അടങ്ങാത്ത കാമം ശമിപ്പിച്ചതിന്റെ ആത്മനിർവൃതിയിലായിരുന്നു അവൻ.അതിന്റെ കിതപ്പ് മാറ്റാനെന്നോണം അവൻ ഏസി യുടെ തണുപ്പ് ഒന്നുകൂടെ കൂട്ടി.
പെട്ടന്ന് കൂടിയ തണുപ്പ് തന്റെ നഗ്നശരീരത്തെ മരവിപ്പിക്കുന്നത് പോലെ തോന്നിയ അവൾ പുതപ്പെടുത്ത് അവന്റെ പാതി ദേഹത്തേക്കിട്ടിട്ട് അവൾ അതിനുള്ളിലേക്ക് കയറി അവന്റെ നെഞ്ചിൽ തല ചായ്ച്ചു കിടന്നു.മൂന്നാഴ്ച്ച കഴിയുന്നതേ ഉള്ളൂ ഇന്ദുവിന്റെയും ഗോപന്റെയും വിവാഹം കഴിഞ്ഞിട്ട്.കണ്ടമാത്രയിൽ തന്നെ ഇഷ്ടപ്പെട്ടത് കൊണ്ടാണ് മറ്റൊന്നും ആലോചിക്കാതെ അവൻ അവളെ സ്വന്തമാക്കിയത്.അവന്റെ അച്ഛനും അമ്മയ്ക്കും അവളെ അവനേക്കാളേറെ ഇഷ്ടമായിരുന്നു.
‘ഒരുപാട് തവണ ഒരു പെണ്ണിനോടൊപ്പം കിടക്ക പങ്കിട്ടാൽ ഏതൊരാണിനും അവളെ മടുക്കുമെന്നും അവളെ ഉപേക്ഷിച്ച് മറ്റൊരു പെണ്ണിനെ തേടിപോകുമെന്നും ഞാൻ കേട്ടിട്ടുണ്ട്.അങ്ങനെയെങ്കിൽ ഏട്ടന് എന്നെ മടുക്കുമോ??എന്നെ ഉപേക്ഷിച്ചോ അല്ലാതെയോ മറ്റൊരു പെണ്ണിനെ തേടി പോകുമോ??’
അവൻ നേരത്തെ കീഴടക്കിയ ആ സുഖത്തിന്റെ തീജ്വാലകൾ അണയ്ക്കാനുള്ള ശക്തി ആ വാക്കുകൾക്കുണ്ടായിരുന്നു.ആ ചോദ്യത്തിന് അവൾക്ക് ലഭിച്ചത് അവന്റെ മറുചോദ്യമായിരുന്നു.
‘അങ്ങനെ പെണ്ണിനെ ഉപേക്ഷിച്ചു പോയ ഏതാണിനെ പറ്റിയാ നീ കേട്ടിട്ടുള്ളത്’
‘എന്റെ അച്ഛൻ’
ഇത്തവണ അവൻ ഉരുകിയില്ലാതെയായി.അവളിൽ നിന്ന് ഇങ്ങനെയൊരു ഉത്തരം അവൻ പ്രതീക്ഷിച്ചില്ലായിരുന്നു.
അവളുടെ കണ്ണുനീര് അവന്റെ ശരീരത്തെ ചുട്ടുപൊള്ളിക്കുന്നത് പോലെ തോന്നി അവന്.
‘ഇന്ദൂ…….’
‘അതെ,ഏട്ടാ……. എന്റെ അച്ഛൻ മരിച്ചതല്ല,അങ്ങനൊരു കള്ളം പറഞ്ഞതാണ്.രണ്ട് വർഷം കഴിഞ്ഞപ്പോഴേക്കും അമ്മയെ മടുത്ത അച്ഛൻ അമ്മയെയും ഒപ്പം എന്നെയും ഉപേക്ഷിച്ചു പോകുവായിരുന്നു,മറ്റൊരു സ്ത്രീയിൽ സുഖം തേടി.’
അവൻ എന്ത് പറയണം എന്നറിയാതെ കുഴങ്ങി.വാക്കുകൾ അവന്റെ തൊണ്ടയിൽ അലിഞ്ഞുപോയി.അവൻ അവളുടെ മുഖം ഇരുകൈകളും കൊണ്ട് കോരിയെടുത്തു,അവളുടെ കണ്ണുകളിലേക്ക് നോക്കി.അവളുടെ ആ കറുപ്പ് നിറമുള്ള കൃഷ്ണമണി കണ്ണുനീരിനാൽ മൂടിയിരിക്കുന്നു.വെള്ളാരം കണ്ണുള്ള അവന് കറുപ്പ് കണ്ണുള്ള ഒരു പെണ്ണിനെ തന്നെ കെട്ടണം എന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു.ഇന്ദുവിനെ പെണ്ണുകാണാൻ ചെന്നപ്പോൾ ആദ്യം നോക്കിയത് അവളുടെ കണ്ണുകളിലേക്കാണ്. കറുത്ത കൃഷ്ണമണിക്ക് അഴകേറാൻ എഴുതിയ കണ്മഷി കലങ്ങിയിരുന്നു.
‘പെണ്ണിനെ ആണിന് മടുക്കുന്നത് അവളോട് ഉള്ള വികാരം കാമം മാത്രമായി ഒതുങ്ങുമ്പോഴാണ്….പക്ഷെ ഗോപന് ഇന്ദുവിനോട് വെറും കാമം മാത്രമല്ല ഉള്ളത്,അതിനപ്പുറം അവന്റെ ഭാര്യയോടുള്ള അതിയായ സ്നേഹവും വാത്സല്യവും വിശ്വാസവും എല്ലാം ഉണ്ട്.എന്റെ പ്രാഥമിക ആവശ്യം കാമസാഫല്യം അല്ല.എല്ലാകാര്യത്തിനും എനിക്കൊരു കൂട്ടും താങ്ങുമാണ്. എന്റെ ഇന്ദുവിന് അതിന് സാധിക്കില്ലേ??’
അതിന് മറുപടി ആയി അവൾക്ക് അവനെ വാരിപ്പുണരാനെ കഴിഞ്ഞുള്ളൂ…..