വിനയ് കുറ്റബോധത്താൽ തല താഴ്ത്തി…

തന്റെ അമ്മയെ രക്ഷിച്ചത് ഡോക്ടറുടെ നല്ല മനസ്സാണെന്നു കരുതി, ഷൂ പോളിഷ് ചെയ്യുന്നതിനിടയിലും അവൻ വിനയ് ഡോക്ടർക്കു വേണ്ടി പ്രാർത്ഥിക്കുകയായിരുന്നു…

#ശുഭം

(ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും സമയം അനുവദിച്ചാൽ ഒരു വാക്കോ ഒരു വരിയോ എനിക്കുവേണ്ടി കുറിക്കുക)

About Intensive Promo

Leave a Reply

Your email address will not be published.