Breaking News
Home / Latest News / സായിപ്പിന്റെ ആശുപത്രി പിറന്നു വീണ കുരുന്നുകളുടെ എണ്ണം 3 ലക്ഷം

സായിപ്പിന്റെ ആശുപത്രി പിറന്നു വീണ കുരുന്നുകളുടെ എണ്ണം 3 ലക്ഷം

മധ്യതിരുവിതാംകൂറിലെ ആദ്യകാല ആശുപത്രികളിലൊന്നായ തിരുവല്ല മെഡിക്കൽ മിഷനിൽ (സായിപ്പിന്റെ ആശുപത്രി) പിറന്നു വീണ കുരുന്നുകളുടെ എണ്ണം 3 ലക്ഷം പിന്നിട്ടു. ജനന നിരക്കിൽ പിന്നോട്ടു പായുന്ന ജില്ലയിൽ ടിഎംഎമ്മിലെ ജനന സംഖ്യ വേറിട്ടു നിൽക്കും. മൂന്നു തലമുറകൾക്കു വരെ ജന്മം നൽകിയതിന്റെ രേഖകളുണ്ടിവിടെ. അറിയപ്പെടാതെ പോയ തലമുറച്ചരടുകൾ വേറെയും കാണും. പിറന്നവരിൽ 16 പേർ ഇവിടെ തന്നെ ഡോക്ടർമാരാണ്. ആയിരത്തിലധികം ഇരട്ടകളും 200 ട്രിപ്പ്ലറ്റ്സും (ഒറ്റപ്രസവത്തിൽ മൂന്നു കുട്ടികൾ) പിറന്നു.

3 ലക്ഷം ജനനങ്ങൾ ആഘോഷമാക്കുകയാണ് ആശുപത്രി. ജന്മസുകൃതം എന്ന പേരിൽ ഒരു വർഷം നീളുന്ന ആഘോഷ പരിപാടിയിൽ ഗർഭിണികൾക്കും നവജാത ശിശുക്കൾക്കും പാക്കേജ് പ്രഖ്യാപിക്കും. 1935 ൽ തുടക്കമിട്ട ആശുപത്രി 84 വർഷങ്ങൾ പിന്നിടുമ്പോഴാണു കുട്ടികളുടെ എണ്ണം 3 ലക്ഷം തികച്ചിരിക്കുന്നത്. 28ന് ഉച്ചയ്ക്കു ശേഷം 3.25നു ജനിച്ച ഡിയോൺ ഡെന്നി ജോർജ് 3 ലക്ഷം പട്ടിക തികച്ചു.കുന്നന്താനം പട്ടണത്ത് പുത്തൻവീട്ടിൽ ഡെന്നിയുടെയും ജീനയുടെയും ആദ്യ കുട്ടിയാണ് ഡിയോൺ. 1935ൽ മലയാളിയായ ദിവാൻ ബഹാദൂർ ഡോ.വി.വർഗീസ് തുടങ്ങിയ ആശുപത്രിക്കു പക്ഷേ, സായിപ്പിന്റെ ആശുപത്രിയെന്ന് അറിയപ്പെടാനായിരുന്നു നിയോഗം.

ആശുപത്രി തുടങ്ങി 5 വർഷം കഴിഞ്ഞപ്പോൾ ഡോ. വർഗീസ് ആശുപത്രിയുടെ നടത്തിപ്പ് ഡോ. ആർ.എസ്.ചർച്ച്‌വുഡ് എന്ന വിദേശിയെ ഏൽപ്പിച്ചു. 25 വർഷം കഴിഞ്ഞു വിദേശ മിഷനറിമാർ രാജ്യം വിട്ടപ്പോൾ ആശുപത്രി ഭരണം വീണ്ടും മലയാളികൾ ഉൾപ്പെടുന്ന ട്രസ്റ്റിന്റെ കൈകളിലെത്തി. തിരുവല്ല മെഡിക്കൽ മിഷനെന്നു വലിയ അക്ഷരത്തിൽ എഴുതിയെങ്കിലും ജനങ്ങൾ ആശുപത്രിയെ സായിപ്പിന്റെ ആശുപത്രിയെന്നു സ്നേഹത്തോടെ വിളിച്ചു.

പ്രസവവിഭാഗവും വിഷ ചികിൽസയുമായിരുന്നു ആദ്യം മുതൽ ആശുപത്രിയുടെ മുഖമുദ്ര. ഡോ. ബ്രിയാൻ സ്മിത്ത് എന്ന വിദേശിയായിരുന്നു ആദ്യ ഗൈനക്കോളജിസ്റ്റ്. ഇപ്പോഴത്തെ ചെയർമാൻ ജോർജ് കോശി മൈലപ്ര ജനിച്ചതും ഇവിടത്തന്നെ. ഇവിടത്തെ നഴ്സുമാരിൽ നല്ലൊരു പങ്കും പിറന്നു വീണത് ഇവിടത്തെ പ്രസവ മുറിയിൽ.

1935 – 1951 ഇടയിലെ 16 വർഷത്തിനിടെ പിറന്നത് 93440 കുഞ്ഞുങ്ങൾ. ദിവസം ശരാശരി 16 ജനനം. 1953നും 1963നും ഇടയിൽ ശരാശരി ജനനം 13 ആയി കുറഞ്ഞു. 10 വർഷത്തിനിടെ പിറന്നത് 48,000 കുട്ടികൾ. 1963നും 2019നും ഇടയിൽ ശരാശരി ജനനം 8 ആയി കുറഞ്ഞു. 56 വർഷത്തിനിടെ പിറന്നത് 1,64,000 കുട്ടികൾ.

About Intensive Promo

Leave a Reply

Your email address will not be published.