Breaking News
Home / Latest News / മണിയറ നിറഞ്ഞ് മാഞ്ചസ്‌റ്റർ യുണൈറ്റഡ് അമ്പരന്നത് നവവധുവും

മണിയറ നിറഞ്ഞ് മാഞ്ചസ്‌റ്റർ യുണൈറ്റഡ് അമ്പരന്നത് നവവധുവും

ഓൾഡ് ട്രാഫഡിലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ട് പോലെയായിരുന്നു അരീക്കോട് തോട്ടുമുക്കം സ്വദേശി ഒ.റിയാസിന്റെ മണിയറ. കിടക്കവിരിയും തലയണയും എന്തിന് മുറിയിലെ അലമാര വരെ യുണൈറ്റഡ് പതാകയുടെ നിറത്തിൽ അലങ്കരിച്ചു. സീലിങ്ങിൽ മുറിയുടെ വലുപ്പത്തിൽ വിഖ്യാതമായ മാഞ്ചസ്റ്റർ മുദ്രയും വരച്ചുവച്ചു. വിവാഹം കഴിഞ്ഞു മണിയറയിലേക്കെത്തിയ നവവധു മുഫീദ ആദ്യമൊന്ന് അമ്പരന്നെങ്കിലും വരന്റെ ഫുട്ബോൾ ഭ്രാന്തിനെക്കുറിച്ച് അറിഞ്ഞിരുന്നതിനാൽ എല്ലാം സ്പോർട്സ്മാൻ സ്പിരിറ്റിലെടുത്തു.

ശനിയാഴ്ചയായിരുന്നു മുൻ കേരള അണ്ടർ 17 ഫുട്ബോൾ താരമായ റിയാസിന്റെ വിവാഹം. ചെറുപ്പം മുതലേ മാഞ്ചസ്റ്റർ യുണൈറ്റഡ് ഫുട്ബോൾ ടീമിന്റെ ‘കട്ട ഫാനായ’ റിയാസ് വിവാഹ ദിനത്തിലും ആരാധന മറച്ചുവച്ചില്ല. വീടിന്റെ മുൻവാതിൽ മുതൽ മണിയറ വരെ യുണൈറ്റഡിന്റെ ചുവന്ന പതാക പുതപ്പിച്ചു. ഇഷ്ട താരമായ ലയണൽ മെസ്സിയുടെ ഒരു ചിത്രം കൂടി മണിയറയിൽ വയ്ക്കാൻ റിയാസിനു മോഹമുണ്ടായിരുന്നു. പക്ഷേ കടുത്ത ബ്രസീൽ ആരാധകരായ കൂട്ടുകാർ ഈ നീക്കത്തിനു മാത്രം ബ്ലോക്കിട്ടു.

വിവാഹ ദിനത്തിൽ വീട്ടിലേക്കെത്തിയ അതിഥികളെ സ്വീകരിച്ചതും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഹോം, എവേ ജഴ്സികളാണ്. യുണൈറ്റഡിന്റെ ചുവന്ന ജഴ്സിയിൽ റിയാസിന്റെ പേരെഴുതിയപ്പോൾ വെള്ള നിറത്തിലുള്ള എവേ ജഴ്സിയിൽ നിറഞ്ഞത് വധു മുഫീദയുടെ പേരാണ്. വിവാഹത്തീയതിയായ 27 ആയിരുന്നു ജഴ്സി നമ്പർ. വിവാഹച്ചടങ്ങിൽ യുണൈറ്റഡ് ജഴ്സി അണിയാൻ ആദ്യം തീരുമാനിച്ചെങ്കിലും പിന്നീട് ഒഴിവാക്കുകയായിരുന്നെന്നു റിയാസ് പറഞ്ഞു.

കുവൈത്തിൽ ജോലി ചെയ്യുന്ന റിയാസ് നാട്ടിലെ സെവൻസ് ഫുട്ബോൾ ടൂർണമെന്റിലെ സ്ഥിരം സാന്നിധ്യമാണ്. അണ്ടർ 17 ദേശീയ മത്സരത്തിൽ കേരള ടീമിൽ അംഗമായിരുന്നു. നാട്ടിലെ പ്രമുഖ ടീമുകൾക്കു വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്. കുവൈത്ത് മലയാളി ഫുട്ബോൾ ലീഗിൽ മലപ്പുറം ബ്രദേഴ്സ് ടീമിൽ അംഗവുമാണ്.

About Intensive Promo

Leave a Reply

Your email address will not be published.