നല്ല ഉത്പാദനം കിട്ടുന്ന വള്ളികളിൽനിന്നും ഒരുവർഷം പ്രായമായ ചെറുമുകുളങ്ങളോടുകൂടിയ ശിഖരങ്ങൾ, രണ്ടുമുതൽ നാലുവരെ ഇലകളോടുകൂടി മുറിച്ചെടുത്ത് ഏകദേശം 2 മുതൽ 3 മിനിട്ടുവരെ ദശാംശം രണ്ടു ശതമാനം (2ഗ്രാം ഒരുലിറ്റർ വെള്ളത്തിൽ) വീര്യമുള്ള കോപ്പർ ഓക്സിക്ലോറൈഡ് ലായനിയിൽ ഇട്ടുവെക്കുക.
ഇതിൽനിന്നും ശിഖരങ്ങളെടുത്ത് മൂർച്ചകൂടിയ കത്തി ഉപയോഗിച്ച് അടിഭാഗം ചെരിച്ച് മുറിച്ച്, IBA അതല്ലെങ്കിൽ NAA, 100 മുതൽ 200 പി.പി.എം.വരെ വീര്യമുള്ള ഹോർമോണ്‍ ലായനിയിൽ മുറിച്ചഭാഗം മുക്കിയെടുക്കുക. ഇങ്ങനെ തയ്യാറാക്കിയ കമ്പുകൾ ഒരുവർഷമെങ്കിലും പഴക്കമുള്ളതും കഴുകി കറകളഞ്ഞതുമായ ചകിരിച്ചോറ് 45 X 30 സെൻറീമീറ്റർ വലുപ്പത്തിലുള്ള പോളിത്തീൻ കവറിൽ ഉദ്ദേശം 200ഗ്രാം വീതം നിറച്ച് അതിൽ ഒരു കമ്പെങ്കിലും മൂടത്തക്കവണ്ണം താഴ്ത്തിവെക്കുക.
ഒരു കവറിൽ ഇങ്ങനെ നാലോ അഞ്ചോ കമ്പുകൾ വെക്കാവുന്നതാണ്. ഇങ്ങനെ തയ്യാറാക്കിയ കവറുകൾ വായ കെട്ടിയശേഷം തണലിൽ കെട്ടി തൂക്കി ഇടുക. ഏകദേശം 30 മുതൽ 40 ദിവസം കഴിയുമ്പോഴേക്കും വേരുകൾ കണ്ടുതുടങ്ങും. ഈ സമയത്ത് കവർ തുറന്ന് നഴ്സറി മിശ്രിതം (മണ്ണ്, മണൽ, ഉണങ്ങിയ ചാണകപ്പൊടി എന്നിവ തുല്യ അനുപാതത്തിൽ കൂട്ടിക്കലർത്തിയത്) നിറച്ചു ചെറിയ പോളിത്തീൻ കവറുകളിലേക്ക് (15×10സെ.മീ.) മാറ്റി നടുക.
ഇവ ഒന്നോരണ്ടോ മാസം കഴിയുമ്പോഴേക്കും നല്ല വേരുകളുള്ള കുറ്റിക്കുരുമുളക് തൈകളായി വളരുന്നു. ഇത്തരത്തിൽ കുറ്റികുരുമുളക് തൈ വർഷം മുഴുവനും ഉത്പാദിപ്പിക്കാമെങ്കിലും, സെപ്റ്റംബർ മുതൽ ജനുവരി വരെയുള്ള മാസങ്ങളാണ് കുറ്റി കുരുമുളക് തൈകൾ ഉത്പാദിപ്പിക്കാൻ ഏറ്റവും അനുയോജ്യമായ സമയം (90 മുതൽ 95 ശതമാനം വരെ വിജയപരമാവുന്നത്). ഇങ്ങനെ ഉത്പാദിപ്പിക്കുന്ന തൈകൾ ചട്ടികളിലും പറമ്പിലും നടാവുന്നതാണ്.
ടെറസ്സിൽ അഥവാ ചട്ടിയിൽ നടേണ്ട വിധം ആദ്യം പറഞ്ഞ രീതിയിൽ തയ്യാറാക്കിയ കുറ്റിക്കുരുമുളക് ചെടികൾ ഏകദേശം പത്തുകിലോ പോട്ടിംഗ് മിശ്രിതം (മണ്ണ്, മണൽ, ചാണകം എന്നിവ തുല്യ അളവിൽ കൂട്ടിക്കലർത്തിയത്) നിറയ്ക്കാവുന്ന ചട്ടികളിലേക്ക് മാറ്റിനടുക.
നട്ടതിൻറെ മേലെ ചപ്പ് വെച്ച് ദിവസേന രണ്ടുനേരം നനയ്ക്കുക. ഇവ രണ്ടാഴ്ചയെങ്കിലും തണലിൽ വെക്കേണ്ടതാണ്. ഈ ചട്ടികൾ മുറ്റത്തോ, ടെറസ്സിനു മുകളിലോ വെച്ച് പരിപാലിക്കാവുന്നതുകൊണ്ട് കുടിൽ-കൊട്ടാരം വ്യത്യാസമില്ലാതെ എല്ലാ വീട്ടമ്മമാർക്കും വളർത്തി അടുക്കളയിലേക്കാവശ്യമുള്ള കുരുമുളക് ഉത്പാദിപ്പിക്കാവുന്നതാണ്. കാലഭേദമില്ലാതെ ഇവ പൂക്കുന്നതുകൊണ്ട് എല്ലായ്പ്പോഴും പച്ച കുരുമുളക് കിട്ടുന്നതാണ്. മത്സ്യകറിയിലും മറ്റും പച്ചക്കുരുമുളക് ഉപയോഗിച്ചാൽ അതിന് നല്ല രുചി കിട്ടും.
ഇങ്ങനെ എല്ലാവരും സ്വന്തം ആവശ്യത്തിനുള്ള കുരുമുളക് ഉത്പാദിപ്പിച്ചാൽ നമ്മുടെ വലിയ വലിയ കൃഷിക്കാർ ഉത്പാദിപ്പിക്കുന്ന കുരുമുളക് നമുക്ക് വിദേശങ്ങളിലേക്ക് കയറ്റിഅയച്ച് ധാരാളം വിദേശനാണ്യം നേടാവുന്നതാണ്. പരിപാലനം ഒരു ചട്ടിക്ക് രണ്ടുമാസത്തിലൊരിക്കൽ 1ഗ്രാം നൈട്രജൻ, 0.5ഗ്രാം ഭാവഹം, 2ഗ്രാം ക്ഷാരം(2ഗ്രാം യൂറിയ, 3ഗ്രാം സൂപ്പർ ഫോസ്ഫേറ്റ്, 3ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ കൂട്ടിക്കലർത്തി ഒരു ടീസ്പൂണ്‍) എന്നതോതിൽ വളം ചെയ്യാവുന്നതാണ് എന്ന് സുഗന്ധവിള ഗവേഷണ കേന്ദ്രത്തിൽ നടത്തിയ പഠനം തെളിയിക്കുന്നു.
രാസവളത്തിനു പകരമായി 15ഗ്രാം അഥവാ ഒരു ടേബിൾസ്പൂണ്‍ കടലപ്പിണ്ണാക്ക് ചേർത്താലും മതിയാവുന്നതാണ്. ഇങ്ങനെ വളം ചെയ്തപ്പോൾ മൂന്നുവർഷം പ്രായമായ കുറ്റികുരുമുളക് നട്ട ഒരു ചട്ടിയിൽനിന്നും പന്നിയൂർ-കരിമുണ്ട എന്ന വ്യത്യാസമില്ലാതെ ചട്ടി ഒന്നിന് രണ്ടാംവർഷം മുതൽ 465ഗ്രാം കുരുമുളകുവരെ കിട്ടുന്നതായി കണ്ടു. മഞ്ഞളിപ്പ് രോഗം കാണുകയാണെങ്കിൽ ദശാംശം രണ്ടു ശതമാനം വീര്യമുള്ള കോപ്പർ ഓക്സിക്ലോറൈഡ് ലായനി ചട്ടിക്ക് 100 മില്ലീലിറ്റർ എന്നതോതിൽ കൊടുക്കാവുന്നതാണ്.
ഒരു ചട്ടി കുരുമുളക് തൈ ഇങ്ങനെ വളർത്താൻ ഏകദേശം 30 രൂപ മാത്രമേ ചെലവ് വരികയുള്ളൂ. പിന്നീട് പരിപാലനത്തിന് ഒരു ഭാരിച്ച ചെലവ് വരാത്തതുകൊണ്ട് ഒരു ചട്ടിയിൽനിന്ന് പറിച്ചെടുക്കുന്ന കുരുമുളകിൻറെ വില കൂട്ടിനോക്കിയാൽ ഇത് വളരെ ലാഭകരമാണ്.