Breaking News
Home / Latest News / കാശിക്ക് പോയ മണ്‍കട്ട ശ്രീറാം

കാശിക്ക് പോയ മണ്‍കട്ട ശ്രീറാം

ഇതെഴുതുമ്പോൾ ആ എഫ് ഐ ആർ വന്നു കഴിഞ്ഞു. 7.26 ന് ആവലാതിക്കാരൻ വന്ന് പരാതിപ്പെട്ട ശേഷമുള്ള കാര്യങ്ങൾ. അതിനു മുമ്പുള്ളതെല്ലാം ഇരുട്ട്. ഒരു മണിയോടെ അപകടം. അറിഞ്ഞു ചെന്നുപോലീസ്. രണ്ടു വണ്ടിയിലുള്ളവർക്കും പരിക്ക്. ഒന്ന് മോർച്ചറിയിലേക്ക്. രണ്ടാം വണ്ടിക്കാരെ ആശുപത്രിയിലേക്ക്. രാവിലെ 7.26 ന് പരാതി കിട്ടി. അതു പ്രകാരം എഫ്.ഐ.ആറിൽ പരാതിക്കാരൻ സംശയം പ്രകടിപ്പിച്ചു. ഉടൻ വൈദ്യ പരിശോധന നടത്തി. പ്രതി മദ്യപിച്ചിട്ടുണ്ടോ എന്ന്.

വഞ്ചനയുടെ പത്തുമുഖങ്ങളും പ്രകടമാക്കുന്നു ശ്രീറാം വെങ്കട്ടരാമൻ. മൺകാലുകളുള്ള മറ്റൊരു വിഗ്രഹം. ആ പതനത്തിന്റെ കാലദൈർഘ്യം സർവീസിൽ തിരിച്ചെത്തിയ നാൾ തന്നെ ആയത് ഈശ്വരേച്ഛ. തിരുവനന്തപുരത്ത് കെ എം ബഷീർ എന്ന യുവപത്രപ്രവർത്തകന്റെ മരണവുമായി ബന്ധപ്പെട്ട പ്രഥമവിവര റിപ്പോർട്ടിനെപ്പറ്റിയാണ് മേൽപ്പറഞ്ഞത്.

ഇനിയുമുണ്ട് അതിൽ അപകടങ്ങൾ. അപകടം നടക്കുമ്പോൾ മരിച്ചയാൾ അപകടകരമാംവിധം അശ്രദ്ധ കാണിച്ചെന്ന തെളിവു മാത്രമേ ഇനി പോലീസിന് കണ്ടെത്താനുള്ളൂ. കേരളാ പോലീസ് അതും ചെയ്തേക്കാം. ബഷീർ സർവേ ഡയറക്ടറെ അരിശത്തോടെ ആക്രമിക്കാൻ ചെന്നു എന്നു പോലും വന്നേക്കാം. എന്തെന്നാൽ കോമൺസെൻസുള്ള ആർക്കും മനസ്സിലാക്കാവുന്നത്ര പഴുതുകൾ നിറഞ്ഞതാണ് പോലീസിന്റെ എഫ്ഐആർ.
നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. പ്രാർത്ഥിക്കാം, ബഷീറിന് നീതി കിട്ടാൻ വേണ്ടി.

പക്ഷേ ചില വിചാരണകൾ നിർദയം അർഹിക്കുന്നു ശ്രീറാം വെങ്കട്ടരാമൻ. മൂന്നാർ വിഷയത്തിലാണ് ആദ്യമായി ശ്രീറാം വാർത്തകളിൽ നിറയുന്നത്. ദേവികുളം സബ് കളക്ടർ എന്ന നിലയിൽ. കയ്യേറ്റക്കാർക്ക് എതിരേ നിലപാടെടുത്ത് അയാൾ വന്നു. തനിക്ക് ആവുന്ന വിധം നിയമലംഘനങ്ങളെ ചെറുക്കുന്ന ഉദ്യോഗസ്ഥൻ എന്ന നിലയിൽ ശ്രദ്ധേയനായി. കയ്യേറ്റക്കാർക്ക് വേണ്ടി സംസാരിച്ച ഉന്നതർ അനഭിമതരായി. ശ്രീറാം പ്രിയങ്കരനായി.

അന്ന് അയാൾ ഉയർത്തിയ വിഷയങ്ങൾ ചിലതുണ്ട്. ഭരണഘടനയും നിയമങ്ങളും ലംഘിക്കാൻ ആരേയും അനുവദിക്കില്ല. അതിന് വേണ്ടി പോരടിക്കാൻ തയ്യാർ. അപ്പോഴും സിപിഐയുടെ ഓഫീസ് അടക്കമുള്ള വിവാദ റിസോർട്ടുകളെ അയാൾ തൊട്ടില്ല. വൻപുലികൾ വിട്ടു കളഞ്ഞതല്ലേ. അണ്ണാറക്കണ്ണനും തന്നാലായത് എന്നേ കരുതിയുള്ളൂ പൊതുസമൂഹം. ഭരണഘടനയും നിയമങ്ങളും ലംഘിക്കുന്നതിനെ ഇഷ്ടപ്പെടാത്തവർ അയാളെ പിൻപറ്റി. അന്ന് ഉയർത്തിപ്പിടിച്ചതെല്ലാം നിരാകരിക്കുന്നു ഇപ്പോൾ ശ്രീറാം. തെളിയുന്നു ആത്മവഞ്ചനയുടെ ആയിരം മുഖങ്ങൾ. അധികാരത്താൽ പ്രമത്തമായ ആയിരം കൈകൾ.

നോക്കൂ, നിശാപാർട്ടി നടന്നത് എവിടെയെന്നു പോലും സമർത്ഥം ഒളിപ്പിയ്ക്കുന്നു ഐഎഎസും പോലീസും. അബ്കാരി നിയമം ലംഘിക്കാൻ ഉന്നതർ കൂട്ട്. ഏത് ക്ലബ്ബായാലും തലസ്ഥാനത്തിന്റ ഭരണ സിരാകേന്ദ്രത്തിന് മണം കിട്ടുന്നത്ര അരികെ. രാത്രി അയാൾക്ക് ആരേയും വിളിക്കാം. വിശ്വാസമുള്ള സ്ത്രീയേയോ പുരുഷനേയോ. അവർക്ക് അതിൽ പരാതി ഇല്ലാത്തിടത്തോളം പൊതുസമൂഹം വേവലാതിപ്പെടേണ്ട. പക്ഷേ മുഴുക്കുടിയനായി സ്റ്റിയറിംഗിൽ തൊട്ട നിമിഷം ശ്രീറാം, നിങ്ങൾ നിയമലംഘകൻ. എല്ലാ അനുബന്ധ സിആർപിസി ശിക്ഷകൾക്കും അർഹൻ.

തീരുന്നില്ല. വണ്ടി ഇടിച്ച ശേഷം നിങ്ങൾ ആദ്യം ശ്രമിച്ചത് ഡ്രൈവർ സീറ്റിൽ നിന്ന് മാറാനാണ്. ക്ഷണിച്ചു വരുത്തിയ വ്യക്തിയെ കൊലപാതകിയാക്കാനാണ്. ഏതു ക്രിമിനലിനേയും പോലെ. അതും അധികാരപൂർവം. മകന്റെ യൗവനം ജരാനരകൾക്ക് പകരം ചോദിച്ചു വാങ്ങിയ പുരാണത്തിലെ രാജാവിന്റെ അതേ ആസക്തി.

ബോധമറ്റവന്റെ ചെയ്തികളിൽ അതിനകം ഒരു പ്രാണൻ പറന്നു പോയി. പോലീസിനെ വിളിക്കാനുള്ള മര്യാദ പോലും നീ ചെയ്തില്ല. 100 ഡയൽ ചെയ്തത് ദൃക്സാക്ഷി. നീയോ? സ്റ്റേഷനിൽ ചെന്ന നേരം വീണ്ടും അധികാരത്തിന്റെ തലപ്പാവെടുത്തു. കവടിയാർ മേൽവിലാസം. രാജാവിന്റെ തെറ്റിന് ശിക്ഷയോ. ഭടന്മാർ പിന്മാറി. നിനക്ക് സുരക്ഷ. കാവൽ. എത്ര ഭീകരമാണ് നിന്റെ വഞ്ചന? ആകാശങ്ങളിലും ശിരസ്സു കുനിക്കാത്തവനെന്ന് വരുത്തിത്തീർക്കാൻ നീ ചെയ്തതെല്ലാം ഇപ്പോൾ തിരിഞ്ഞു കൊത്തുന്നുണ്ടാവണം. മദ്യവിരുദ്ധപ്രസംഗങ്ങൾ. ട്രാഫിക് ബോധവൽക്കരണങ്ങൾ. റോഡ് സുരക്ഷാ വാരാഘോഷങ്ങൾ. നീതിസാരങ്ങൾ.
നീ വഞ്ചിച്ചത് വലിയൊരു സമൂഹത്തെയാണ്. നിന്നെ മാതൃകയാക്കി ഐഎഎസ് നേടാൻ ഇരമ്പിയ എണ്ണമറ്റ കുട്ടികളെയാണ്. നിന്റെ ഉന്മാദമാർന്ന നിശാഘോഷങ്ങളിലെ രഹസ്യബാന്ധവങ്ങൾ ഇനി എന്തൊക്കെയാണ്? അതിനുള്ള ചൂണ്ടിപ്പണയങ്ങൾ ഏതേതെല്ലാം ഔദ്യോഗിക രഹസ്യങ്ങളാണ്? കാലം വലിച്ച് പുറത്തെറിയട്ടെ.

രമണ മഹർഷിയോട് പണ്ട് ഒരമ്മ പറഞ്ഞു. മകനെ ഒന്നുപദേശിക്കണം. അവന് ശർക്കര തിന്നുന്ന ദുശ്ശീലമുണ്ട്. പിന്നെ വരാൻ പറഞ്ഞു മഹർഷി. കാരണം ചോദിച്ചവരോട് പറഞ്ഞു. അതേ ദുശ്ശീലം എനിക്കുള്ളത് തീർക്കാതെ ഉപദേശിക്കാൻ അർഹതയില്ലല്ലോ. അറിയുക, നിന്റെ കെട്ട ശീലങ്ങളിലൂടെ നീ ഉയിരു കൊടുത്തത് ഒരുപാട് നിയമലംഘനങ്ങൾക്കാണ്. ആത്മാർത്ഥയില്ലാതെ ആണെങ്കിലും നീ പറഞ്ഞ ശരികൾ തെറ്റെന്ന് ബോധ്യപ്പെടുത്താൻ കാത്തു നിന്നവർക്കാണ്. റവന്യൂ റെക്കോർഡിലെ തെറ്റായ വരകൾ ഒരിക്കലും നേരെയാകരുത് എന്ന് ആഗ്രഹിച്ചവർക്കാണ്.

ഒന്ന് മാപ്പ് പറയാനുള്ള ആർജവം പോലുമില്ലാതെ പഞ്ചനക്ഷത്ര ചികിത്സയിലേക്ക് പകർന്നാടുമ്പോൾ ശ്രീറാം അറിയുക. നീ വേദന അറിയുന്ന വൈദ്യനല്ല. നീതി തേടിയ കർമ്മഭടനല്ല. ശത്രുക്കളാൽ മുമ്പേ തിരിച്ചറിയപ്പെട്ടവൻ. നീ ഉയിരെടുത്തത് നിന്നെ വിശ്വസിച്ച് നീതി പുലരാൻ കാത്തുനിന്ന ഒരു ചെറുപ്പക്കാരനെ. ഓഹ്. ആ സൂര്യൻ ഉദിക്കാതിരുന്നെങ്കിൽ.
ബോധിവൃക്ഷത്തണൽ ചാരിടേണ്ട
ബോധമുള്ളിലുറച്ചിടുമെങ്കിൽ
കാൽവരിയിലെ കഥ പാടിടേണ്ട
കാണിനേരം മനുഷ്യനാമെങ്കിൽ

ശ്രീറാം, രാവണനെ നിന്നോട് ഉപമിക്കുക വയ്യ. എന്തെന്നാൽ ദശമുഖന് പത്തുമുഖങ്ങളേ ഉണ്ടായിരുന്നുള്ളൂ. രാവണൻ തന്നോടെങ്കിലും സത്യസന്ധനായിരുന്നു. ആത്മവഞ്ചനയുടെ ആയിരം മുഖംമൂടികൾക്കുള്ളിൽ ഏതാണ് ശരിക്കും നിന്റെ മുഖം?

About Intensive Promo

Leave a Reply

Your email address will not be published.